Thursday, September 20, 2012

എന്‍ഡോസള്‍ഫാന്‍: റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍


എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിതല സംഘം ചൊവ്വാഴ്ച കാസര്‍കോട്ടെത്തി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സാമൂഹ്യക്ഷേമമന്ത്രി എം കെ മുനീര്‍, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, കൃഷിമന്ത്രി കെ പി മോഹനന്‍ എന്നിവരായിരുന്നു സംഘത്തില്‍. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പിന്നീട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അടുത്ത മന്ത്രിസഭാ യോഗത്തില്‍ വയ്ക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മന്ത്രിതലസംഘം കാസര്‍കോട്ടെത്തിയത്. എംപി, എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദുരന്തബാധിതമായി പ്രഖ്യാപിച്ച 11പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സംഘടനാപ്രതിനിധികള്‍ എന്നിവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങളും പി കരുണാകരന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ആവശ്യങ്ങളും ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക. 18 ആവശ്യങ്ങള്‍ അടങ്ങുന്ന നിര്‍ദേശമാണ് എംപി എഴുതിനല്‍കിയിട്ടുള്ളത്. ജില്ലാതല സെല്‍ സംഘടിപ്പിച്ച ദേശീയ ശില്‍പശാലയുടെ തീരുമാനങ്ങളുടെ കോപ്പിയും മന്ത്രിമാര്‍ക്ക് നല്‍കി.

മനുഷ്യവകാശ കമീഷന്‍ നിര്‍ദേശിച്ച സാമ്പത്തികസഹായം നല്‍കാനായി ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം വീണ്ടും ചര്‍ച്ചയായത്. അര്‍ഹരായ മഹാഭൂരിപക്ഷത്തെയും ഒഴിവാക്കി തയ്യാറാക്കിയ ലിസ്റ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്നു. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതില്‍ മനംനൊന്ത് ബെള്ളൂരിലെ ജാനുനായ്ക്ക് ആത്മഹത്യ ചെയ്തതോടെ പ്രശ്നം രൂക്ഷമായി. അപൂര്‍ണവും അശാസ്ത്രീയവുമായ ലിസ്റ്റിനെതിരെ പി കരുണാകരന്‍ എംപിയും മറ്റുജനപ്രതിനിധികളും വിവിധ സംഘടനകളും രംഗത്തുവന്നു. നിലവിലുള്ള ലിസ്റ്റിലെ മുഴുവനാളുകള്‍ക്കും സഹായം കൊടുക്കണമെന്നും അടുത്തകാലത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയവരെക്കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എംപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സമരരംഗത്തേക്ക് വന്നു.

ദുരന്തബാധിതര്‍ക്കായി ജില്ലയില്‍ 5.6 കോടിയുടെ "തേജസ്വിനി" എന്ന ആരോഗ്യ പുനരധിവാസപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ്, ആര്‍സിസി എന്നിവിടങ്ങളില്‍ ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതിന് പുറമേ അങ്കമാലിയിലെ കണ്ണാശുപത്രി, മംഗളൂരു കെഎംസി ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ ലഭ്യമാക്കും. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ന്യൂറോളി, നെഫ്രോളജി, ക്യാന്‍സര്‍ എന്നിവക്കായി ക്ലിനിക്ക് ആരംഭിക്കും. ചികിത്സാ ആവശ്യത്തിനായി എന്‍ആര്‍എച്ച്എമ്മിന്റെ അത്യാധുനിക സജ്ജീകരത്തോടെയുള്ള ആംബുലന്‍സുകള്‍ ജില്ലക്ക് നല്‍കും.

deshabhimani 200912

No comments:

Post a Comment