Saturday, September 22, 2012

സാങ്കേതികത്വം പിടിമുറുക്കി; ആദിവാസി ധനസഹായം ഫയലില്‍


സാങ്കേതികത്വത്തിന്റെ പേരില്‍ ജില്ലയിലെ ഏറ്റവും വലിയ പണിയകോളനിയിലെ കുടുംബങ്ങള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ധനസഹായം ഒരുവര്‍ഷമായിട്ടും ലഭിച്ചില്ല. പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പം കൊട്ടമുരട്ട് കോളനിയിലെ 31 കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ഭൂമിയില്‍ പ്രവേശിക്കാന്‍പോലും കഴിയാതെ കഷ്ടപ്പെടുന്നത്.

2011 നവംബറില്‍ മുന്‍ഭഭരണസമിതിയുടെ കാലത്താണ് കോളനിയില്‍ നിന്നുള്ള അറുപതോളം പേരെ ഭഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വാങ്ങല്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. റേഷന്‍കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുകളും മുത്തങ്ങ സംഭവത്തില്‍ നഷ്ടപ്പെട്ടതോടെ ഗുണഭോക്താവായി തെരഞ്ഞെടുത്തവര്‍ക്ക് അപേക്ഷപോലും നല്‍കാന്‍ കഴിയാതായി. ഇവരുടെ സഹായത്തിന് ആരും എത്തിയതുമില്ല. എന്നാല്‍ പുതിയ ഭഭരണസമിതി നിലവില്‍ വന്നതോടെ കോളനിക്കാരുടെ സ്ഥിതിഗതികള്‍ മനസിലാക്കിയ പഞ്ചായത്തംഗം സ്വന്തം ചെലവില്‍ കോളനിക്കാരുടെ തിരിച്ചറിയല്‍ രേഖകളും മറ്റും സംഘടിപ്പിച്ച് അപേക്ഷകള്‍ നല്‍കുകയായിരുന്നു. കോളനിയോട് ചേര്‍ന്നുകിടക്കുന്ന 10ഉം,15ഉം വര്‍ഷമായി കൈവശംവച്ചും അനുഭവിച്ചും വരുന്നവരുടെ പക്കല്‍നിന്നാണ് കോളനിക്കാര്‍ക്കായി ഭൂമി വാങ്ങിയത്. 2011 നവംബറില്‍ 34 പേരുടെയും പേരില്‍ നാല് സെന്റ് വീതം സ്ഥലം രജിസ്റ്റര്‍ചെയ്യുകയും ചെയ്തു. പഞ്ചായത്ത് മുഖേന 85000 രൂപയാണ് ഒരു വ്യക്തിക്ക് അനുവദിച്ചത്. നിലവില്‍ ഉള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവര്‍ക്ക് ഭൂമി കിട്ടിയത്. എന്നാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച ആളുകള്‍ക്ക് വഴിയില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് 31 പേരുടെ പണം തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍ ഇവരോടൊപ്പം രജിസ്ട്രഷന്‍ പൂര്‍ത്തീകരിച്ച മൂന്നുപേര്‍ക്ക് വഴിയില്ലാത്ത സ്ഥലത്തിന് 85,000രൂപ വീതം നല്‍കുകയുംചെയ്തു. നിയമം എല്ലാവര്‍ക്കും ബാധകമായി കാണേണ്ട പഞ്ചായത്ത് അധികൃതര്‍ പലര്‍ക്കും പല രീതിയിലാണ് നിയമം നടപ്പിലാക്കുന്നത്.

പണം നല്‍കാത്തത് മൂലം കോളനിയിലെ 31 കുടുംബങ്ങള്‍ ഏതുസമയത്തും നിലം പൊത്താറായ കുടിലുകളില്‍ കഴിയുകയാണ്. കോളനിയിലെ പല വീടുകള്‍ക്കും മേല്‍ക്കൂര പോലുമില്ല. മഴയും വെയിലുമേറ്റ് കുഞ്ഞുങ്ങളടക്കം ഇവിടെ കഴിയുകയാണ്. അനുവദിച്ച തുക തടസ്സമില്ലാതെ ലഭിച്ചിരുന്നെങ്കില്‍ 31 കുടുംബങ്ങള്‍ക്കും സ്വന്തമായി ലഭിച്ച സ്ഥലത്ത് വീട് പണിയും പൂര്‍ത്തീകരിക്കാമായിരുന്നു. പഞ്ചായത്ത് അധികൃതരുടെ മാത്രം പിടിവാശിമൂലം ജില്ലയിലെ ഏറ്റവും വലിയ പണിയ കോളനിയിലെ 31 കുടുംബങ്ങള്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ നരകിക്കുകയാണ്. തങ്ങളുടെ ഇടയില്‍ നിന്നുള്ളയാള്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടും ന്യായവും സത്യവുമായ കാര്യങ്ങള്‍കൂടി ചെയ്ത് തരാത്തതില്‍ കോളനി വാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ മനുഷ്യാവകാശകമീഷന് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ്.

deshabhimani 220912

1 comment:

  1. സാങ്കേതികത്വത്തിന്റെ പേരില്‍ ജില്ലയിലെ ഏറ്റവും വലിയ പണിയകോളനിയിലെ കുടുംബങ്ങള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ധനസഹായം ഒരുവര്‍ഷമായിട്ടും ലഭിച്ചില്ല. പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പം കൊട്ടമുരട്ട് കോളനിയിലെ 31 കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ഭൂമിയില്‍ പ്രവേശിക്കാന്‍പോലും കഴിയാതെ കഷ്ടപ്പെടുന്നത്.

    ReplyDelete