Thursday, September 20, 2012

തൂത്തുക്കുടി തുറമുഖം ഉപരോധിക്കാന്‍ നീക്കം


കൂടംകുളം ആണവവിരുദ്ധ സമരത്തിന്റെ ഭാവിരൂപത്തെപ്പറ്റി വ്യാഴാഴ്ച അന്തിമതീരുമാനമുണ്ടാകും. സമരത്തിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ രാമേശ്വരം, കന്യാകുമാരി, തൂത്തുക്കുടി തീരങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളി നേതാക്കള്‍ ബുധനാഴ്ച കൂടംകുളത്ത് ചര്‍ച്ച നടത്തി. കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സമരസമിതി നേതാവ് എസ് പി ഉദയകുമാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. യന്ത്രവല്‍കൃത ബോട്ടുകളുപയോഗിച്ച് തൂത്തുക്കുടി തുറമുഖം ഉപരോധിക്കാനാണ് പ്രക്ഷോഭകരുടെ അടുത്ത നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കൂടംകുളം അണവനിലയത്തിന്റെ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്ന കരാറുകാരന്റെ വാഹനം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രക്ഷോഭകരാണ് ഇതിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ആണവനിലയത്തിന്റെ കെട്ടിട നിര്‍മാണ ജോലികള്‍ ഏറ്റെടുത്തുചെയ്യുന്ന സുബ്രഹ്മണ്യന്റെ കാര്‍ വീടിനു മുന്നിലാണ് കത്തിയ നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ കണ്ടത്. അണവിരുദ്ധസമിതി സമരക്കാരെ നേരിടാന്‍ പത്തിന് ഇടിന്തിക്കരെയിലെ പള്ളിയില്‍ പൊലീസ് കടന്നുകയറിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ക്രിസ്ത്യന്‍ വൈദികരും സമുദായാംഗങ്ങളും ചെന്നൈയില്‍ ഉപവാസം നടത്തി. ഇടിന്തിക്കരെയിലെ സെന്റ് ലൂര്‍ദ് പള്ളിയില്‍ അതിക്രമിച്ചു കടന്ന പൊലീസ് മതവിശ്വാസികളെ അപമാനിച്ചെന്ന് മദ്രാസ്-മൈലാപ്പുര്‍ ആര്‍ച്ച് ബിഷപ് എ വി ചിന്നപ്പ പറഞ്ഞു. പള്ളിയിലെ വസ്തുവകകള്‍ നശിപ്പിച്ച പൊലീസുകാര്‍ക്കും പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ മേലുദ്യോഗസ്ഥര്‍ക്കും എതിരെ നടപടി എടുക്കണമെന്ന് നിരാഹാരമനുഷ്ഠിച്ച വൈദികര്‍ ആവശ്യപ്പെട്ടു.

deshabhimani 200912

No comments:

Post a Comment