Thursday, January 10, 2013

പാചകവാതകത്തിന് 130 രൂപ കൂട്ടും


ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി വീണ്ടും വെട്ടിക്കുറച്ച് വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് മൂന്ന് മാസം കൊണ്ട് 130 രൂപ വര്‍ധിപ്പിക്കും. ഡീസലിന് ഓരോ മാസവും ഒന്നര രൂപ വച്ച് വര്‍ധിപ്പിച്ച് മൂന്നു മാസത്തിനകം നാലര രൂപ കൂട്ടും. 2015നകം മണ്ണെണ്ണ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാന്‍ മൂന്നു മാസം കൂടുമ്പോള്‍ ഒരു രൂപയോ മാസംതോറും 35 പൈസയോ വില കൂട്ടാനും നിര്‍ദേശിക്കുന്നു. പെട്രോളിയം മന്ത്രാലയം തയ്യാറാക്കിയ കുറിപ്പ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു.

ഡീസല്‍ സബ്സിഡി 2014-15 സാമ്പത്തികവര്‍ഷമാകുമ്പോഴേക്ക് പൂര്‍ണമായും ഇല്ലാതാക്കാനും മണ്ണെണ്ണ സബ്സിഡി ഒരു വര്‍ഷംകൊണ്ട് മൂന്നിലൊന്ന് (10 രൂപ) വെട്ടിക്കുറയ്ക്കാനും പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചു. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് അവയുടെ വില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം. മാര്‍ച്ച് 31നു മുമ്പ് 130 രൂപയുടെ വര്‍ധന 65 രൂപ വീതമുള്ള രണ്ട് തവണകളായി നടപ്പാക്കാമെന്നും നിര്‍ദേശിക്കുന്നു. സബ്സിഡികള്‍ കുറയ്ക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് എടുക്കേണ്ടത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് സബ്സിഡിയോടെ 439.50 രൂപയാണ് വില. സബ്സിഡി ഇല്ലെങ്കില്‍ 895.50 രൂപയാകും. സബ്സിഡിയായി ഇപ്പോള്‍ നല്‍കുന്ന 455 രൂപ മൂന്നു വര്‍ഷംകൊണ്ട് പൂര്‍ണമായി ഇല്ലാതാക്കാനാണ് നിര്‍ദേശം.
(വി ജയിന്‍ )

deshabhimani 100113

No comments:

Post a Comment