Thursday, January 10, 2013
ധൂര്‍ത്തടിച്ച് വീണ്ടുമൊരു പ്രവാസി സമ്മേളനം
: കൈനിറയെ വിദേശനാണ്യം സമ്പാദിച്ച് എവിടെ നിക്ഷേപിക്കണമെന്ന് അന്വേഷിച്ചു നടക്കുന്നവര്‍ മാത്രമാണോ പ്രവാസികള്‍? മൂന്നുദിവസത്തെ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ കൈയിലെ പണംമുടക്കി ഗള്‍ഫില്‍നിന്നു വന്ന മലബാറുകാരന്‍ പ്രവാസിയുടേതാണ് ചോദ്യം. പ്രധാനമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത മഹാസമ്മേളനത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ഒരു പ്രഖ്യാപനംപോലും ഉണ്ടായില്ല. കഴിഞ്ഞ 10 സമ്മേളനത്തിലും പ്രവാസികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചതു മിച്ചം.
പ്രവാസികളിലെ വരേണ്യര്‍ക്കുമാത്രം ഗുണംചെയ്യുന്ന നിക്ഷേപ അവസരങ്ങളുംആനുകൂല്യവും പ്രഖ്യാപിക്കാനല്ലാതെ എന്തിനാണ് ഈ ധൂര്‍ത്തും മാമാങ്കവും എന്ന ചോദ്യവും പ്രവാസികളിലെ ഒരുവിഭാഗം ഉന്നയിക്കുന്നു. രണ്ടായിരത്തോളം പ്രവാസികളാണ് പ്രവാസി ഭാരതീയ ദിവസിന്റെ 11-ാം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ലോകമാകെയുള്ള ഇന്ത്യന്‍ പ്രവാസിസമൂഹത്തിന്റെ പരിച്ഛേദമായി ഈ ആള്‍ക്കൂട്ടം മാറിയില്ല. 15,000 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കുന്ന ആര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നതിനാല്‍, പണവും സൗകര്യവുമുള്ളവരും ഇടിച്ചുകയറി. പ്രവാസിസംഘടനകളുടെ കൃത്യമായ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും പ്രവാസിവകുപ്പും ശ്രമിച്ചില്ല. കേന്ദ്ര പ്രവാസിവകുപ്പുമായി നല്ല ചേര്‍ച്ചയിലല്ലാത്ത കേരളത്തിലെ നോര്‍ക്ക അപ്പാടെ സമ്മേളനത്തില്‍ നിന്ന്് വിട്ടുനിന്നു. സമ്മേളനത്തില്‍ ഗള്‍ഫ് പ്രവാസികള്‍ക്കായുള്ള സെഷനില്‍ ഗള്‍ഫില്‍ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയായില്ലെന്ന് മലബാര്‍ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ഇടക്കുനി പറഞ്ഞു. ആ വിഭാഗത്തില്‍പ്പെട്ടവരാരും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല.
ഗള്‍ഫ്നാടുകളിലെ പതിനായിരക്കണക്കിനു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 18-20 മണിക്കൂര്‍ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട്. നൂറുകണക്കിനു മലയാളികള്‍ ജയിലുകളില്‍ കഴിയുന്നു. പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ ആശ്രയമില്ലാതെ കഴിയുന്നു. ഇവരുടെ പ്രശ്നങ്ങളൊന്നും ചര്‍ച്ചയായില്ല. ധനിക പ്രവാസികളുടെ കൂട്ടായ്മ മാത്രമായി പ്രവാസി ദിവസ് മാറിയെന്നും ഇടക്കുനി പറഞ്ഞു. പ്രവാസികളുടെ പണം എവിടെ നിക്ഷേപിക്കാമെന്നതിനാണ് സമ്മേളനം ഊന്നല്‍ നല്‍കിയതെന്ന ആക്ഷേപവും ഉയര്‍ന്നു.
ഗള്‍ഫ്നാടുകളിലെ തൊഴില്‍മേഖലയെ പരിചയപ്പെടുത്തുന്ന സെഷനുകളൊന്നും ഉണ്ടായില്ല. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരെല്ലാം പങ്കെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അതും ഉണ്ടായില്ല. സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യത ചര്‍ച്ചചെയ്യുന്ന സെഷന്‍ ശൂന്യമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പറഞ്ഞു പഴകിയ കുറെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തി. ദീര്‍ഘമായ പ്രസംഗത്തില്‍ പേരിനുപോലും ഒരു പ്രഖ്യാപനം ഉണ്ടായില്ല. കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ പ്രസംഗവും സമ്പന്ന പ്രവാസിവിഭാഗത്തിന്റെമാത്രം പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ്പോരിനും പ്രവാസി ദിവസ് വേദിയായി. വയലാര്‍ രവി മുഖ്യകാര്‍മികനായ സമ്മേളനത്തിന്റെ ആദ്യവസാനക്കാരനായി മുഖ്യമന്ത്രി പങ്കെടുത്തപ്പോള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എ നിശ്ചയിച്ച പരിപാടിയില്‍പ്പോലും പങ്കെടുത്തില്ല.
deshabhimani 10013
Labels:
പ്രവാസി
Subscribe to:
Post Comments (Atom)
No comments:
Post a Comment