Sunday, January 20, 2013

കേന്ദ്ര നിയമം നടപ്പാക്കിയാല്‍ 70 ശതമാനം സംഘങ്ങളും പൂട്ടും


സഹകരണ ജീവനക്കാരുടെ സമ്മേളനത്തിന് ഉജ്വല തുടക്കം

ചേര്‍ത്തല: കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ട പ്രതിജ്ഞയുമായി കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനത്തിന് കെ ജി പവിത്രന്‍ നഗറില്‍ (ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്എസ്എസ്) സമുജ്ജല തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. മുന്‍ സഹകരണമന്ത്രി ജി സുധാകരന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി മനോഹരന്‍ അധ്യക്ഷനായി. കെ പ്രസാദ് സ്വാഗതം പറഞ്ഞു. സി ബി ഷാജികുമാര്‍ രക്തസാക്ഷി പ്രമേയവും ആര്‍ രവീന്ദ്രന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, ആര്‍ നാസര്‍, ഏരിയ സെക്രട്ടറി എ എസ് സാബു, എസ് ബാഹുലേയന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി പി കെ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എസ് മധുസൂദനന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഇ വി അജിത്കുമാര്‍ കണക്കും അവതരിപ്പിച്ചു. സമ്മേളന നടത്തിപ്പിനായി ഡി മനോഹരന്‍, അല്ലി മാത്യൂ, എന്‍ ആര്‍ സോമന്‍പിള്ള എന്നിവരടങ്ങിയ പ്രസീഡിയത്തെ തെരഞ്ഞെടുത്തു. പ്രമേയകമ്മിറ്റി കണ്‍വീനറായി ആര്‍ രവീന്ദ്രന്‍, ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനറായി പി ബി ഷാജികുമാര്‍, മിനിട്സ് കമ്മിറ്റി കണ്‍വീനറായി ജി കാര്‍ത്തികേയന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ വൈസ്പ്രസിഡന്റ് ജി കാര്‍ത്തികേയന്‍ അധ്യക്ഷനായി. എ എം ആരീഫ് എംഎല്‍എ ഉപഹാരങ്ങള്‍ നല്‍കി. വൈകിട്ട് നാലിന് താലൂക്കാഫീസിന് സമീപത്തുനിന്നും ആരംഭിച്ച പൊതു പ്രകടനത്തില്‍ സഹകരണ മേഖലയിലെ നൂറുകണക്കിന് ജീവനക്കാര്‍ പങ്കെടുത്തു. എം കെ പന്ഥെ നഗറില്‍ നടന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കെ പ്രസാദ് അധ്യക്ഷനായി. എ എസ് സാബു, എന്‍ ആര്‍ ബാബുരാജ്, പി എസ് മധുസൂദനന്‍, മനു സി പുളിക്കല്‍ കെ കെ ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ കെ പ്രസന്നന്‍ സ്വാഗതവും പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ പി എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ചയും സമ്മേളനം തുടരും. രാവിലെ പൊതുചര്‍ച്ചയ്ക്കുശേഷം 12ന് സ്ത്രീ പരിരക്ഷ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ജലജാചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര നിയമം നടപ്പാക്കിയാല്‍ 70 ശതമാനം സംഘങ്ങളും പൂട്ടും

ചേര്‍ത്തല: കേന്ദ്രനിയമം യുഡിഎഫ് സര്‍ക്കാര്‍ അതേ പോലെ നടപ്പാക്കിയാല്‍ രണ്ട് വര്‍ഷത്തിനകം കേരളത്തിലെ 70 ശതമാനം പ്രാഥമിക സഹകരണബാങ്കുകളും അടച്ചുപൂട്ടുമെന്ന് മുന്‍ സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു. കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2005ല്‍ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്ര നിയമത്തെ എതിര്‍ത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നിലപാട് മാറ്റിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിനും റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നിക്ഷേപ നയത്തിനും ബദലുയര്‍ത്തിയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം നില്‍ക്കുന്നത്. രാജ്യത്തെ സഹകരണമേഖലയിലെ നിക്ഷേപത്തിന്റെ 88 ശതമാനവും കേരളത്തിലാണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലയിലും സഹകരണപ്രസ്ഥാനം പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇതിനെ തകര്‍ത്ത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും സംരംഭങ്ങളെയും സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ്. സഹകരണമേഖലയിലാകട്ടെ ജനാധിപത്യ കശാപ്പാണ് നടത്തുന്നത്. സഹകരണ മന്ത്രി തനിക്കതില്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞ് പീലാത്തോസിനെ പോലെ കൈകഴുകയാണ്. ഈ ഭരണം ഇനിയും തുടര്‍ന്നാല്‍ കേരളത്തിന്റെ സമസ്ത മേഖലയും തകരും. അതിനാല്‍ യോജിച്ച പോരാട്ടത്തിലൂടെ ഈ ജനവിരുദ്ധ സര്‍ക്കാരിന്റെ അവസാനം കുറിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 200113

No comments:

Post a Comment