Sunday, January 20, 2013

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തനശൈലി മാറ്റണം: സുധീരന്‍


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ ഒരുവര്‍ഷം സംസ്ഥാനഭരണം പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് കുഴപ്പവും തകരാറും സംഭവിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി എം സുധീരന്‍ പറഞ്ഞു.

പ്രവര്‍ത്തനശൈലി മാറ്റാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെടണം. ഉമ്മന്‍ചാണ്ടിയുടെ അമിതാധ്വാനം, കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നല്ല ഭരണത്തിന് പകരമാകില്ല. കെപിസിസി ഭാരവാഹി പദവിയില്‍ അര്‍ഹതയില്ലാത്തവരും വന്നിട്ടുണ്ട്. ഇപ്പോഴത്തെ ജംബോ കമ്മിറ്റി പതിവായി യോഗം ചേരുന്നതിനും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തടസ്സമാണ്. പുതിയ ഭാരവാഹി പ്രഖ്യാപനത്തിന് ശേഷം നാട്ടില്‍ ഫ്ളക്സ് പ്രളയമാണ്. പൂര്‍ണകായചിത്രം ഫ്ളക്സില്‍ വന്നിട്ടും ഇവരാരെന്നാണ് ജനം ചോദിക്കുന്നത്. ഫ്ളക്സ് പരിസ്ഥിതിയെ തകര്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ ഫ്ളക്സ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. മറ്റ് തലങ്ങളിലും ക്രിയാത്മകമാറ്റം വേണം. ഘടകകക്ഷികളുമായി തന്ത്രപരമായ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. കെപിസിസി പ്രസിഡന്റും പങ്ക് വഹിക്കണം. പ്രതിപക്ഷത്തെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നീങ്ങിയാലേ ഭരണം കുറ്റമറ്റതാക്കാനാകൂ എന്നും സുധീരന്‍ പറഞ്ഞു.

deshabhimani 200113

No comments:

Post a Comment