ചുണ്ടേല്‍: പ്രായം തന്റെ പോരാട്ടവീര്യങ്ങള്‍ തളര്‍ത്തിയിട്ടില്ലെന്ന് വെങ്ങപ്പള്ളിയിലെ ഗോപാലേട്ടന്. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ഒന്നരമാസം ജയില്‍ വാസം അനുഭവിച്ചതിന്റെ തുടിക്കുന്ന ഓര്‍മ്മകളുമായി കഴിയവെ മണ്ണിനുവേണ്ടി പോരാട്ടം നടക്കുമ്പോള്‍ വെറുതെ ഇരിക്കാന്‍ കഴിയില്ലെന്ന് ഗോപാലേട്ടന് ആവര്‍ത്തിക്കുന്നു. 72ല്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത അതേ ആവേശത്തോടെയാണ് ചുണ്ടേല്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
കര്‍ഷകതൊഴിലാളി യൂണിയന് വൈത്തിരി താലുക്ക് പ്രസിഡന്റായപ്പോഴാണ് 72ലെ മിച്ചസമരത്തില് പങ്കെടുത്തത്. വയനാട്ടില്‍ രണ്ട് ഏരിയാകേന്ദ്രീകരിച്ചായിരുന്നു സമരം നടന്നത്. നോര്‍ത്തില്‍ അന്തരിച്ച വര്‍ഗീസ് വൈദ്യരും സൗത്തില്‍ കെ സി അയമുട്ടിയുമാണ് നേതൃത്വം നല്‍കിയത്. ഹാരിസണ്‍സ് കമ്പനിയുടെ മേപ്പാടിയിലെ മിച്ചഭൂമിലാണ് അവകാശം സ്ഥാപിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലടച്ചു. ദിവസങ്ങള്‍ നിണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ മുഴുവന്‍ ജയിലുകളും സമരഭടന്മാരെകൊണ്ട് നിറഞ്ഞിരുന്നു. അതുവരെ സമരത്തെ അവഗണിച്ചിരുന്ന സര്‍ക്കാറിന് ഒടുവില്‍ ചര്‍ച്ചക്ക് തയ്യാറാകേണ്ടി വന്നു. തുടര്‍ന്നാണ് ഭൂമി നല്‍കിയത്. കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് കിടന്നുറങ്ങാന്‍ കിടപ്പാടം നല്കിയ ഈ പ്രസ്ഥാനത്തിന്റെ കീഴില്‍ നടക്കുന്ന ഭൂസമര ചരിത്രത്തിലെ ഐതിഹാസികമായ ഈ പോരാട്ടത്തെയും അവഗണിക്കാന്‍ ഒരുശക്തിക്കും കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
(രതീഷ് കുഞ്ചത്തൂര്‍)
വാര്‍ധക്യത്തിലും ഇവര്‍ക്ക് തിളയ്ക്കുന്ന യുവത്വം
വെഞ്ഞാറമൂട്: രണ്ടാമൂഴത്തിലും പോരാളികളായി അവരെത്തിയത് തുമ്പോട് മിച്ചഭൂമി സമരത്തിന് ആവേശമായി. എ കെ ജി നയിച്ച മാമണ്ണൂര്‍ മഠം മിച്ചഭൂമിസമരത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച എം സഹീദ്, എന്‍ ഗോപാലന്, യു എം നൂഹ് എന്നിവര്‍ തുമ്പോട്ടെ സമരഭൂമിയില്‍ എത്തിയതോടെയാണ് പ്രവര്‍ത്തകര്‍ ആവേശത്തിലായത്. എ കെ ജി നയിച്ച സമരത്തിലേക്ക് ഇറങ്ങാന്‍ ആലോചിക്കേണ്ടിവന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മാത്രമായിരുന്നു ലക്ഷ്യം. ഇന്ന് വീണ്ടുമൊരു മിച്ചഭൂമിസമരം. 64 വയസ്സ് പിന്നിട്ടെങ്കിലും ആവേശം വിതയ്ക്കുന്ന ഇവരുടെ മനസ്സിനും അതേ യൗവനം.
മുടവന്മുകള് സമരത്തിനുശേഷമാണ് എ കെ ജി മാമണ്ണൂര്‍ മഠം മിച്ചഭൂമി സമരത്തിന് എത്തിയത്. കൃഷിഭൂമിയില്‍ കയറി വിളവെടുപ്പ് നടത്തി. ഈ പ്രദേശത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കിട്ടിയതെല്ലാം ഈ സമരത്തിലൂടെയാണ്. ആ ചരിത്രസമരത്തിന്റെ പോരാട്ടം വിവരിച്ചപ്പോള്‍ നൂഹിന്റെയും ഗോപാലന്റെയും സഹീദിന്റെയും കണ്ണുകളില്‍ സമരത്തിളക്കം. യു എം നൂഹ് സിപിഐ എം മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്കെടിയു ഏരിയ കമ്മിറ്റി അംഗവുമാണ്. ഗോപാലന് പാര്‍ടി അംഗം. സഹീദ് പാര്‍ടി അനുഭാവിയുമാണ്.ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി ഇനിയും ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു.
കുഞ്ഞിമ്മുവിന് സമരങ്ങള്‍ ജീവവായു
വണ്ടൂര്‍: ജനകീയ പോരാട്ടങ്ങള്‍ക്കൊപ്പം പുന്നപ്പാല പൂളക്കല്‍ ചേരിക്കുന്ന് കോളനിയിലെ മനക്കാടന്‍ ഇണ്ണിച്ചി എന്ന കുഞ്ഞിമ്മുവിന്റെ സാന്നിധ്യം ഉറപ്പ്. രാത്രിയെന്നോ, പകലെന്നോ, വെയിലോ, മഴയോ ഒന്നും ഇവര്‍ക്ക്്് പ്രശ്നമില്ല. വാണിയമ്പലം പാലാമഠം ഭൂസമരത്തിലും കുഞ്ഞിമ്മുവിന്റെ നിറസാന്നിധ്യമുണ്ട്. ജയിലില്‍ പോവാന്‍ തയ്യാറായ ബാഡ്ജും തൊപ്പിയുമണിഞ്ഞ് സമരത്തിന്റെ മുന്‍നിരയില്‍തന്നെ ഇവരുണ്ട്. കുഞ്ഞിമ്മുവിന് പറയാന്‍ ഒട്ടേറെ കഥകളുണ്ട്.
കൊയ്ത്തും മെതിയും ഉണ്ടായിരുന്ന കാലത്ത് എട്ടിനൊന്ന് പതം നേടാന്‍ സമരം നടത്തിയത്, വണ്ടൂരിലും തിരുവാലിയിലും മരുതയിലുമടക്കം ഭൂസമരങ്ങളില്‍ പങ്കെടുത്തത്... എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍ത്തെടുക്കുന്നു. എവിടെ സമരവും പാര്‍ടി പരിപാടിയും ഉണ്ടന്നെറിഞ്ഞാലും എപ്പോഴും കൊണ്ടുനടക്കുന്ന സഞ്ചിയുമെടുത്ത് ഇറങ്ങുകയായി. അതിന് സമയവും ദൂരവും നോക്കാറില്ല. കൈയില്‍ പണമില്ലെങ്കില്‍ മറ്റുള്ളവരോട് പറയും, അവര്‍ ലക്ഷ്യത്തിലെത്തിക്കും. അറിയുന്നവരെ കണ്ടില്ലെങ്കില്‍ നടക്കാനും മടിക്കില്ല. സമരഭൂമിയില്‍ എത്തുകയെന്നതുതന്നെ പ്രധാനം. പാര്‍ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ തുടങ്ങിയ ദൂരദിക്കുകളൊക്കെ പോയിട്ടുണ്ട്. എ വിജയരാഘവന്, പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, പി കെ സൈനബ എന്നിവരെയും ജില്ലാ സെക്രട്ടറിയായിരുന്ന കെ സെയ്താലിക്കുട്ടി, നടി നിലമ്പൂര്‍ ആയിഷ എന്നിവരെയുമെല്ലാം നേരിട്ടറിയുന്നതും അഭിമാനമായി കാണുന്നു ഇവര്‍. കുഞ്ഞിമ്മുവിന്റെ ബാല്യത്തില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന ആചാരപ്രകാരം ആരുടെയൊ ഒക്കത്തിരുന്ന് വിവാഹിതയായി. എന്നാല്‍ ഈ ബന്ധം അധികകാലം നിലനിന്നില്ല. പിന്നീടാണ് ചെറളകാടന് കട്ഞ്ഞിയുടെ സഹധര്മിണിയായത്. ഇദ്ദേഹവും ഇടക്കാലത്ത് മരിച്ചു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട് þതങ്കമണി. അവരുടെ വിവാഹം കഴിഞ്ഞു. പഴയകാലത്ത് കുഞ്ഞിമ്മു പാടിയ പാട്ടുകള്‍ ഇപ്പോഴും ഓര്‍ത്തെടുക്കുന്നു. കോണ്ഗ്രസ്കാരുടെ കാളയെകണ്ട് കൊതിക്കണ്ട, കോണ്ഗ്രസ്കാര് കേരളകട്ട്ല്കണ്ട് പനിക്കണ്ട കേരളമക്കള്ക്കായി ഇ എം എസുണ്ട്.
സമരകേന്ദ്രത്തിലേക്കു നയിച്ചത് ഊരുമൂപ്പന്
അരിപ്പ: ഭൂമിയുടെ സ്വന്തം അവകാശികളാണ് വ്യാഴാഴ്ച നടന്ന ഭൂസമരത്തിന്റെ മുന്നണിപ്പോരാളികളായത്. ചോഴിയക്കോട് ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനത്തിനു മുന്നിലായി കുളത്തൂപ്പുഴ പഞ്ചായത്തിലെ കൊച്ചരിപ്പ സെറ്റില്‍മെന്റ് കോളനിയില്‍നിന്നുള്ള ആദിവാസി ഊരുമൂപ്പന് രമണിയുടെ നേതൃത്വത്തിലായിരുന്നു ആദിവാസികള്‍ കുടുംബസമേതം പങ്കെടുത്തത്. അമ്പും വില്ലും ഏന്തി കാട്ടുവേഷത്തിലെത്തിയ സത്യരാജന്‍ കാണി, ദിവാകരന് കാണി, ഭാര്യ സരസ്വതി എന്നിവര്‍ സമരത്തിന് ആവേശം പകര്‍ന്നു. ഇവര്‍ക്കു പിന്നാലെയാണ് സമരഭടന്മാരും അനുഗമിക്കുന്നവരും സമരകേന്ദ്രത്തില്‍ പ്രവേശിച്ചത്. വൈകിട്ട് സമരം അവസാനിക്കുന്നതുവരെയും ഊരുമൂപ്പനും സംഘവും പങ്കെടുത്തു. പട്ടികവര്‍ഗ സഹകരണസംഘം പ്രസിഡന്റാണ് സത്യരാജന്‍ കാണി. 60 കഴിഞ്ഞ കെ ദിവാകരന് കാണി ഭാര്യയെ പ്രക്ഷോഭത്തിന് കൂട്ടാനും മറന്നില്ല. അരിപ്പയിലെ സമരകേന്ദ്രം വ്യാഴാഴ്ച ആദിവാസി കലാരൂപങ്ങളുടെയും നാടന്‍ പാട്ടുകളുടെയും കാട്ടുഗന്ധത്താല് സമരപുളകിതമായി.
സ്ത്രീ പങ്കാളിത്തം ശ്രദ്ധേയം
അഞ്ചല്‍: അരിപ്പയിലെ സമരഭൂമിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയം. പലരും കുഞ്ഞുങ്ങളെയും കൊണ്ടാണ് സമരഭൂമിയില്‍ വൈകുന്നതുവരെ പങ്കെടുക്കുന്നത്. കുടുംബസമേതം പങ്കെടുക്കുന്ന സമര വളന്റിയര്‍മാരും നിരവധി. അഞ്ചല്‍, കടയ്ക്കല്‍ ഏരിയയിലെ ഭൂസംരക്ഷണസമിതി പ്രവര്‍ത്തകരെ അനുഗമിക്കാനെത്തിയവരിലാണ് ഏറെയും വനിതകള്‍ പങ്കാളികളായത്. സ്ത്രീകളുടെ പങ്കാളിത്തം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
deshabhimani 040113


വിപ്ലവാഭിവാദനങ്ങൾ....
ReplyDelete