വൈദ്യുതി വിതരണംചെയ്യുന്ന സബ്സ്റ്റേഷനുകള്‍ മാസത്തിലൊരിക്കല്‍ പൂര്‍ണമായും ഓഫാക്കിയിട്ട് ലോഡ്ഷെഡ്ഡിങ് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എല്ലാ സബ്സ്റ്റേഷനുകളും പകല്‍ എട്ടുമുതല്‍ അഞ്ചുവരെ അടച്ചിടണമെന്ന് വൈദ്യുതി ബോര്‍ഡ് നിര്‍ദേശം നല്‍കി. ഇതോടെ ജനുവരി 15 മുതല്‍ മെയ് വരെ പകല്‍ സമയത്തും സംസ്ഥാനത്ത് വൈദുതി സ്തംഭിക്കും. വ്യവസായമേഖലയ്ക്കാകെ ഈ തീരുമാനം വന്‍ പ്രതിസന്ധി സൃഷ്ടിക്കും.
സംസ്ഥാനത്ത് 320 സബ്സ്റ്റേഷനുകളാണുള്ളത്. ഇവ അടച്ചിടുന്നതിനു പുറമെ മാസത്തില്‍ രണ്ടോ മൂന്നോ തവണ 11 കെ വി ലൈനുകളും ഓഫാക്കിയിടും. ഇങ്ങനെ മാസത്തില്‍ മൂന്നോ നാലോ ദിവസം പകല്‍ മുഴുവന്‍ വൈദ്യുതി ഇല്ലാതാക്കി "പവര്‍ ഹോളിഡേ" നടപ്പാക്കാനാണ് തീരുമാനം. കെഎസ്ഇബി ആസ്ഥാനത്ത് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥാരും പങ്കെടുത്ത യോഗത്തിലാണ് പകല്‍ മുഴുവന്‍ വൈദ്യുതി വിഛേദിക്കാനുള്ള തീരുമാനമെടുത്തത്. ഈ തീരുമാനം ഫോണിലൂടെ സബ്സ്റ്റേഷനുകളില്‍ അറിയിച്ചു.
സബ്സ്റ്റേഷന്‍ അപ്പാടെ അടച്ചിട്ടും ഫീഡറുകളും ലൈനുകളും ഓഫ് ചെയ്തും ദിവസം രണ്ടുമുതല്‍ മൂന്നുവരെ ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വൈദ്യുതി ആസൂത്രണത്തിലെ ഗുരുതര വീഴ്ചകളാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട നിരവധി പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
പവര്‍ ഹോളിഡേനീക്കം ചെറുക്കുക: എ കെ ബാലന്‍
തിരു: വൈദ്യുതി ലൈനുകളിലെയും സബ്സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതിബോര്‍ഡ് പവര്‍ ഹോളിഡേ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. വൈദ്യുതി ലൈനുകളിലും മറ്റും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. എന്നാല്‍, അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പണിനടക്കുന്ന പ്രദേശമൊഴികെ മറ്റിടങ്ങളിലെല്ലാം മറ്റു ഫീഡറുകളില്‍നിന്ന് വൈദ്യുതി നല്‍കിവരുന്ന പതിവാണുള്ളത്. സബ്സ്റ്റേഷനുകളില്‍ പണി നടത്തുമ്പോള്‍ അവിടെനിന്നുള്ള വൈദ്യുതി ഫീഡറുകളില്‍ മറ്റു സബ്സ്റ്റേഷനുകളില്‍നിന്ന് വൈദ്യുതി എത്തിക്കുകയുംചെയ്യും. ഇങ്ങനെ ബാക്ക്ഫീഡ് ചെയ്യാന്‍ സാങ്കേതിക പ്രയാസമുള്ളപ്പോള്‍ മാത്രമേ അറ്റകുറ്റപ്പണിക്കുവേണ്ടി എല്ലാ ഫീഡറുകളും ഓഫാക്കാറുള്ളൂ.
എന്നാല്‍, എല്ലാ സബ്സ്റ്റേഷനുകളും മാസത്തിലൊരിക്കലെങ്കിലും പൂര്‍ണമായും അടച്ചിടണമെന്നും അങ്ങനെ അടച്ചിട്ട് മെയിന്റനന്‍സ് പ്രവൃത്തിചെയ്യുമ്പോള്‍ ബാക്ക് ഫീഡിങ് ചെയ്യരുതെന്നുമാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഊര്‍ജിതമായി അറ്റകുറ്റപ്പണി നടത്തുകയാണെന്നു പറയുമ്പോള്‍ത്തന്നെ വൈദ്യുതി സെക്ഷന്‍ ഓഫീസുകളില്‍ ഒരു സാധനസാമഗ്രിയും ലഭ്യമല്ല. കേടുവന്ന കമ്പികള്‍, ഇന്‍സുലേറ്ററുകള്‍, എയര്‍ബ്രേക്ക് സ്വിച്ച് എന്നിവയെല്ലാം നന്നാക്കുന്നതിന് ആവശ്യത്തിന് സാധനസാമഗ്രികള്‍ വേണ്ടതുണ്ട്. എന്നാല്‍, ഇവയൊന്നും ഒരു സെക്ഷനിലും ലഭ്യമല്ല. ആവശ്യത്തിന് ഫീസ് വയറുപോലും ഇല്ല എന്നതാണ് പലയിടത്തേയും സ്ഥിതി. കേടുവന്ന മീറ്ററുകള്‍പോലും മാറ്റിക്കൊടുക്കാന്‍ വൈദ്യുതിബോര്‍ഡിന് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അറ്റകുറ്റപ്പണിയെന്ന പേരില്‍ വൈദ്യുതി ലൈനുകള്‍ ഓഫാക്കി ഇടുന്നതിലൂടെ വൈദ്യുതി ലാഭിക്കുക മാത്രമാണ് ലക്ഷ്യം. ജനങ്ങളോട് കേരളത്തിന്റെ വൈദ്യുതിസ്ഥിതി സംബന്ധിച്ച് സത്യസന്ധമായി തുറന്നുപറയുന്നതിനു പകരം കബളിപ്പിക്കുന്ന നിലപാടാണ് വൈദ്യുതിബോര്‍ഡും സര്‍ക്കാരും സ്വീകരിക്കുന്നത്. ബോര്‍ഡിന്റെ ആസൂത്രണ വൈകല്യം മറച്ചുവയ്ക്കുന്നതിനും ജനങ്ങള്‍ക്ക് വൈദ്യുതി നിഷേധിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തികച്ചും അപലപനീയമാണ്. അറ്റകുറ്റപ്പണിയുടെ മറവില്‍ കേരളത്തില്‍ പവര്‍ഹോളിഡേ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 100113
No comments:
Post a Comment