Thursday, January 10, 2013

കോണ്‍ഗ്രസ് നിയമം കൈയിലെടുക്കുന്നു


നിയമം കയ്യിലെടുത്ത് തെരുവില്‍ അമ്മാനമാടുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിവാക്കുന്നു. ഇത് കണ്ടുനില്‍ക്കുന്ന പൊലീസാകട്ടെ മര്‍ദ്ദനമേല്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രസിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഈ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം.

കഴിഞ്ഞ നവംബര്‍ അവസാനം തൊടുപുഴയിലാണ് നിയമം കയ്യിലെടുക്കല്‍ പരമ്പരയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്. ഈ മാസം ആദ്യം തിരുവനന്തപുരം കോട്ടണ്‍ഹില്‍സ്‌കൂളില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് രണ്ടാംഘട്ടവും അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ സംഭവങ്ങളിലെല്ലാം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസ് സ്വീകരിച്ചത്. ഈ നിലപാടാണ് ഇന്നലെ പണിമുടക്കിയവരെ ആക്രമിക്കാന്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കിയത്. ഇവിടെയും ആദ്യം കാഴ്ചക്കാരായി നിന്ന പൊലീസ് പിന്നെ ശ്രമിച്ചത് അക്രമികളായ കെ എസ് യു പ്രവര്‍ത്തകരെ രക്ഷിക്കാനാണ്. ഇതിനായി ലാത്തിച്ചാര്‍ജ് നടത്താന്‍ പോലും പൊലീസ് മടിച്ചില്ല.

യൂത്ത് കോണ്‍ഗ്രസ് അംഗത്വവിതരണത്തെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഏറ്റുമുട്ടിയത് കഴിഞ്ഞ നവംബര്‍ അവസാനമായിരുന്നു. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് അന്ന് പരുക്കേറ്റത്. രാവിലെ 11 മണിക്ക് തുടങ്ങിയ ആക്രമണം സൂര്യന്‍ അസ്തമിച്ചശേഷമാണ് അവസാനിച്ചത്. ഈ സമയമത്രയും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വെറും അടിവസ്ത്രംമാത്രം ധരിച്ചാണ് അന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയത്. ആ ഘട്ടത്തില്‍പോലും ഇടപെടാന്‍ പൊലീസ് തയ്യാറായില്ല.

കഴിഞ്ഞയാഴ്ചയാണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ജി എസ് ടി യുവിന്റെ നേതാക്കള്‍ മര്‍ദ്ദിച്ചത്. തൊട്ടികൊണ്ടുള്ള അടിയേറ്റ് തലപൊട്ടിയ നാല് മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ചികിത്സയിലാണ്. പുഴുവരിച്ച ഭക്ഷണം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് പൊതുജനത്തെ അറിയിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിച്ചതായിരുന്നു പ്രകോപനം. തല്ലുന്നവരുടെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസിന് പത്രലേഖകര്‍ നല്‍കിയെങ്കിലും കേസെടുത്തത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ. ചികിത്സയിലായ നാലുപേരുടെയും സംഭവത്തില്‍ പ്രതിഷേധിക്കാന്‍ സ്ഥലത്തെത്തിയ 46 പേരുടേയും പേരിലാണ് കേസ്. ചിത്രങ്ങളും മേല്‍വിലാസവും നല്‍കിയിട്ടും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജി എസ് ടി യു നേതാക്കളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു തമാശ.

ഇന്നലെ പണിമുടക്കിയവരുടെ പ്രകടനം പൊളിക്കാനായിരുന്നു കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം. റോഡിന് കുറുകെ ബഞ്ചും ഡെസ്‌കും നിരത്തി മാര്‍ഗതടസം സൃഷ്ടിക്കാന്‍ ശ്രമിച്ച കെ എസ് യുക്കാര്‍ പിന്നീട് ഇവ പൊട്ടിച്ചു കഷ്ണങ്ങളാക്കിയും ജീവനക്കാര്‍ക്കുനേരെ എറിഞ്ഞു. കല്ലേറുമുണ്ടായി. എണ്ണത്തില്‍ കുറവായിരുന്ന ഇവരെ നേരിടാന്‍ ജീവനക്കാരും ശ്രമിച്ചപ്പോഴാണ് അതുവരെ കാഴ്ചക്കാരായി നിന്ന പൊലീസ് ഇടപെട്ടത്. ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് അക്രമികളെ രക്ഷപ്പെടുത്തിയ പൊലീസ് പിന്നീട് സമരനേതാക്കളെ അറസ്റ്റ് ചെയ്താണ് തങ്ങളുടെ വിനോദം ആവര്‍ത്തിച്ചത്.
(എസ് സന്തോഷ് )

janayugom 100113

No comments:

Post a Comment