Wednesday, January 23, 2013

കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ കൈവിട്ടു


ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് അടിയന്തരസഹായം നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വ്യാപകമായി ഷെഡ്യൂള്‍ റദ്ദാക്കുന്നത് ഡീസല്‍ വിലവര്‍ധനമൂലമല്ലെന്നും ശബരിമലയ്ക്ക് അയച്ച ബസുകള്‍ തിരിച്ചുവരാത്തതിനാലാണെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രിക്കും പെട്രോളിയം മന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെഎസ്ആര്‍ടിസി പ്രതിസന്ധി ഉടലെടുത്തശേഷം നടക്കുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഒരു തീരുമാനവും കൈക്കൊണ്ടില്ല.

കഴിഞ്ഞദിവസം 1800 ഓളം സര്‍വീസ് റദ്ദാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അക്കാര്യം കെഎസ്ആര്‍ടിസിയോട് ചോദിക്കണമെന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. റിപ്പയര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സര്‍വീസ് റദ്ദാക്കുന്നുണ്ട്. അത് സഹിക്കാതെ പറ്റുമോ? കെഎസ്ആര്‍ടിസിയെ വന്‍കിട ഉപയോക്താക്കളുടെ പരിധിയില്‍ പെടുത്തിയത് പുനഃപരിശോധിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസമീപനം അറിഞ്ഞശേഷം വിശദമായി ചര്‍ച്ച ചെയ്യും. കേന്ദ്രനിലപാട് അറിയുംവരെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം നല്‍കുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. വ്യാഴാഴ്ച മുതല്‍ എല്ലാ സര്‍വീസും ഉണ്ടാകുമോയെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

സപ്ലൈകോയില്‍നിന്ന് സാധാരണ നിരക്കില്‍ ഡീസല്‍ നല്‍കാമെന്ന മന്ത്രി അനൂപ് ജേക്കബ്ബിന്റെ വാഗ്ദാനത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അതിലേക്ക് കടന്നിട്ടില്ല എന്നായിരുന്നു മറുപടി. വെട്ടിക്കുറച്ച സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ആവര്‍ത്തിച്ചുയര്‍ന്ന ചോദ്യങ്ങളോട് എല്ലാം വിശദമായി പരിശോധിച്ച് നിര്‍ദേശം നല്‍കാന്‍ ഗതാഗതമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നു മാത്രമായിരുന്നു മറുപടി.

deshabhimani 240113

No comments:

Post a Comment