Wednesday, January 9, 2013

യൂറോസോണില്‍ തൊഴിലില്ലായ്മ രൂക്ഷം


ബര്‍ലിന്‍: സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറാന്‍ കഷ്ടപ്പെടുന്ന യൂറോസോണിന് കനത്ത പ്രഹരമായി തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്നനിലയില്‍. നവംബറിലെ കണക്കുപ്രകാരം 17 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ തൊഴിലില്ലായ്മ 11.8 ശതമാനമായി ഉയര്‍ന്നു. യൂറോപ്യന്‍ യൂണിയനിലാകെ തൊഴിലില്ലായ്മ 10.7 ശതമാനമാണ്. യൂറോപ്യന്‍ യൂണിയനിലാകെ 2.6 കോടി ജനങ്ങള്‍ തൊഴില്‍രഹിതരാണ്. യൂറോസോണില്‍ ഇത് 1.9 കോടിയാണ്. യൂറോസോണില്‍ യുവാക്കളുടെ തൊഴിലില്ലായ്മ 24.4 ശതമാനമാണ്. യൂറോപ്യന്‍ യൂണിയനിലാകെ 23.7 ശതമാനവും. കടുത്ത സാമ്പത്തികമാന്ദ്യത്തില്‍ വലയുന്ന സ്പെയിനിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍- 26.6 ശതമാനം. മാന്ദ്യത്തിലകപ്പെട്ട ഗ്രീസാണ് രണ്ടാമത്- 20 ശതമാനം. ബ്രിട്ടനിലും പോളണ്ടിലും തൊഴിലില്ലായ്മ ഉയര്‍ന്നു.

യൂറോസോണ്‍ തൊഴിലില്ലായ്മ ഈ വര്‍ഷം 12 ശതമാനമാകുമെന്ന് ലണ്ടനിലെ സാമ്പത്തികവിദഗ്ധന്‍ ഹൊവാര്‍ഡ് ആര്‍ചര്‍ പറയുന്നു. ഈ വര്‍ഷവും സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്ന് യൂറോപ്യന്‍ തൊഴില്‍ കമീഷണര്‍ ലാസ്ലോ അന്‍ഡോറും പറഞ്ഞു. സാമ്പത്തികമാന്ദ്യവും മാന്ദ്യത്തില്‍നിന്നു കരകയറാന്‍ സ്വീകരിക്കുന്ന നടപടികളുടെ പോരായ്മയുമാണ് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണം. യൂറോമേഖല മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഇനിയും സമയമെടുക്കും എന്നതിന്റെ സൂചനകൂടിയാണിത്. യൂറോപ്യന്‍ മാന്ദ്യത്തിന്റെ പ്രതീകങ്ങളായ ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, സൈപ്രസ് എന്നീ രാജ്യങ്ങള്‍ ഇപ്പോഴും കടുത്ത പ്രതിസന്ധിയില്‍ തുടരുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള യൂറോ അംഗങ്ങളും മറ്റുള്ളവരും തമ്മിലുള്ള വൈരുധ്യം വര്‍ധിക്കുന്നതും ഭീഷണിയാണ്.

deshabhimani 090113

No comments:

Post a Comment