Wednesday, January 9, 2013

അമേരിക്ക അട്ടിമറിക്ക് ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ട്: ബൊളീവിയ


ബൊളീവിയയില്‍ ഇവോ മൊറാലിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക കരുനീക്കിയതിന് വ്യക്തമായ തെളിവുണ്ടെന്ന് വെളിപ്പെടുത്തല്‍. ബൊളീവിയന്‍ മന്ത്രി യുവാന്‍ റമോണ്‍ ക്വിന്റാനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് ഇവോ മൊറാലിസിനെ അധികാരഭ്രഷ്ടനാക്കാനും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും അമേരിക്കന്‍ സ്ഥാനപതി കാര്യാലയം നടത്തിയ വൃത്തികെട്ട പ്രവര്‍ത്തനങ്ങളുടെ അനിഷേധ്യമായ തെളിവ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ബൊളീവിയയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ അമേരിക്കന്‍ സ്ഥാനപതിയെ 2008ല്‍ പ്രസിഡന്റ് മൊറാലിസ് പുറത്താക്കിയിരുന്നു. 2006 മുതല്‍തന്നെ മൊറാലിസിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്കന്‍ എംബസി "സ്ഥിരമായ യുദ്ധ"ത്തിലായിരുന്നെന്ന് ക്വിന്റാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ തെളിവുകള്‍ കൂട്ടിയോജിപ്പിക്കുകയാണ്. ബൊളീവിയന്‍ സര്‍ക്കാരിനെതിരായ ശത്രുതാപരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സ്ഥാനപതിയോട് ആവശ്യപ്പെട്ടിരുന്നു. മൊറാലിസിനു കീഴില്‍ സാമൂഹ്യനീതിയിലും ജനാധിപത്യത്തിലും ഉണ്ടായ മുന്നേറ്റവും മയക്കുമരുന്നിനും അഴിമതിക്കുമെതിരായ പോരാട്ടവും അംഗീകരിക്കാന്‍ അമേരിക്ക തയ്യാറല്ല. 2006 ജനുവരിയില്‍ ബൊളീവിയയില്‍ അധികാരത്തിലെത്തിയ മൊറാലിസ് ലാറ്റിനമേരിക്കയിലെ അമേരിക്കന്‍വിരുദ്ധ കൂട്ടായ്മയിലെ പ്രധാനകണ്ണിയാണ്. വിദേശകുത്തക കമ്പനികളെ ദേശാസാല്‍ക്കരിച്ചതു മുതല്‍ അമേരിക്കയുടെ കണ്ണിലെ കരടായി അദ്ദേഹം. സര്‍ക്കാര്‍വിരുദ്ധ കലാപങ്ങള്‍ ഇളക്കിവിട്ട യുഎസ് സ്ഥാനപതി ഫിലിപ്പ് ഗോള്‍ഡ്ബര്‍ഗിനെ പുറത്താക്കിയതോടെ രാജ്യള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. 2011ല്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥാനപതിമാരെ പരസ്പരം നിയോഗിച്ചിട്ടില്ല.

deshabhimani 090113

No comments:

Post a Comment