Sunday, January 6, 2013
ഭൂസമരം ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം: എം വി ഗോവിന്ദന്‍
സമൂഹം ആവേശത്തോടെ സ്വീകരിച്ച ഭൂസംരക്ഷണസമരത്തെ ദുര്‍ബലപ്പെടുത്താനാണ് യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുന്നതെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എറണാകുളത്ത് ഭൂസമരം നടക്കുന്ന ചരിയംതുരുത്തില്‍ സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടിയ കൃഷിഭൂമി, മറ്റ് ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനംചെയ്യുന്നു എന്നതാണ് പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിഭൂമി ആര് വാങ്ങിയാലും എതിര്‍പ്പില്ല. ആര്‍ക്കും എവിടെയും നിയമപരമായി ഭൂമി വാങ്ങാം. എന്നാല്‍ കൃഷിഭൂമി വാങ്ങി മറ്റ് ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനംചെയ്യാന്‍ പാടില്ലെന്നാണ് പാര്‍ടി നിലപാട്. ചരിയംതുരുത്ത്പോലെ പൊക്കാളിപ്പാടം നിറഞ്ഞ ഒരു പ്രദേശത്തെ ഭൂമി വാങ്ങി അവിടെ സ്വകാര്യ മെഡിക്കല്‍ ടൂറിസം കമ്പനി തുടങ്ങണമെങ്കില്‍ തീരദേശനിയമം, നെല്‍വയല്‍- തണ്ണീര്‍തട സംരക്ഷണനിയമം, നീര്‍ത്തട സംരക്ഷണനിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവയുടെയെല്ലാം ചട്ടങ്ങള്‍ പാലിക്കുകയും സര്‍ക്കാരുകളുടെ അനുമതി വാങ്ങുകയും വേണം. എന്നാല്‍ ഇത്തരത്തില്‍ ഒന്നുമുണ്ടായിട്ടില്ല. ചരിയംതുരുത്തിലെ കൃഷിഭൂമി പരിവര്‍ത്തനംചെയ്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍പാടില്ലെന്നാണ് പാര്‍ടി നിലപാട്.
ചരിയംതുരുത്തില്‍ ഒരേ ദിവസമാണ് 11 സ്ഥാപനങ്ങളുടെ പേരില്‍ രേഖയുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ 11 സ്ഥാപനങ്ങളും രണ്ട് ആളുകളുടെ പേരിലാണ്. അഞ്ചെണ്ണം കമ്പനി ഉടമയുടെ ഭാര്യയുടെ പേരിലും ആറെണ്ണം ഉടമയുടെ അടുത്ത ബന്ധുവിന്റെ പേരിലുമാണ്. ഇടപാടുകളെല്ലാം 100 രൂപയുടെ മുദ്രപത്രത്തില്‍ പരസ്പരം എഴുതിയാണ് രേഖയാക്കിയിരിക്കുന്നത്. ബിനാമി ഇടപാടുകള്‍ക്കായി 100 രൂപയുടെ മുദ്രപത്രത്തില്‍ അവര്‍തന്നെ എഴുതി ഉണ്ടാക്കിയതാണ്. ഇതൊന്നും സര്‍ക്കാര്‍ അറിയേണ്ടകാര്യമല്ല. അതുകൊണ്ട് അന്നത്തെ സര്‍ക്കാരിന് ഈ പ്രശ്നത്തില്‍ ഉത്തരവാദിത്തവുമില്ല. എല്ലാ ഇടപാടുകളിലും രണ്ടുപേര്‍തന്നെയാണ് സാക്ഷികളായി ഒപ്പിട്ടിരിക്കുന്നത്. പല പേരുകളില്‍ ഏകദേശം 127 ഏക്കര്‍ എന്ന് കമ്പനി പറയുമ്പോഴും 200ഓളം ഏക്കര്‍ ഭൂമിയാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെങ്കില്‍ അയാള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. സമരം തുടങ്ങിയസമയത്ത് സംരക്ഷണം വേണമെന്നുകാണിച്ച് ഹൈക്കോടതിയില്‍പ്പോയ കമ്പനി അധികൃതര്‍ പിന്നീട് സ്വയം പിന്മാറിയിട്ടും വാര്‍ത്തയായില്ല. ചട്ടങ്ങള്‍ ലംഘിച്ചാണ്് മെഡിക്കല്‍ ടൂറിസം കമ്പനി തുടങ്ങുന്നതെന്ന് അവര്‍ക്കുതന്നെ ബോധ്യമുള്ളതു കൊണ്ടാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ ഇതൊന്നും കാണാതെ സമരത്തെ ഇകഴ്ത്തിക്കാണിച്ച് ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
deshabhimani 070113
Labels:
നുണപ്രചരണം,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment