Monday, January 7, 2013
സമഗ്ര ആരോഗ്യപദ്ധതി: റിലയന്‍സിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ തിരുത്തി
രാജ്യത്തിനാകെ മാതൃകയായി കേരളം നടപ്പാക്കിയ സമഗ്ര ആരോഗ്യപദ്ധതി റിലയന്‍സിന്റെ കൈകളിലെത്തിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചന. ബിപിഎല്‍ വിഭാഗത്തിനായി 2008ല്‍ കേന്ദ്രം തുടങ്ങിയ രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന (ആര്‍എസ്ബിവൈ) എല്ലാവര്‍ക്കുമുള്ള സമഗ്ര ആരോഗ്യപദ്ധതിയായി നടപ്പാക്കിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമായിരുന്നു. പദ്ധതി ആര് നടത്തണമെന്നതില്‍ അവസാന ഒത്തുതീര്‍പ്പിനുള്ള അധികാരം ടെന്‍ഡര്‍ രേഖ തിരുത്തി സര്‍ക്കാര്‍ ബലി കഴിക്കുകയായിരുന്നു. ടെന്‍ഡര്‍ നടപടി ആരംഭിച്ചശേഷമായിരുന്നു റിലയന്‍സിനുവേണ്ടിയുള്ള ഈ ബലിദാനം.
നാലുവര്‍ഷമായി പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് പദ്ധതി നടത്തുന്നത്. കുറഞ്ഞ പ്രീമിയം തുക ക്വാട്ട്ചെയ്തതുകൊണ്ടാണ് പദ്ധതി മൂന്നുവര്‍ഷത്തേക്ക് റിലയന്‍സിനു പോകുന്നത്. നിലവിലെ കമ്പനിക്ക് കുറഞ്ഞ തുകയ്ക്ക് പദ്ധതി നടത്താനാകുമെങ്കില്‍ അവരെ തുടരാന്‍ അനുവദിക്കാമെന്ന വ്യവസ്ഥ ടെന്‍ഡര്‍ രേഖയില്‍ ഉണ്ടായിരുന്നു. ടെന്‍ഡര്‍ നടപടി തുടങ്ങിയശേഷം ഈ വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ക്ലെയിം കൊടുക്കാത്തതിനാല്‍ റിലയന്‍സ് ഉള്‍പ്പടെയുള്ള നാല് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തി പുറത്താക്കിയതിനു തൊട്ടുപിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടി.
നാലുവര്‍ഷമായി കേരളത്തില്‍ പദ്ധതി നടപ്പാക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഇത്തവണ ടെന്‍ഡറില്‍ 1150 രൂപയാണ് ക്വാട്ട്ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം പ്രീമിയമായി കമ്പനിക്ക് 209 കോടി രൂപ ലഭിച്ചപ്പോള്‍ ക്ലെയിം തുകയായി 252 കോടി ചെലവഴിക്കേണ്ടിവന്നതോടെ 43 കോടി രൂപ നഷ്ടമായി. ഇത്തരത്തില്‍ നാലവര്‍ഷത്തെ നഷ്ടം 121 കോടിയാണ്. ഈ സ്ഥാനത്താണ് 738 രൂപ പ്രീമിയം നിരക്കില്‍ റിലയന്‍സ് പദ്ധതി ഏറ്റെടുക്കുന്നത്. ക്ലെയിം നേരാംവണ്ണം കൊടുക്കാത്തതാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ റിലയന്‍സടക്കം നാല് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ നിര്‍ത്തലാക്കാന്‍ കാരണം. ആരോഗ്യസാക്ഷരത കൂടുതലുള്ള കേരളത്തില്‍ ക്ലെയിം അവകാശങ്ങള്‍ കൂടുതല്‍വരുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പദ്ധതി ഇട്ടെറിഞ്ഞുപോകാനുള്ള സാധ്യതയും കുറവല്ല. 35 ലക്ഷത്തോളം കുടുംബങ്ങള്‍ ഗുണഭോക്താക്കളായ കേരളത്തിന്റെ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാവിയാണ് സര്‍ക്കാരിന്റെ ഗൂഡാലോചനയോടെ അനിശ്ചിതത്വത്തിലാകുന്നത്.
(എം എന്‍ ഉണ്ണിക്കൃഷ്ണന്‍)
deshabhimani 070113
Labels:
അഴിമതി,
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment