പശ്ചിമബംഗാളില്‍ സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമം തുടരുന്നതില്‍ കൊല്‍ക്കത്തയില്‍ സമാപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭീഷണിപ്പെടുത്തലും അക്രമവും അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താന്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി മമതബാനര്‍ജിയും സര്‍ക്കാരും അതിക്രമം പ്രോത്സാഹിപ്പിക്കുകയാണ്. 2011 മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം അംഗങ്ങളും അനുഭാവികളുമായ 85 പേര്‍ ബംഗാളില്‍ കൊല്ലപ്പെട്ടു. സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ അബ്ദുള്‍ റസാക്ക് മൊള്ളയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതാണ് ഈ സംഭവപരമ്പരങ്ങളില്‍ ഒടുവിലത്തേത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധറാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, നിരവധി വാഹനങ്ങള്‍ കത്തിച്ചു. ബംഗാള്‍ ജനതയടെ ജീവിതസാഹചര്യം അനുദിനം വഷളാകുന്നതിലും സാമ്പത്തികസ്ഥിതി മോശമാകുന്നതിലും കേന്ദ്രകമ്മിറ്റി കടുത്ത ആശങ്ക രേഖപ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥ അഞ്ച് തൊഴിലാളികളുടേയും പെന്‍ഷന്‍കാരുടേയും ആത്മഹത്യയ്ക്ക് കാരണമായി. അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങളിലെ ഒമ്പത് തൊഴിലാളികള്‍ പോഷകാഹാരക്കുറവുമൂലം മരിച്ചു. തൃണമൂല്‍ ഭീഷണിയും ഗുണ്ടായിസവും മൂലം കമ്പനികള്‍ ബംഗാള്‍ വിടാന്‍ നിര്‍ബന്ധിതമായി ഹല്‍ദിയ തുറമുഖത്ത് ഉണ്ടായ സ്ഥിതിഗതികള്‍ തന്നെ ഉദാഹരണം.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. തൃണമൂല്‍ രാഷ്ട്രീയവും സര്‍ക്കാര്‍ നിലപാടും വര്‍ഗീയശക്തികള്‍ക്ക് കരുത്തേകുകയാണ്. വിലക്കയറ്റത്തിനും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സമരം ശക്തമാക്കാന്‍ കേന്ദ്രകമ്മിറ്റിയോഗം പാര്‍ടിഘടകങ്ങളോട് നിര്‍ദേശിച്ചു. അസം: പുനരധിവാസം വേഗത്തിലാക്കണം അസമില്‍ വംശീയസംഘര്‍ഷത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഗ്രാമങ്ങളില്‍ തിരിച്ചെത്താന്‍ അവസരമുണ്ടാക്കി അവരുടെ സമ്പൂര്‍ണ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ബോഡോ മേഖലയില്‍ വംശീയ സംഘര്‍ഷമുണ്ടായി ആറുമാസത്തിനുശേഷവും നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. മുസ്ലിംസമുദായത്തില്‍പ്പെട്ട അഭയാര്‍ഥികളെ മാതൃഗ്രാമത്തിലേക്ക് മടക്കിക്കൊണ്ടുപോകുന്നത് അട്ടിമറിക്കാന്‍ സംഘടിതശ്രമം നടക്കുന്നുണ്ടെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടത്തണം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ജാര്‍ഖണ്ഡില്‍ നിയമസഭ പിരിച്ചുവിട്ട് കാലതാമസമില്ലാതെ പുതിയ തെരഞ്ഞെടുപ്പ് നടത്തണം.
ആണ്‍കോയ്മയ്ക്കെതിരെ പോരാടുക
കൊല്‍ക്കത്ത: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ അപകടകരമാംവിധം വര്‍ധിക്കുന്നത് അപലപനീയമാണ്. സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഘട്ടങ്ങളില്‍ ഉചിത ഇടപെടലിന് പാര്‍ടി നേതൃപരമായ പങ്ക് വഹിക്കണം. സമൂഹത്തിലെ സമസ്തമേഖലയിലുമുള്ള പുരുഷാധിപത്യ- ആണ്‍കോയ്മ മൂല്യങ്ങള്‍ക്കെതിരെ പോരാടാന്‍ പാര്‍ടിയും ജനാധിപത്യപ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണം. രാഷ്ട്രീയനേതാക്കളും ആത്മീയആചാര്യന്മാരുമടക്കമുള്ളവര്‍ നടത്തുന്ന സ്ത്രീവിരുദ്ധ അഭിപ്രായപ്രകടനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തും ആള്‍ദൈവമായി നടിക്കുന്ന അശാറാമും സ്ത്രീകളുടെ അന്തസ്സുകെടുത്തുന്ന പരാമര്‍ശമാണ് നടത്തിയത്. ഡല്‍ഹിയില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. കൂട്ടബലാത്സക്കേസുകളില്‍ കടുത്ത ശിക്ഷ നല്‍കണമെന്ന നിര്‍ദേശങ്ങള്‍ സിപിഐ എം വര്‍മ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
യുഎസ്, നാറ്റോ നീക്കം അപലപനീയം: സിപിഐ എം
കൊല്‍ക്കത്ത: സിറിയയില്‍ ഭരണവ്യവസ്ഥ അട്ടിമറിച്ച് സ്വന്തം ഇഷ്ടം നടപ്പാക്കാന്‍ സായുധ കലാപകാരികള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കുന്ന അമേരിക്കന്‍- നാറ്റോ ശക്തികളുടെ നീക്കത്തെ കൊല്‍ക്കത്തയില്‍ സമാപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. രാഷ്ട്രീയ കൂടിയാലോചനകളിലൂടെയുള്ള ഒത്തുതീര്‍പ്പിനാണ് അമേരിക്കയും പാശ്ചാത്യശക്തികളും ശ്രമിക്കേണ്ടത്. രാജ്യത്തിനു പുറത്തുനിന്ന് ആയുധങ്ങളും മറ്റ് സഹായവും ലഭിക്കുന്ന വിമതസംഘങ്ങള്‍ ഒന്നരവര്‍ഷമായി സിറിയന്‍ ഭരണവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണ്. വിമതശക്തികളില്‍ ഇസ്ലാമികതീവ്രവാദികളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നു. 60,000 പേര്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിയും വന്ന രാജ്യത്തെ ആഭ്യന്തരകലാപത്തിന് എണ്ണപകരുന്ന സമീപനമാണ് അമേരിക്കയും നാറ്റോയും ഗള്‍ഫ്രാജ്യങ്ങളും സ്വീകരിക്കുന്നത്. വൈദേശിക ഇടപെടല്‍ ഇല്ലാതെ, സ്വതന്ത്രരായ സിറിയന്‍ ജനതയ്ക്കു മാത്രമേ സംഘര്‍ഷ സാഹചര്യത്തിന് പരിഹാരം കണ്ടെത്താനാകൂ. സിറിയില്‍ സായുധകലാപം തുടരുന്നതില്‍ കേന്ദ്രകമ്മിറ്റി അഗാധമായ ആശങ്ക രേഖപ്പെടുത്തി.
ഭൂസമരത്തിന് പ്രശംസ
കൊല്‍ക്കത്ത: കേരളത്തില്‍ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക ഭൂസമരം വന്‍ വിജയമായെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വലിയ ജനപങ്കാളിത്തമുണ്ടായ സമരംകൊണ്ട് കാതലായ നേട്ടമുണ്ടായതായും കാരാട്ട് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നുപേരെ പാര്‍ടിയില്‍നിന്ന് പുറത്താക്കാനുള്ള കേരള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കുന്ന കാര്യം സമയക്കുറവ് മൂലം ചര്‍ച്ചചെയ്തില്ലെന്നും അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചതായും കേരളത്തില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാരാട്ട് മറുപടി നല്‍കി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പാര്‍ടി അന്വേഷണം നടക്കുന്നു. വിചാരണ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ത്രിപുരയില്‍ ഇടതുമുന്നണി വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച തുടക്കംകുറിക്കും.
deshabhimani 200113
No comments:
Post a Comment