Sunday, January 20, 2013
അമേരിക്കന്‍ വിധേയത്വം വ്യോമസുരക്ഷയ്ക്ക് ഭീഷണി
കേന്ദ്രസര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം രാജ്യത്തിന്റെ വ്യോമസുരക്ഷയും അപകടത്തിലാക്കുന്നു. എയര്‍ ഇന്ത്യ വ്യാഴാഴ്ച ആറ് ബോയിങ് 787 വിമാനങ്ങള്‍ നിലത്തിറക്കിയപ്പോള്‍ സാങ്കേതികമായി വന്‍ തകരാറുകളാണ് ദൃശ്യമായത്. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ വ്യോമഗതാഗത റെഗുലേറ്ററായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്എഎ) വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ബോയിങ് 787 വിമാനത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ച് തുടക്കത്തിലേ സംശയം ഉണര്‍ന്നിരുന്നു. എന്നാല്‍, മറ്റ് വിമാനങ്ങളേക്കാള്‍ 20 മുതല്‍ 30 ശതമാനംവരെ ഇന്ധനക്ഷമത ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബോയിങ് 787 വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. 43,777 കോടി രൂപ കടവും 27,000 കോടി രൂപ നഷ്ടവുമുള്ള എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ധന ഉപയോഗം കുറഞ്ഞ വിമാനം വാങ്ങുന്നത് നല്ലതാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
അലുമിനിയത്തിനും മറ്റ് ലോഹങ്ങള്‍ക്കും പകരം കാര്‍ബണ്‍ സംയുക്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ വിമാനം നിര്‍മിക്കുന്നത്. ഈ ഭാരക്കുറവാണ് ഇന്ധനച്ചെലവ് കുറയ്ക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഏക യാത്രാവിമാനവും ഇതാണ്. ഉപഗ്രഹങ്ങളിലും എഫ്-35 സംയുക്ത യുദ്ധവിമാനത്തിലും മാത്രമാണ് ഈ ബാറ്ററി ഉപയോഗിക്കുന്നത്. കുറച്ചു സമയംകൊണ്ട് കൂടുതല്‍ ചാര്‍ജാകുന്ന ബാറ്ററിയാണിത്. ഇക്കാരണത്താല്‍ത്തന്നെ എളുപ്പം തീപിടിക്കാനുള്ള സാധ്യതയും ഏറെ. ബോയിങ് 787 വിമാനത്തില്‍ രണ്ടുവീതം ലിഥിയം അയണ്‍ ബാറ്ററികളാണുള്ളത്.
ജപ്പാനിലെ ആള്‍ നിപ്പോണ്‍ എയര്‍വേയ്സും (എഎന്‍എ) ജപ്പാന്‍ എയര്‍ലൈന്‍സുമാണ് ബുധനാഴ്ച വിമാനങ്ങള്‍ ആദ്യം നിലത്തിറക്കിയത്. ബോസ്റ്റണ്‍ ലോഗന്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ഡ്രീംലൈനറിലാണ് ഈ മാസം ഏഴിന് ആദ്യം തീപിടിച്ചത്. ബുധനാഴ്ചയാണ് ജപ്പാനിലെ യമഗുച്ചി ഉബെയില്‍നിന്ന് ടോക്യോയിലേക്ക് പോവുകയായിരുന്ന എഎന്‍എ വിമാനത്തിലെ കോക്പിറ്റില്‍നിന്ന് കരിഗന്ധം വന്നതിനെത്തുടര്‍ന്ന് തകമത്സു വിമാനത്താവളത്തില്‍ വിമാനം ഇറക്കി. ബാറ്ററിയില്‍നിന്ന് തീപിടിക്കാവുന്ന ദ്രാവകം കോക്പിറ്റിലേക്ക് ഒലിച്ചിറങ്ങുന്നതായാണ് പിന്നീട് കണ്ടെത്തിയത്. ബോയിങ് 787 വിമാനം സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷത്തിനകംതന്നെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയിലെ ചാള്‍സ്ടണ്‍ വിമാനത്താവളത്തില്‍ എന്‍ജിന്‍ തകരാറുകാരണം വിമാനം നിലത്തിറക്കി. ടോക്യോയിലേക്ക് പോകുകയായിരുന്ന എഎന്‍എ വിമാനത്തിലെ ബ്രേക്കിന് പ്രശ്നമുണ്ടെന്ന് കംപ്യൂട്ടര്‍ തെറ്റായി കാണിച്ചതിനെത്തുടര്‍ന്ന് വിമാനം നിലത്തിറക്കേണ്ടിവന്നു. എഎന്‍എയുടെ വിമാനങ്ങളില്‍ത്തന്നെ ഇന്ധനചോര്‍ച്ചയും വിന്‍ഡ്സ്ക്രീനില്‍ കീറലും ദൃശ്യമായി.
ഇത്രയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തശേഷമാണ് 27 വിമാനങ്ങള്‍കൂടി വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞവര്‍ഷം അനുവാദം നല്‍കിയത്. 2005ല്‍ ബോയിങ് കമ്പനിയുമായി ഒപ്പിട്ട കരാറനുസരിച്ച് 2008ല്‍ കിട്ടേണ്ട വിമാനം 2011ലാണ് ഇന്ത്യക്ക് ലഭിച്ചത്. ഈ കാലതാമസത്തിന് ബോയിങ്ങില്‍നിന്ന് നഷ്ടപരിഹാരം വാങ്ങിയെങ്കിലും അത് എത്രയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബുധനാഴ്ച ജപ്പാന്‍ ഡ്രീംലൈനര്‍ വിമാനങ്ങള്‍ നിലത്തിറക്കിയപ്പോഴും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ നിലത്തിറക്കാന്‍ ഇന്ത്യ തയ്യാറായില്ലെന്ന് എയര്‍ ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ തന്നെ പരാതിപ്പെട്ടു. വിമാനം നിലത്തിറക്കിയതുകൊണ്ടുള്ള നഷ്ടം അനുവദിച്ചുതരണമെന്ന് പോളിഷ് എയര്‍ലൈന്‍സ് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇന്ത്യ ഈ ദിശയില്‍ ഒരു നീക്കവും നടത്തിയിട്ടില്ല.
(വി ബി പരമേശ്വരന്‍)
deshabhimani 200113
Subscribe to:
Post Comments (Atom)
No comments:
Post a Comment