പത്തനംതിട്ട: വന്‍കിട ഉപയോക്താവ് എന്ന നിലയില്‍ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില 12 രൂപ വര്‍ധിപ്പിച്ചതോടെ ജില്ലയില്‍ ഓര്‍ഡിനറി പോലും ഓടില്ല എന്ന സ്ഥിതിയാകും. ജില്ലയുടെ ഗ്രാമീണ മേഖലയിലെയും കെഎസ്ആര്‍ടിസി മാത്രമുള്ള എംസി റോഡിലെയും എടത്വയടക്കമുള്ള റൂട്ടുകളിലെയും യാത്രക്കാരാണ് ഏറെ വലയാന്‍ പോകുന്നത്. താല്‍ക്കാലം ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് ലാഭകരമായ റൂട്ടില്‍മാത്രം അയച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
ഫലത്തില്‍ ദീര്‍ഘദൂര, ഹൃസ്വദൂര റൂട്ടുകളിലൊന്നും ബസ് അയക്കാന്‍ കഴിയാത്ത സ്ഥിതിയാണ് വരാന്‍ പോകുന്നത്. ജില്ലയില്‍ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, മല്ലപ്പള്ളി ഡിപ്പോകളില്‍നിന്ന് 253 ഷെഡ്യൂളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അടൂരിലെ 59 ഷെഡ്യൂള്‍ 16460 കിലോമീറ്ററാണ് ഓടുന്നത്. ഇതിന് പ്രതിദിനം 3400 ലിറ്റര്‍ ഡീസല്‍ വേണ്ടിവരും. തിരുവല്ലയിലെ 75 ഷെഡ്യൂള്‍ 22500 കിലോമീറ്ററാണ് ഓടുന്നത്. 5000 ലിറ്റാണ് ഇതിനാവശ്യമായി വരുന്നത്. പത്തനംതിട്ടയില്‍ 72 ഷെഡ്യൂള്‍ 23,500 കിലോമീറ്റര്‍ ഓടുമ്പോര്‍ 5200 ലിറ്റര്‍ ഡീസല്‍ വേണം. പന്തളത്തെ 17 ഷെഡ്യൂള്‍ 5105 കിലോമീറ്റര്‍ ഓടുമ്പോള്‍ 1080 ലിറ്റര്‍ ഡീസല്‍ വേണം. മല്ലപ്പള്ളിയിലെ 30 ഷെഡ്യൂള്‍ 9200 കിലോമീറ്റര്‍ ഓടുമ്പോള്‍ 2100 ലിറ്റര്‍ ഡീസലും വേണം. ആകെ 16780 ലിറ്റര്‍ ഉപയോഗിക്കുമ്പോള്‍ പുതുക്കിയ നിരക്കില്‍ രണ്ട് ലക്ഷം രൂപയാണ് അധിക ചെലവുണ്ടാകുന്നത്. ഫലത്തില്‍ ചെലവു താങ്ങാനാകാതെ ഉള്ള ഷെഡ്യൂളുകള്‍ റദ്ദാക്കുന്ന സ്ഥിതിയാകും ഉണ്ടാവുക.
മുമ്പ് എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 10 ശതമാനം ഷെഡ്യൂളുകള്‍ കൂടുന്നതായിരുന്നു പതിവ്. പുതിയ ബസുകള്‍ ഇറക്കുന്നതുകൊണ്ടാണ് അത് സാധ്യമായത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ ബസിറക്കാത്തതിനാല്‍ നിലവില്‍ 10 ശതമാനം ഷെഡ്യൂള്‍ കുറയുകയാണ് ചെയ്തത്. ഇതും പ്രതിസന്ധി വര്‍ധിപ്പിക്കും. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് ചോദിക്കുന്ന റൂട്ടില്‍ പെര്‍മിറ്റ് നല്‍കുന്ന രീതി തുടരുകയുമാണ്. പുല്‍പ്പള്ളി റൂട്ടില്‍ പുതുതായി നല്‍കിയത് സൂപ്പര്‍ എക്സ്പ്രസ് പെര്‍മിറ്റാണ്. എന്നാല്‍ രണ്ടു വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് സൂപ്പര്‍ എക്സ്പ്രസ് പെര്‍മിറ്റ് നല്‍കിയിട്ടുമില്ല. 20ഓളം പ്രൈവറ്റ് ബസുകള്‍ക്ക് പുതുതായി ദീര്‍ഘദൂര റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്്. എന്തായാലും ഡീസല്‍ പ്രതിസന്ധിയുടെ പേരില്‍ ശബരിമല റൂട്ടില്‍ സര്‍വീസിനയച്ച 650 ബസില്‍ 150 എണ്ണം റീജിയണല്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് അയച്ച് കഴിഞ്ഞു. ബാക്കി വന്ന ഡിപ്പോകളിലേക്കും പോയി.
നിര്‍ത്തിയതില്‍ അട്ടപ്പാടിയിലേക്കുള്ള 5 സര്‍വീസും ജില്ലയില്‍ 37 കെഎസ്ആര്‍ടിസി ബസ് റദ്ദാക്കി
പാലക്കാട്: ഡീസല്‍ വിലവര്‍ധിപ്പിച്ചതിന്റെ നഷ്ടം നികത്താന്‍ ബസ് സര്‍വീസുകള്‍ റദ്ദാക്കുമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രഖ്യാപനം നടപ്പാക്കി തുടങ്ങി. ജില്ലയില്‍ ഞായറാഴ്ച 37 കെഎസ്ആര്‍ടിസി ബസ് സര്‍വീസ് റദ്ദാക്കി. പിന്നോക്ക മേഖലയിലെയും മലയോര പ്രദേശങ്ങളിലെയും ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയതോടെ ജനം ദുരിതത്തിലായി. ആദ്യഘട്ടമായി വരുമാനം കുറഞ്ഞ റൂട്ടിലെ സര്‍വീസുകള്‍ റദ്ദാക്കാനാണ് ഉന്നതതലത്തില്‍നിന്ന് നിര്‍ദേശം. പിന്നോക്ക മേഖലയായ അട്ടപ്പാടി ആനക്കട്ടി, മലയോര മേഖലയായ ഒലിപ്പാറ, മംഗലംഡാം, കടപ്പാറ, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ധോണി, തോലന്നൂര്‍, പേഴുംകാട് തുടങ്ങിയ സ്ഥലങ്ങളിലെ ബസ് റദ്ദാക്കി സര്‍ക്കാര്‍ സാധാരണക്കാരനെ ദ്രോഹിച്ചിരിക്കുകയാണ്. സാധാരണക്കാരന് സേവനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈസ്ഥലങ്ങളില്‍ വരുമാനം കുറഞ്ഞിട്ടും സര്‍വീസ് നടത്തിയത്. എന്നാല്‍ ഇത്തരം സര്‍വീസുകളൊക്കെ ആദ്യം നിര്‍ത്താനാണ് ഉത്തരവ്. കൂടാതെ പമ്പയിലേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തിയ ബസുകളൊക്കെ പണിയുടെ പേരില്‍ എടപ്പാള്‍ വര്‍ക്ഷോപ്പില്‍ പിടിച്ചിട്ടിരിക്കുകയാണ്. ബസുകള്‍ ഓടാതായതോടെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഫോണ്‍വിളികള്‍ക്ക് ഉത്തരം പറഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മടുത്തു.
പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആകെ 86 ബസുകളില്‍ 17 വണ്ടി റദ്ദാക്കി. കുറ്റിപ്പുറത്തേക്കുള്ള നാലും കോയമ്പത്തൂരിലേക്കും ഗുരുവായൂരിലേക്കുമുള്ള മൂന്നും തൃശൂരിലേക്കുള്ള രണ്ടും ബസുമാണ് ഓട്ടം നിര്‍ത്തിയത്. മലമ്പുഴ, പെരിന്തല്‍മണ്ണ, പേഴുംകാവ്, ധോണി, വാളയാര്‍ എന്നിവിടങ്ങളിലേക്കുള്ള ഓരോ ബസ് വീതവും റദ്ദാക്കി. ദിവസം 18,000 ലിറ്റര്‍ ഡീസലാണ് പാലക്കാട് ഡിപ്പോയിലെ മുഴുവന്‍ സര്‍വീസുകളും നടത്താന്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ ശനിയാഴ്ച 13,500 ലിറ്റര്‍ ഡീസല്‍ മാത്രമേ എത്തിയിട്ടുള്ളൂ. സ്വകാര്യ ബസുകള്‍ പോലും വിരളമായി മാത്രം സര്‍വീസ് നടത്തുന്ന മലയോര മേഖലയായ ഒലിപ്പാറ, മംഗലംഡാം കടപ്പാറ എന്നിവിടങ്ങളിലേക്കുള്ള ബസാണ് വടക്കഞ്ചേരി സബ് ഡിപ്പോയില്‍ നിന്ന് റദ്ദാക്കിയത്. പാലക്കാട്ടേക്കും തൃശൂരിലേക്കുമുള്ള നാല് ബസുകളും നിര്‍ത്തി. ഇതുകൂടാതെ ഇവിടെനിന്ന് സര്‍വീസ് നടത്തുന്ന കോയമ്പത്തൂര്‍ ബസും ഞായറാഴ്ച സര്‍വീസ് നടത്തിയിട്ടില്ല. കേടായതിനാലാണ് ബസ് ഓടാത്തതെന്നാണ് വിശദീകരണം. ആകെ 31 ബസാണ് ഡിപ്പോയിലുള്ളത്.
മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ 37 ല്‍ എട്ട് ബസ് റദ്ദാക്കി. ഇതില്‍ അഞ്ചെണ്ണം ആദിവാസി മേഖലയായ അട്ടപ്പാടി ആനക്കട്ടിയിലേക്കുള്ളതാണ്. ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗം പ്രധാനമായും ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണ് ഇല്ലാതായിരിക്കുന്നത്. പാലക്കാട്, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ പ്രദേശങ്ങളിലേക്കുള്ള ബസുകളാണ് റദ്ദാക്കിയ ബാക്കി മൂന്നെണ്ണം. ചിറ്റൂര്‍ ഡിപ്പോയില്‍ 42 ബസാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ശബരിമല യാത്രയ്ക്ക് ശേഷം അറ്റകുറ്റപ്പണിയിലാണ്. ബാക്കിയുള്ള 37 ല്‍ അഞ്ച് സര്‍വീസ് റദ്ദാക്കി. ഗുരുവായൂര്‍, ചെമ്മണാംപതി, പൊള്ളാച്ചി, തിരുവില്വാമല, പട്ടാമ്പി എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ് റദ്ദാക്കിയത്. ഇത്രയധികം ബസുകള്‍ റദ്ദാക്കിയത് സ്വകാര്യ ബസുകള്‍ക്ക് ചാകരയായിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ഗതാഗത മാര്‍ഗമായ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന ഈ ഡീസല്‍ വര്‍ധനയ്ക്കെതിരെ ജീവനക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബസ് ചാര്‍ജ് കൂട്ടില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി കണ്ടെത്തിയ പരിഹാരമാണ് റദ്ദാക്കല്‍.
deshabhimani 210113
No comments:
Post a Comment