ജയ്പുര്‍: യുപിഎ സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജയ്പ്പുരില്‍ ചേര്‍ന്ന എഐസിസി സമ്മേളനം പ്രഖ്യാപിച്ചു. ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നയം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും സമ്മേളനം വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശനിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളും. ചില്ലറവിപണിയില്‍ എഫ്ഡിഐ അനുവദിച്ചത് ഉള്‍പ്പടെയുള്ള നയങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഭരണം കൂടുതല്‍ സുതാര്യമാക്കാനാണ് ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതെന്ന് സമ്മേളനം അവകാശപ്പെട്ടു.
രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ ഉഴലുകയാണ്. പോഷകാഹാരക്കുറവ്, കുടിവെള്ളം, വീട് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. പ്രാദേശിക അസമത്വം നിലനില്‍ക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനം നടപ്പാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്ന് ഓരോ സംസ്ഥാനത്തും മുന്നണി രൂപീകരിക്കും. എന്നാല്‍, ഇതിനായി കോണ്‍ഗ്രസ് നയങ്ങളില്‍ വെള്ളംചേര്‍ക്കില്ല. യുവജനങ്ങള്‍, സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രാധാന്യം നല്‍കും. നിയമനിര്‍മാണ സഭകളില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ലോക്പാല്‍ ബില്‍ ഉടന്‍ പാസാക്കും. തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ക്കും ജുഡീഷ്യല്‍ പരിഷ്ക്കാരങ്ങള്‍ക്കുമുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. നാണ്യപ്പെരുപ്പം കുറയ്ക്കാന്‍ പ്രവര്‍ത്തനം തുടരും. ചെലവും കമ്മിയും കുറച്ച് ലക്ഷ്യം നേടും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. ഒരു വര്‍ഷം ഒരു കോടി തൊഴിലവസരണങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷിക വളര്‍ച്ചാനിരക്ക് നാലു ശതമാനമാക്കും. കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് കൂടുതല്‍ വില ഉറപ്പാക്കും. ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കും. ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്‍ ഉടന്‍ കൊണ്ടുവരും. തൊഴിലാളികള്‍ക്ക് മിനിമം കൂലിയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ നടപടികളും ഉറപ്പാക്കുന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് പാര്‍ടിയിലെ എല്ലാ സ്ഥാനങ്ങളിലും മുപ്പതുശതമാനം സ്ത്രീകള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കും. മാറിയ ആഗോള സാഹചര്യത്തിന് അനുസൃതമായാണ് വിദേശനയം രൂപപ്പെടുത്തിയത്. അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രശ്നങ്ങളും ആശങ്കകളും മനസ്സിലാക്കണം. സംഭാഷണം പരിഷ്കൃതമായ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള തത്വങ്ങളില്‍ ഉറച്ചുനിന്നായിരിക്കണം. അവ ലംഘിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ മടിക്കില്ല. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും സമ്മേളനം വ്യക്തമാക്കി.
(വി ജയിന്‍)
കോണ്‍ഗ്രസിനെയും ഭരണത്തെയും വിമര്‍ശിച്ച് രാഹുല്‍
ജയ്പുര്‍: കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും സാധാരണക്കാരുടെ വികാരം ഉള്‍കൊള്ളുന്നില്ലെന്ന് രാഹുല്‍ഗാന്ധി. എഐസിസി വൈസ് പ്രസിഡന്റായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന സംവിധാനത്തില്‍ കുറച്ച് ആളുകള്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജനങ്ങളെ ഈ സംവിധാനത്തിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. അവരെ ശാക്തീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് താല്‍പ്പര്യമില്ല. ഇങ്ങനെ പുറത്തുനിര്‍ത്തപ്പെട്ടവരാണ് പ്രതിഷേധവുമായി തെരുവില്‍ അണിനിരക്കുന്നത്. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കുന്ന ജനത അക്കാരണത്താല്‍ അഴിമതിക്കാരാണ്. ജനങ്ങള്‍ എന്നും നിശ്ശബ്ദരായി നോക്കിനില്‍ക്കില്ല. ഇന്നുള്ള സംവിധാനങ്ങള്‍ അടിമുടി മാറണം. വലിയ പാര്‍ടിയായ കോണ്‍ഗ്രസിനുള്ളില്‍ ഒന്നിനും വ്യവസ്ഥയില്ല. ഈ പാര്‍ടി എങ്ങനെ മുന്നോട്ടുപോകുന്നുവെന്നത് അത്ഭുതകരമാണ്. നേതൃത്വവികസനത്തില്‍ പാര്‍ടി ശ്രദ്ധിക്കുന്നില്ല. മുകളില്‍നിന്ന് സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നതിനാല്‍ പലരും തോല്‍ക്കുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ച രാത്രി അമ്മ സോണിയ ഗാന്ധി തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും രാഹുല്‍ പറഞ്ഞു.
deshabhimani 210113
No comments:
Post a Comment