Monday, January 7, 2013

കുടിവെള്ളത്തിന് വില വീണ്ടും കൂട്ടണം : ജല അതോറിറ്റി

കുടിവെള്ളത്തിന് വീണ്ടും വില കൂട്ടണമെന്ന് ജല അതോറിട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രി പി ജെ ജോസഫ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരാണ് ആവശ്യം ഉന്നയിച്ചത്. മിനിമം വില 100 രൂപയെങ്കിലും ആക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്കാലുള്ള ആവശ്യം 14നുശേഷം രേഖാമൂലം സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ജല അതോറിട്ടിയുടെ നീക്കം. 5,000 ലിറ്റര്‍ ഉപഭോഗത്തിന് കുറഞ്ഞത് 100 രൂപ വിലയീടാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഒപ്പം അളവ് 10,000 ലിറ്ററായി ഉയര്‍ത്തണം. പിന്നീടുള്ള അധിക ഉപഭോഗത്തില്‍ ഓരോ 5,000 ലിറ്ററിനും 50 രൂപവീതം വര്‍ധിപ്പിക്കണം. നിലവില്‍ 5,000 ലിറ്ററിന് 20 രൂപയും, 10,000 ലിറ്ററിന് 40 രൂപയും, 20,000 ലിറ്ററിന് 50 രൂപയുമാണ് ഈടാക്കുന്നത്. ദാരിദ്ര രേഖയ്ക്കു താഴയുള്ളവരില്‍നിന്നും വെള്ളത്തിന് വില ഈടാക്കണമെന്നും ജല അതോറിട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. 10, 000 ലിറ്റര്‍വരെ ഉപഭോഗം സൗജന്യമായിരിക്കും. ഇതിനുമുകളില്‍ വെള്ളം ഉപയോഗിച്ചാല്‍ പൊതുവിഭാഗത്തിന് ചുമത്തുന്ന വില ഈടാക്കണമെന്നാണ് ആവശ്യം.

ജല അതോറിട്ടി എംഡി സ്ഥലത്തില്ല. ഇദ്ദേഹം 14ന് എത്തിയാലുടന്‍ രേഖാമൂലം നിര്‍ദേശം സര്‍ക്കാരിന് നല്‍കും. അതോറിട്ടിയുടെ പ്രതിമാസ നഷ്ടം വര്‍ധിക്കുന്നതും വൈദ്യുതി ചാര്‍ജ് വര്‍ധനയുമാണ് ചാര്‍ജ് കൂട്ടല്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതിന് കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പ്രതിമാസ നഷ്ടം 24 കോടി രൂപയായി ഉയര്‍ന്നു. വൈദ്യുതി ചാര്‍ജ് വര്‍ധനയിലൂടെ നാലുകോടി രൂപയുടെ അധിക ബാധ്യത വരുന്നു. ഏപ്രിലില്‍ വീണ്ടും ചാര്‍ജ് വര്‍ധിപ്പിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.

deshabhimani 070113

No comments:

Post a Comment