Wednesday, January 23, 2013

ബിജെപിയില്‍ പൊട്ടിത്തെറി, ഗഡ്കരി രാജിവച്ചു , രാജ്നാഥ് ബിജെപി പ്രസിഡന്റ്


അഴിമതി ആരോപണം നേരിടുന്ന ബിജെപി മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരി രാജിവച്ചു. പുതിയ പ്രസിഡന്റായി രാജ്നാഥ്സിങ് ചുമതലയേല്‍ക്കും. പാര്‍ടി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ഗഡ്കരിയുടെ നാടകീയരാജി. മുന്‍ കേന്ദ്രകൃഷിമന്ത്രിയും പാര്‍ടി മുന്‍ പ്രസിഡന്റുമായ രാജ്നാഥ്സിങ്ങാണ് ഗഡ്കരിയുടെ പിന്‍ഗാമി.

അഴിമതി ആരോപണത്തില്‍ പുറത്തുപോകേണ്ടിവരുന്ന രണ്ടാമത്തെ ബിജെപി അധ്യക്ഷനാണ് ഗഡ്കരി. പ്രതിരോധ ഇടപാടിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട തെഹല്‍ക വെളിപ്പെടുത്തലിനെ തുടര്‍ന്ന് നേരത്തേ ബംഗാരു ലക്ഷ്മണും അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. ഗഡ്കരിയെത്തന്നെ വീണ്ടും അധ്യക്ഷനാക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്ന ആര്‍എസ്എസിലെ പ്രബലവിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഗഡ്കരിയുടെ രാജി. അധ്യക്ഷസ്ഥാനത്ത് ഗഡ്കരിക്ക് രണ്ടാമൂഴം നല്‍കാന്‍ ബിജെപി നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി നയിക്കുന്ന വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് തടസ്സമായി. ഗഡ്കരിക്കെതിരെ മത്സരിക്കാന്‍ യശ്വന്ത് സിന്‍ഹ തയ്യാറെടുത്തിരുന്നു. ഇതോടെ സംഘപരിവാര്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി. തുടര്‍ന്ന് ബിജെപി ഉന്നതനേതാക്കളുടെ അടിയന്തര യോഗം മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ വസതിയില്‍ ചേര്‍ന്നു.

രണ്ടാംതവണ അധ്യക്ഷനാകാനില്ലെന്ന് നിതിന്‍ ഗഡ്കരി യോഗത്തെ അറിയിച്ചു.ബിജെപിയില്‍ ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ടത് തിരിച്ചറിഞ്ഞായിരുന്നു ഇത്. ഇതോടെ മുന്‍ അധ്യക്ഷന്മാരായ രാജ്നാഥ്സിങ്, വെങ്കയ്യ നായിഡു എന്നിവരുടെ പേര് പരിഗണനയിലെത്തി. സുഷമ സ്വരാജിനെ അധ്യക്ഷയാക്കാനായിരുന്നു അദ്വാനിയുടെ താല്‍പ്പര്യം. എന്നാല്‍, ആര്‍എസ്എസിന് കൂടി താല്‍പ്പര്യമുള്ളയാളെന്ന പരിഗണനയില്‍ രാജ്നാഥ്സിങ്ങിനെ തെരഞ്ഞെടുക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. അഴിമതി ആരോപണത്തില്‍ കുരുങ്ങിക്കിടക്കുന്ന പൂര്‍ത്തി കമ്പനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയതോടെയാണ് ഗഡ്കരിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായത്.

യുപിഎ സര്‍ക്കാര്‍ ഗഡ്കരിക്കെതിരായി ആദായനികുതി വകുപ്പിനെ ദുരുപയോഗിക്കുകയാണെന്നായിരുന്നു നേരത്തേ ബിജെപി വക്താവ് സയ്യദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം അധ്യക്ഷനെ മാറ്റാന്‍ ബിജെപി നിര്‍ബന്ധിതമായി. ആരോപണങ്ങള്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഗഡ്കരി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ബിജെപിയുടെ എളിയ പ്രവര്‍ത്തകനായി തുടരും-പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ രാജ്നാഥ്സിങ്ങിനെ ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗം അധ്യക്ഷനായി വ്യാഴാഴ്ച നിര്‍ദേശിക്കും. ഗഡ്കരിയെ രണ്ടാമതും അധ്യക്ഷനാക്കാന്‍ ബിജെപിയുടെ ഭരണഘടനയിലടക്കം നേരത്തെ മാറ്റംവരുത്തി. ആര്‍എസ്്എസ് പിന്തുണ മാത്രമായിരുന്നു പിന്‍ബലം. പൊതുനിലപാടിന് അനുസരിച്ച് മാറാന്‍ ആര്‍എസ്എസും തയ്യാറായതോടെ ഗഡ്കരിക്ക് രാജിവയ്ക്കാതെ നിവൃത്തി ഇല്ലെന്നായി.

ബിജെപിയില്‍ പൊട്ടിത്തെറി

അഴിമതി ആരോപണ വിധേയനായ നിതിന്‍ ഗഡ്കരിയെ വീണ്ടും അധ്യക്ഷനാക്കാനുള്ള ആര്‍എസ്എസ് നീക്കം പാളി. ബിജെപിയില്‍ ഉണ്ടായ പൊട്ടിത്തെറിയെതുടര്‍ന്ന് രാജ്നാഥ്സിങ് അപ്രതീക്ഷിതമായി വീണ്ടും അധ്യക്ഷ സ്ഥാനത്തെത്തും. ബുധനാഴ്ച പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം ഗഡ്കരിക്ക് പകരക്കാരനെ കണ്ടെത്തിയത്. ഇതോടെ താന്‍ ഉടനെ ചുമതലകള്‍ ഒഴിയുകയാണെന്നും ഗഡ്കരി നേതാക്കളെ അറിയിച്ചു. ഗഡ്കരിക്കെതിരെ മത്സരിക്കാന്‍ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ബിജെപി തയ്യാറായില്ല. ഗഡ്കരിയുടെ പുര്‍ത്തി കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് ആദായനികുതിവകുപ്പ് പരിശോധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവവികാസം. ഇതോടെ നിതിന്‍ ഗഡ്കരിയെ തുടര്‍ച്ചയായി രണ്ടാംതവണയും അധ്യക്ഷപദവിയില്‍ അവരോധിക്കാനുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നീക്കം കടുത്ത വെല്ലുവിളിയിലായി. ഗഡ്കരിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ മുതിര്‍ന്ന ബിജെപി നേതാവ് രാംജത്മലാനിയുടെ മകന്‍ മഹേഷ് ജത്മലാനിക്ക് നാമനിര്‍ദേശപത്രിക നിരസിച്ചതിനു പിന്നാലെയാണ് യശ്വന്ത് സിന്‍ഹ പത്രിക ആവശ്യപ്പെട്ടത്. എല്‍ കെ അദ്വാനി അടക്കമുള്ള പ്രബലരായ നേതാക്കളുടെ പിന്തുണയോടെയാണ് സിന്‍ഹ നീക്കം നടത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ആര്‍എസ്എസിനെ ധിക്കരിച്ച് പരസ്യമായി രംഗത്തുവരാന്‍ പല നേതാക്കളും മടിക്കുകയാണെങ്കിലും ഗഡ്കരിയോട് സന്ധിചെയ്യാന്‍ ഇവര്‍ തയ്യാറല്ല. ആര്‍എസ്എസ് സമ്മര്‍ദത്തെത്തുടര്‍ന്നാണ് മഹേഷ് ജത്മലാനിക്ക് ബിജെപി നാമനിര്‍ദേശ പത്രിക നിരസിച്ചത്. സാങ്കേതിക കാരണങ്ങളാണ് ഇതിനായി നിരത്തിയത്. ബുധനാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. യശ്വന്ത് സിന്‍ഹ മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഇരുപക്ഷത്താകും. ഈ പശ്ചാത്തലത്തില്‍ അറ്റകൈയായി നിതിന്‍ ഗഡ്കരിയെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ചും പരിവാര്‍കേന്ദ്രങ്ങള്‍ ആലോചിക്കുന്നുണ്ട്. ബിജെപി മുന്‍ അധ്യക്ഷന്‍കൂടിയായ രാജ്നാഥ്സിങ്ങിന്റെ പേരാണ് പകരം ഉയര്‍ന്നുകേള്‍ക്കുന്നത്. ഗഡ്കരിയെ രണ്ടാമതും അധ്യക്ഷനാക്കാന്‍ ബിജെപിയുടെ ഭരണഘടനയിലടക്കം നേരത്തെ മാറ്റംവരുത്തി. എന്നാല്‍, ഒന്നൊന്നായി അഴിമതി ആരോപണം ഉയര്‍ന്നതോടെ ഗഡ്കരി ബിജെപിയില്‍ ഏതാണ്ട് ഒറ്റപ്പെട്ടു. ആര്‍എസ്്എസ് പിന്തുണ മാത്രമായിരുന്നു പിന്‍ബലം. അധ്യക്ഷനെതിരായ ആരോപണം പ്രതിരോധിക്കാന്‍ കഴിയാതായതോടെ പാര്‍ടി പ്രതിസന്ധിയിലായി. ആര്‍എസ്എസ് നിര്‍ദേശപ്രകാരം ഗഡ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ വിളിച്ചുചേര്‍ത്ത കോര്‍ കമ്മിറ്റി യോഗം എല്‍ കെ അദ്വാനി ബഹിഷ്കരിച്ചിരുന്നു. യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിങ്, രാംജത്മലാനി തുടങ്ങിയവര്‍ ഗഡ്കരിക്കെതിരെ രംഗത്തെത്തി. കൈക്കൂലി വാങ്ങിയതിനെത്തുടര്‍ന്ന് മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിനെ ബിജെപി പുറത്താക്കിയിരുന്നു. ഇതേ മാനദണ്ഡം ഗഡ്കരിയുടെ കാര്യത്തിലും പിന്തുടരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഗഡ്കരിയെ അധ്യക്ഷനാക്കി അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാകില്ലെന്നും ഈ വിഭാഗം വാദിച്ചിരുന്നു.

ഗഡ്കരിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

മുംബൈ: നിതിന്‍ ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള "പുര്‍ത്തി കമ്പനി"യുമായി ബന്ധമുള്ള മുംബൈയിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കമ്പനികള്‍ യഥാര്‍ഥത്തിലുള്ളതാണോയെന്നും അവയുടെ വിലാസവും വിശദാംശവും ബിസിനസിന്റെ സ്വഭാവവും പരിശോധിച്ചെന്നും മുന്‍ പരിശോധനകളുടെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ചത്തേതെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുര്‍ത്തി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളിലെ സംശയാസ്പദമായ നിക്ഷേപം സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിനായി തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ ഗഡ്കരിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തിരക്കുകള്‍മൂലം തിങ്കളാഴ്ച ഹാജരാകുന്നതില്‍നിന്ന് അദ്ദേഹം അവധി വാങ്ങിയിരിക്കെയാണ് റെയ്ഡ്.

deshabhimani 230113

No comments:

Post a Comment