Wednesday, January 23, 2013

കോര്‍പറേറ്റ് പാര്‍ടിയാകാന്‍ കോണ്‍ഗ്രസ്


രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷനായതോടെ കോണ്‍ഗ്രസ് പൂര്‍ണമായും കോര്‍പറേറ്റ് സംവിധാനത്തിലേക്ക് .യൂത്ത് കോണ്‍ഗ്രസിലും എന്‍എസ്യുഐയിലും രാഹുല്‍ നടത്തിയ പരിഷ്കാരങ്ങള്‍ കോണ്‍ഗ്രസ് സംഘടനയിലേക്കും വ്യാപിപ്പിക്കുമ്പോള്‍ ഏറെക്കാലമായി നിലനിന്നിരുന്ന സംവിധാനമാണ് വഴിമാറുന്നത്. കോണ്‍ഗസില്‍ അടിമുടി നിലനിന്ന മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടവും നിയന്ത്രണവും കോര്‍പറേറ്റ് സ്വഭാവമുള്ള സംവിധാനത്തിന് വഴിമാറും. സംഘടനയില്‍ നിലവിലുള്ള സംവിധാനങ്ങളില്‍ സമൂലമാറ്റം വരുത്തുമെന്ന് രാഹുല്‍ അവകാശപ്പെടുമ്പോഴും ജനങ്ങള്‍ക്ക് ഇത് എന്ത് മാറ്റമായാണ് അനുഭവപ്പെടുകയെന്ന് എല്ലാവരും കാത്തിരിക്കുകയാണ്. രണ്ടാംയുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ മാറ്റംവരുത്തുമെന്ന് രാഹുലിന്റെ പ്രസംഗത്തില്‍ ഒരിടത്തും പറയുന്നില്ല. പുതിയ മധ്യവര്‍ഗത്തിന്റെ ആശങ്കകള്‍ അകറ്റുന്നതിലാണ് രാഹുലിന്റെ ഊന്നല്‍. ഇങ്ങനെയൊരു മധ്യവര്‍ഗത്തെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസില്‍നിന്ന് അവര്‍ അകന്നുപോകാന്‍ പാടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഉദാരവല്‍ക്കരണംമൂലം വളരെ താഴേക്കു പതിച്ച വലിയൊരു വിഭാഗം ജനങ്ങളുടെ ആശങ്കകള്‍ രാഹുല്‍ പങ്കുവച്ചില്ല. ഒപ്പം വരുമെന്നു പ്രതീക്ഷിച്ച മധ്യവര്‍ഗം അകലുകയാണെന്ന് കോണ്‍ഗ്രസിന്റെ ജയ്പുര്‍ ചിന്തന്‍ ശിബിര്‍ സമ്മതിച്ചു. അതേസമയം, കോണ്‍ഗ്രസില്‍നിന്ന് അകന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ഒരു പരിപാടിയും മുന്നോട്ടുവയ്ക്കുന്നില്ല.

പാര്‍ടിയും ഭരണവും രണ്ടുവഴിക്ക്; ശൈലി മാറ്റം ചര്‍ച്ചയാകും

തിരു: സംസ്ഥാനഭരണവും പാര്‍ടിയും തമ്മിലുള്ള ഭിന്നിപ്പ് 25ന് ചേരുന്ന കെപിസിസി നേതൃയോഗം ചര്‍ച്ചചെയ്യും. ഭരണം നിരാശാജനകമായെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശൈലി മാറ്റണമെന്നും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്ന അന്തരീക്ഷത്തില്‍ ഇത് ഗ്രൂപ്പുകള്‍ക്കതീതമായ വികാരമായി മാറുന്നുണ്ട്. പാര്‍ടിയില്‍നിന്ന് ഭരണം അകന്നുപോയതില്‍ നേതൃനിര അസന്തുഷ്ടരാണ്. സുപ്രധാന തീരുമാനങ്ങള്‍ പലതും കെപിസിസി പ്രസിഡന്റുപോലും അറിയുന്നില്ല. മന്ത്രിമാരുടെ തന്നിഷ്ടങ്ങളും മുസ്ലിംലീഗിന്റെ താന്‍പ്രമാണിത്തവും ഇതിനെ നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥയും ചര്‍ച്ചയാകും. മലബാറിലെ 33 സ്കൂളുകളെ എയ്ഡ്ഡ് പദവിക്ക് തുല്യമാക്കിയതും സഹകരണ ബാങ്കുകളുടെ വീതംവയ്പും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വനംവകുപ്പിന്റെ നടപടിയും വിമര്‍ശനവിഷയങ്ങളാകും. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ കേന്ദ്രതീരുമാനം ഉള്‍പ്പെടെയുള്ളവയില്‍ മാറ്റംവരുത്താന്‍ പ്രധാനമന്ത്രിയെ അടക്കം കാണാന്‍ കേരളപ്രതിനിധി സംഘം പോകണമെന്ന നിര്‍ദേശം യോഗത്തില്‍ വരും.

അനാരോഗ്യം പറഞ്ഞ് ജയ്പുര്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന ഉമ്മന്‍ചാണ്ടി അതേ ദിവസങ്ങളില്‍ അഞ്ചും ആറും പരിപാടികളില്‍വരെ പങ്കെടുത്തതിലെ പൊരുത്തക്കേട് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടനയ്ക്കുശേഷം ചേരുന്ന രണ്ടാമത്തെ യോഗമാണ് 25ന്. ഡിസംബര്‍ 29ന് പിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ആദ്യയോഗം ചേര്‍ന്നെങ്കിലും കാര്യമായ ചര്‍ച്ച ഉണ്ടായില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരസ്യപ്രസ്താവന വിലക്കിയെങ്കിലും പല ജില്ലകളിലും ഗ്രൂപ്പ് യുദ്ധം തീവ്രം. ഭാരവാഹികളുടെ ചുമതല വിഭജിച്ചതില്‍ വേണ്ടത്ര ആലോചനയുണ്ടായില്ലെന്ന ആക്ഷേപവും യോഗത്തില്‍ ഉയരും. കെപിസിസി നേതൃയോഗത്തിനുശേഷം മതി യുഡിഎഫ് ഏകോപനസമിതി യോഗം എന്നതുകൊണ്ട് ബുധനാഴ്ച ചേരാനിരുന്ന യുഡിഎഫ് യോഗം 29ലേക്ക് മാറ്റി.

deshabhimani 230113

No comments:

Post a Comment