Wednesday, January 9, 2013

കാവിക്കൊടിയുടെ ഭീകരതയില്‍ എം.ജി.കോളേജ്

ദേശാഭിമാനി 090113

വിദ്യാര്‍ഥിനിയെ പൂട്ടിയിട്ടവര്‍ എംജി കോളേജിലെ സ്ഥിരം ക്രിമിനലുകള്‍

തിരു: എംജി കോളേജില്‍ പെണ്‍കുട്ടിയെ നാലുമണിക്കൂര്‍ പൂട്ടിയിട്ട എബിവിപിക്കാര്‍ കോളേജിലെ സ്ഥിരം ക്രിമിനലുകള്‍. മുന്‍ ചെയര്‍മാന്‍ സായിനാഥ്, സഹോദരിയും കോളേജ് ചെയര്‍പേഴ്സണ്‍കൂടിയായ സത്യ, വിഷ്ണു, കോളേജ് ജനറല്‍സെക്രട്ടറി ആനന്ദ്, അഭിദേവ് എന്നിവരടക്കം ആറ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ശരണ്യ എന്ന വിദ്യാര്‍ഥിനി പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതില്‍ സായിനാഥ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തിവരുന്നത്. നവംബറില്‍ ബൈഠക്കില്‍ പങ്കെടുക്കാത്തതിന്റെപേരില്‍ രണ്ടാംവര്‍ഷ ഇംഗ്ലീഷ് ബിരുദവിദ്യാര്‍ഥി അഭിജിത്തിനെ മര്‍ദിച്ച കേസില്‍ ഇവര്‍ പ്രതികളാണ്. സത്യയും മറ്റൊരു വിദ്യാര്‍ഥിനിയും ചേര്‍ന്നാണ് തന്നെ അക്രമിസംഘം തമ്പടിച്ചിരിക്കുന്ന മുറിയിലേക്ക് കയറ്റിവിട്ടതെന്ന് ശരണ്യ പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. ശരണ്യയുടെ ബന്ധുവായ യുവാവ് ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുറിയില്‍ പൂട്ടിയിട്ടത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന എബിവിപിക്കാര്‍ തങ്ങള്‍ക്കുനേരെ പരാതിപറയുന്നവരെ ഭീഷണിപ്പെടുത്തുന്ന സംഭവത്തിനും അറുതിയില്ല. ഇതുകാരണം പെണ്‍കുട്ടികളടക്കം കോളേജ് മാനേജ്മെന്റില്‍ പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. സംഭവം അറിഞ്ഞാല്‍ത്തന്നെയും പ്രശ്നം നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു. ശരണ്യയെ മുറിയില്‍ പൂട്ടിയിട്ടതായി തങ്ങള്‍ക്ക് അറിയില്ലെന്ന കോളേജ് പ്രിന്‍സിപ്പലിന്റെ പ്രസ്താവന എബിവിപി ക്രിമിനലുകളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദ്യാര്‍ഥികള്‍തന്നെ പറയുന്നു.

deshabhimani 100113

No comments:

Post a Comment