Wednesday, January 9, 2013

ജലവിതരണം കച്ചവടമാക്കാന്‍ അനുവദിക്കില്ല: പിണറായി


ജലവിതരണ രംഗം പൂര്‍ണ്ണമായും സ്വകാര്യ  വല്‍ക്കരിക്കാനുള്ള നീക്കം നടപ്പാക്കാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ ചുമതല പൂര്‍ണ്ണമായും ഒരു പുതിയ കമ്പനിക്ക് കൈമാറാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ജലവിഭവ വകുപ്പില്‍ നിന്ന് ഡിസംബര്‍ 31ന് ഉത്തരവിറങ്ങി കഴിഞ്ഞു.

51 ശതമാനം സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിയാണിത്. കേരളത്തില്‍ കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുന്നത് ഇവരായിരിക്കും. പദ്ധതികളുടെ അറ്റകുറ്റ പണിയും ജലവിതരണവും എല്ലാം ഇവരുടെ ചുമതലയിലാകും. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി നിര്‍വ്വഹിച്ചുവരുന്ന ചുമതലകളാണിത്. 2014ല്‍ മാര്‍ച്ചോടെ പഞ്ചായത്തുകളിലും 2015 ഓടെ മുനിസിപ്പാലിറ്റികളിലും 2016 ഓടെ കോര്‍പ്പറേഷനുകളിലും ചുമതല കമ്പനിക്കാകും. വാട്ടര്‍ അതോറിറ്റിയുടെ മരണവാറണ്ടാണിത്. നാലുകൊല്ലത്തെ ആയുസ്സേ വാട്ടര്‍ അതോറിറ്റിക്കുള്ളൂ.

സ്വകാര്യമേഖലക്ക് മുന്‍തൂക്കമുള്ള കമ്പനിയായതിനാല്‍ കുടിവെള്ളവിതരണം കച്ചവടമാകും. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്കാണ് വെള്ളം നല്‍കുന്നത്. വീടുകളില്‍ 10000 ലിറ്ററിന് 42 രൂപയാണ് ഇപ്പോള്‍ നിരക്ക്. ഇത് കുത്തനെ കൂടും. ഇപ്പോള്‍തന്നെ സ്വകാര്യ കമ്പനികള്‍ വെള്ളം വില്‍ക്കുന്നത് ലിറ്ററിന് 15 രൂപയ്ക്കാണ്. അപ്പോള്‍ വെള്ളത്തിന് എത്രരൂപ വരെ കൂടും എന്ന് ഊഹിക്കാം.

സേവനമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറുക എന്ന കേന്ദ്രനയം തന്നെ ഇവിടെയും പിന്തുടരുകയാണ്. കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും ശ്രമിച്ചതാണ്. അന്ന് ജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചതാണ്. ഇപ്പോഴത്തെ നീക്കത്തെയും എല്ലാ വിഭാഗം ജനങ്ങളും യോജിച്ചെതിര്‍ക്കണം. കേരളത്തിന്റെ ഭാവിയെതന്നെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇതിനെ കാണണം- പിണറായി അഭ്യര്‍ത്ഥിച്ചു.

അക്രമികളെ ഇറക്കി സമരം നേരിടുന്നത് കൈവിട്ടകളി

തിരു: ജീവനക്കാരുടെ സമരം നേരിടാന്‍ കെഎസ് യുക്കാരെ ഇറക്കിഅക്രമം നടത്തുന്നത് കൈവിട്ട കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നേരിടുന്നതിന് കെഎസ് യുക്കാരെ ഇറക്കിവിടുന്നത് ജനാധിപത്യസംവിധാനത്തിന് വലിയ കോട്ടമുണ്ടാക്കും. അക്രമം നടത്തി സമരം നിര്‍ത്താമെന്ന് കരുതണ്ട. കൈവിട്ട കളിയാണതെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ഓര്‍ക്കുന്നത് നല്ലതാണ്.

സമരത്തിന് നല്ല പിന്തുണയാണ് ജീവനക്കാരില്‍നിന്നും ഉണ്ടാകുന്നത്. അതിന്റെ വിറളിയാണ് സര്‍ക്കാരിന്. ജീവനക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം തീര്‍ക്കാന്‍ തയ്യാറാവണം. ഏതെങ്കിലും തരത്തിലുള്ള പിടിവാശി ഗുണം ചെയ്യില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഒരേഓഫീസില്‍ രണ്ടുതരം ജീവനക്കാരുണ്ടാകും. നിലവിലിലുള്ളവരുടെ ശമ്പളത്തില്‍ കൈവെക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ അവരുടെ കാര്യത്തിലും അതേനയം ഉണ്ടാകും. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവരും ലഭിക്കാത്തവരുമായ രണ്ടുവിഭാഗം ഉണ്ടാകും. അത്തരം ഒരുനയത്തെ എങ്ങനെ എതിര്‍ക്കാതിരിക്കും. സമരം ന്യായമായും തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.

റെയില്‍വേ നിരക്ക് വര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭമുയരണം. 12000 കോടിയുടെ ബാധ്യത സാധാരണക്കാരില്‍ കെട്ടിവയ്ക്കാനാണ് റെയില്‍വേ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment