Wednesday, January 23, 2013

സ്ത്രീപീഡനം പെരുകാന്‍ കാരണം ഭരണപരാജയം: വര്‍മ കമ്മിറ്റി


ബലാത്സംഗം അടക്കമുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം ഭരണസംവിധാനത്തിന്റെ പരാജയമാണെന്ന് ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബലാത്സംഗ കേസില്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കേണ്ടെന്നും ജീവിതാവസാനംവരെ തടവുശിക്ഷ നല്‍കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. സ്ത്രീപീഡന കേസുകള്‍ വനിതാ ജഡ്ജിമാര്‍ കേള്‍ക്കുകയും വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. പുതിയ നിയമങ്ങള്‍ക്കു പകരം നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കണം. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതിനെത്തുടര്‍ന്നാണ് സ്ത്രീപീഡനം തടയാനുള്ള നിയമം സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ കമ്മിറ്റി രൂപീകരിച്ചത്. ഹിമാചല്‍പ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലീല സേത്ത്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഡിസംബര്‍ 23നാണ് സമിതി രൂപീകരിച്ചത്. ഏകദേശം 80,000 നിര്‍ദേശങ്ങള്‍ സമിതിക്ക് ലഭിച്ചു. 29 ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ മന്ത്രാലയങ്ങളുടെ പ്രതികരണം തണുപ്പനായിരുന്നെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് വര്‍മ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷാ ചുമതല നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡല്‍ഹി പൊലീസ് കമീഷണറെ പ്രശംസിച്ചത് അതിനേക്കാള്‍ ഞെട്ടിച്ചു. ഡല്‍ഹിയില്‍ ട്രാഫിക് നിയന്ത്രണത്തില്‍ വന്ന വന്‍ പാളിച്ചകളും ഡിസംബര്‍ 16ന് നടന്ന കൂട്ട ബലാത്സംഗത്തിന് കാരണമായിട്ടുണ്ട്. ഡല്‍ഹി സംഭവത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം അവസരോചിതമായിരുന്നു. എന്നാല്‍, അതിനെ തല്ലിയൊതുക്കാന്‍ ശ്രമിച്ച പൊലീസ് നടപടി അപലപനീയവും. പ്രതിഷേധക്കാര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നത് അഭിനന്ദനാര്‍ഹമാണ്.

പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപഹസിക്കുംവിധം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് തടയാനാണ് ആദ്യം ശക്തമായ നടപടി വേണ്ടത്. ഒളിഞ്ഞുനോട്ടക്കാര്‍, യാത്രയ്ക്കിടയില്‍ ശല്യംചെയ്യുന്നവര്‍ എന്നിവരെ സ്ത്രീപീഡനകേസ് ചുമത്തി വിചാരണചെയ്യണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ലിംഗവിവേചനം അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സിഎജി മാതൃകയില്‍ ഭരണഘടനാ സ്ഥാപനം രൂപീകരിക്കണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസ് നേരിടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ സ്വമേധയാ സ്ഥാനമൊഴിയണം. ജാതിപഞ്ചായത്തുകളെ തകര്‍ക്കണം. സംഘര്‍ഷമേഖലകളില്‍ സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമം പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
(വി ജയിന്‍)

deshabhimani 240113

No comments:

Post a Comment