Sunday, January 20, 2013

തീവ്രവാദത്തിന്റെ വിത്തുപാകാന്‍ ഉമ്മന്‍ചാണ്ടി അവസരമൊരുക്കുന്നു


സാംസ്കാരികവിരുന്നോടെ വരവേല്‍പ്പ്

തൃശൂര്‍: മനുഷ്യര്‍ ഒന്നാണെന്ന ഐക്യസന്ദേശവുമായി ദേശാഭിമാനപ്രചോദിതരായ യുവചൈതന്യത്തെ സാംസ്കാരിക ജില്ല ആവേശം അലതല്ലിയ ജനസഹസ്രത്തെ സാക്ഷിയാക്കി നെഞ്ചോടുചേര്‍ത്തു. വര്‍ഗീയ കാലുഷ്യത്തിന്റെയും ജാതി വിദ്വേഷത്തിന്റെയും നാരായവേരറുക്കുമെന്ന പ്രഖ്യാപനവുമായെത്തിയ യുവപോരാളികള്‍ക്ക് വീരോജ്വല വരവേല്‍പ്പേകി. ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കളും വര്‍ഗബഹുജന സംഘടനാഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം ചെയ്തു. കെ രാധാകൃഷ്ണന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, എ പത്മനാഭന്‍, യു പി ജോസഫ്, മുരളി പെരുനെല്ലി, ബാബു എം പാലിശേരി എംഎല്‍ എ, കെ കെ രാമചന്ദ്രന്‍, കെ എഫ് ഡേവിസ്, കെ പി രാധാകൃഷ്ണന്‍, ടി കെ വാസു, മേരി തോമസ്, ഏരിയ സെക്രട്ടറിമാരായ പി എ ബാബു, സേവ്യര്‍ ചിറ്റിലപ്പിള്ളി, എം ബാലാജി, വര്‍ഗീസ് കണ്ടംകുളത്തി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്‍, വള്ളത്തോള്‍നഗര്‍ പഞ്ചായത്തു പ്രസിഡന്റ് എം സുലൈമാന്‍ തുടങ്ങിയവരും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ സി സുമേഷ്, ഇ സി ബിജു, കെ വി സജു, കെ എസ് ദീലീപ്, കെ ബി ഷിബു, എം പത്മകുമാര്‍ എന്നിവരും ജാഥയെ വരവേല്‍ക്കാനെത്തി. കവി രാവുണ്ണി, കലാമണ്ഡലം ഗീതാനന്ദന്‍, ജയരാജ് വര്യര്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനെത്തി.
രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി, ശുഭ്രവസ്ത്രധാരികളായ യുവജനസേനയുടെ പ്രയാണം മുന്നോട്ടു നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. നീളാതീരവും കേരളീയ കലകളുടെ പെരുംകോവിലായ കേരളകലാമണ്ഡലവും പിന്നിട്ട യുവജനജാഥ തൊഴിലവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടായ വാഴാനി കനാല്‍ സമരത്തിന്റെയും മാറുമറയ്ക്കാനുള്ള അവകാശത്തിന് സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും സ്മരണകളിരമ്പുന്ന മണിമലര്‍ക്കാവിന്റെയും പാരമ്പര്യം പേറുന്ന വടക്കാഞ്ചേരിയിലാണ് ആദ്യനാള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സ്വീകരണയോഗങ്ങളില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് യൂത്ത്മാര്‍ച്ച് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. ഞായറാഴ്ച വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ പത്തിന് അത്താണി മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര സ്മാരകനഗറില്‍ സ്വീകരണം നല്‍കും. 11.30ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലും ഉച്ചതിരിഞ്ഞ് 3.30ന് വിയ്യൂരിലെ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലും സ്വീകരണം നല്‍കും. വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകനഗറില്‍ രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കും.

സ്വീകരണത്തിന് ജനസഹസ്രം

ചെറുതുരുത്തി: പൊള്ളുന്ന വേനല്‍ച്ചൂടിനെ ആവേശ കുളിര്‍മഴയാക്കിമാറ്റി കാസര്‍കോട് നിന്നും കാല്‍നടയായെത്തിയ ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന് ചേലക്കരയിലും, വടക്കാഞ്ചേരിയിലും അത്യുജ്വല വരവേല്‍പ്പ്. ഭജാതിരഹിത സമൂഹംമതനിരപേക്ഷ കേരളം എന്നമുദ്രാവാക്യവുമായി മറ്റൊരു നവോത്ഥാന മുന്നേറ്റത്തിന്റെ സന്ദേശവുമായി പാലക്കാടുനിന്ന് ഭാരതപ്പുഴ കടന്ന് കൊച്ചിന്‍ പാലത്തിലൂടെ പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ കഥകളിവേഷവും, ശിങ്കാരിമേളവും, ബാന്‍ഡ് വാദ്യവും പൂക്കാവടികളുമെല്ലാമായി ആയിരങ്ങളാണ് സാംസ്കാരിക നഗരിയിലേക്ക് അനുധാവനം ചെയ്ത് ആനയിച്ചത്.

വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു സാംസ്കാരിക ജില്ലയില്‍ യൂത്ത് മാര്‍ച്ച് പ്രയാണമാരംഭിച്ചത്.ഭ ജാതീയതയും വര്‍ഗീയതയും വളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന പ്രതിജ്ഞയുമായാണ് വള്ളത്തോള്‍ സമാധിയില്‍ നിന്ന് ജാഥാംഗങ്ങള്‍ പടിയിറങ്ങിയത്. സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടുത്താതെവാഹനങ്ങള്‍ വഴിതിരിച്ച് വിടാതെ ആയിരങ്ങള്‍ ചിട്ടയോടെ നീങ്ങിയ യൂത്ത് മാര്‍ച്ചിന് ചെറുതുരുത്തി ചുങ്കം സെന്ററിലായിരുന്നു ആദ്യ സ്വീകരണം. കലാമണ്ഡലത്തിന് മുന്നില്‍ കലാമണ്ഡലം വിദ്യാര്‍ഥികള്‍ എസ്എഫ്ഐ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി. മുള്ളൂര്‍ക്കരയിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് വടക്കാഞ്ചേരിയില്‍ സമാപിച്ചു. ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ, പി എം ബിനു, എ എം റഷീദ്, സി വി അനിത എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചെറുതുരുത്തിയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം സുലൈമാന്‍ അധ്യക്ഷനായി. ഡിവൈ എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ദിലീപ് സ്വാഗതം പറഞ്ഞു.

മുള്ളൂര്‍ക്കരയില്‍ സ്വാഗതസംഗം ചെയര്‍മാന്‍ കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പത്മകുമാര്‍ സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി: ചേലക്കര ഏരിയയിലെ രണ്ട് സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് അകമല കടന്നെത്തിയ യൂത്ത്മാര്‍ച്ചിനെ ഉത്രാളിപ്പൂരത്തിന്റെ നാട്ടില്‍ ഉത്സവപ്രതീതിയോടെയായിരുന്നു വരവേറ്റത്. വാദ്യ മേളങ്ങളും മുത്തുക്കുടകളും വര്‍ണലയം തീര്‍ത്ത് ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണമായിരുന്നു വടക്കാഞ്ചേരിയില്‍. വടക്കാഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രേംജി നഗറില്‍ നടന്ന സമാപന പൊതുയോഗം സി പി നാരായണന്‍ എം പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ബസന്ത്ലാല്‍ സ്വാഗതം പറഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കാവുമ്പായി ബാലകൃഷ്ണന്‍,ജയരാജ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.

തീവ്രവാദത്തിന്റെ വിത്തുപാകാന്‍ ഉമ്മന്‍ചാണ്ടി അവസരമൊരുക്കുന്നു

മുള്ളൂര്‍ക്കര: അധികാരം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ലീഗ്വല്‍ക്കരണം നടത്തുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. എല്ലാ ജാതി മത വിഭാഗങ്ങളും ഒന്നിച്ച് ഇടപഴകി ജീവിക്കുന്ന കേരളത്തില്‍ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും വിഷവിത്തുകള്‍ പാകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസരം നല്‍കുകയാണ്. ഇത് വന്‍വിപത്തിന് വഴിയൊരുക്കും. ജാതിരഹിത കേരളം, മതനിരപേക്ഷ സമൂഹം എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ചിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതസാമുദായികശക്തികള്‍ ഐക്യം പ്രഖ്യാപിച്ച് ഹിന്ദുലീഗുംഹിന്ദു ഐക്യവുമെല്ലാമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം വര്‍ഗീയ വാദികള്‍ക്ക് കേരളത്തെ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍പെട്രോള്‍, ഡീസല്‍ വില ദിനം പ്രതി വര്‍ധിപ്പിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാരിനെ അഭിനന്ദിച്ച് ബോര്‍ഡ് വയ്ക്കാന്‍ തയ്യാറുണ്ടോയെന്ന് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ചോദിച്ചു. പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളെ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവച്ച് പൊതുമുതല്‍കൊള്ളയടിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രതിദിനം 2,000 പേര്‍; ജില്ലയില്‍ മാത്രം 74 കിലോമീറ്റര്‍

കോട്ടയം: ജാതിരഹിത സമൂഹം, മത നിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെത്തുന്ന യൂത്ത് മാര്‍ച്ചില്‍ പ്രതിദിനം ശുഭ്ര വസ്ത്രധാരികളായ 2,000 വളണ്ടിയര്‍മാര്‍ അണിനിരക്കും. ജില്ലയില്‍ മാത്രം 74 കലോമീറ്റര്‍ ദൂരം മാര്‍ച്ച് സഞ്ചരിക്കും. 18 കേന്ദ്രങ്ങളില്‍ മാര്‍ച്ചിനെ വരവേല്‍ക്കും. പത്ത് വനിത വളണ്ടയിര്‍മാരടക്കം അമ്പതു പേരാണ് മാര്‍ച്ചിലെ സ്ഥിരം അംഗങ്ങള്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരാണ് മാര്‍ച്ച് നയിക്കുന്നത്. മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭാരവാഹികളായ കെ രാജേഷും വി ആര്‍ രാജേഷും പറഞ്ഞു.

നാലിന് കാസര്‍ഗോഡുനിന്നും ആരംഭിച്ച മാര്‍ച്ച് 25ന് പകല്‍ ഒന്നിന് ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ എത്തും. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും മറ്റ് ബഹുജന പ്രസ്ഥാനങ്ങളുടെയും ജില്ലാ നേതാക്കള്‍ അതിര്‍ത്തിയില്‍ മാര്‍ച്ചിനെ വരവേല്‍ക്കും. വൈറ്റ് വളണ്ടിയര്‍മാര്‍ സല്യൂട്ടും നല്‍കും. സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും സാഹിത്യ നായകന്മാരുടെയും സ്മരണകള്‍ തുടിക്കുന്ന നഗറുകളൊരുക്കിയാണ് മാര്‍ച്ചിന് വരവേല്‍ക്കുന്നത്. കുലശേഖരമംഗലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാവ് സ. പി കൃഷ്ണപിള്ള നഗറില്‍ 25ന് വൈകിട്ട് നാലിന് ജാഥയ്ക്ക് സ്വീകരണം നല്‍കും. അഞ്ചിന് വൈക്കം സത്യഗ്രഹ നഗറിലെ സ്വീകരണത്തോടെ ആദ്യ ദിവസത്തെ പ്രയാണം സമാപിക്കും. 26ന് തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നഗറിലും കടുത്തുരുത്തിയില്‍ ഉമാദേവി അന്തര്‍ജനം നഗറിലും കുറുപ്പന്തറയില്‍ കുമാരനാശാന്‍ നഗറിലും കോതനല്ലൂര്‍ ജോര്‍ജ്പള്ളിപ്പറമ്പില്‍ നഗറിലും സ്വീകരണം നല്‍കും. 27ന് കോതനല്ലൂരില്‍നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ 12ന് ഏറ്റുമാനൂരില്‍ ചാവറകുര്യാക്കോസ് ഏലിയാസച്ചന്‍ നഗറിലും കുമാരനല്ലൂരില്‍ കാരൂര്‍ നീലകണ്ഠപിള്ള നഗറിലും തിരുനക്കരയില്‍ പൊന്‍കുന്നം വര്‍ക്കി നഗറിലും സ്വീകരണം നല്‍കും.

8ന് രാവിലെ കോട്ടയത്തു നിന്നു പ്രയാണമാരംഭിക്കുന്ന മാര്‍ച്ചിന് ചിങ്ങവനത്ത് പൊയ്കയില്‍ കുമാരഗുരുനഗറിലും കുറിച്ചിഅയ്യങ്കാളി നഗറിലും ചങ്ങനാശേരിയില്‍ ശ്രീനാരായണഗുരു നഗറിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ ളായിക്കാട്ടെത്തും. വൈകിട്ട് ആറിന് തിരുവല്ലയിലാണ് സമാപനം. യൂണീറ്റുകള്‍ കേന്ദ്രീകരിച്ച് സ്ക്വാഡുകള്‍ വീടുകളിലെത്തി പൊതിച്ചോറുകള്‍ ശേഖരിച്ചാണ് വളണ്ടിയര്‍മാര്‍ക്കുള്ള ഉച്ചഭക്ഷണം ഒരുക്കുന്നത്. വീടുകളില്‍ മാര്‍ച്ചിന്റെ പ്രത്യേക സപ്ലിമെന്റുകളും വിതരണം ചെയ്യും. ആയിരത്തോളം ചുവരെഴുത്തുകള്‍, നൂറുകണക്കിന് പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയും പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകളിലെ എഴുത്തുകളും ജില്ലയില്‍ നിറഞ്ഞു. സ്വീകരണ കമാനങ്ങള്‍, സ്മൃതി കുടീരങ്ങള്‍, സ്വാഗതസംഘം കുടിലുകള്‍ തുടങ്ങിയവയും യൂത്ത് മാര്‍ച്ച് വീഥിയില്‍ അണിനിരന്നിട്ടുണ്ട്. സംസ്ഥാന യൂത്ത് മാര്‍ച്ച് വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളുടെയും സഹായ സഹകരണങ്ങള്‍ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും അഭ്യര്‍ഥിച്ചു.

Youth March Facebook page 

Youth March Blog 

No comments:

Post a Comment