Wednesday, January 9, 2013

ഗള്‍ഫ് മലയാളികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കറവപ്പശുക്കളാക്കുന്നു


ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രവാസി സംഘടനകളുടെ രൂക്ഷവിമര്‍ശം. പ്രവാസി ഭാരതീയ സംഗമത്തില്‍ ഗള്‍ഫ്മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തപ്പോഴാണ് വിമര്‍ശനമുയര്‍ന്നത്. ഗള്‍ഫ് മലയാളികളെ കറവപ്പശുക്കളായാണ് കാണുന്നതെന്നും തീര്‍ത്തും നിരുത്തരവാദപരമായാണ് സര്‍ക്കാരുകള്‍ പെരുമാറുന്നതെന്നും പ്രവാസിസംഘം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അനുകൂലസംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസും വിമര്‍ശമുയര്‍ത്തി. ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനം, പ്രവാസികളുടെ യാത്രാക്ലേശം, സ്വര്‍ണം കൊണ്ടുവരുന്നതിലുള്ള നടപടിക്രമങ്ങള്‍ എന്നിവയാണ് ഗള്‍ഫ്പ്രവാസികള്‍ കൂടുതലായും ഉന്നയിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജയില്‍വാസം അനുഭവിക്കുന്നത്. യുഎഇയാണ് രണ്ടാമത്. ഇവിടെ ജയിലിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള രേഖകളോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല. ഇതുമൂലം ഇവര്‍ നരകയാതനയാണ് അനുഭവിക്കുന്നത്. ജയിലിലുള്ളവരുടെ കൃത്യമായ കണക്ക് വെളിപ്പെടുത്താനും ഇവരെ മോചിപ്പിക്കാനും നാട്ടിലെത്തിക്കുന്നതിന് സാമ്പത്തികസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിനിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ചര്‍ച്ചയില്‍ പറഞ്ഞു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇനത്തില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി പിരിച്ചെടുത്ത 74,000 കോടിയോളം രൂപ കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്. ഇത് ക്ഷേമനിധിക്കായി ഉപയോഗിക്കണം. ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യാത്രാപ്രശ്നങ്ങള്‍ 30 വര്‍ഷമായി പരിഹാരമില്ലാതെ തുടരുകയാണ്. ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലത്ത് ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങുന്ന കുടുംബത്തിന് നാട്ടിലെത്താന്‍ വിമാനക്കൂലി ഒന്നരലക്ഷം രൂപയെങ്കിലുമാകും. ഇത് ഒരുവര്‍ഷത്തെ സമ്പാദ്യമാണ്. ഗള്‍ഫ്മലയാളികള്‍ക്കായുള്ള എയര്‍കേരള ഏപ്രില്‍ 14ന് തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

deshabhimani 090113

No comments:

Post a Comment