Tuesday, January 8, 2013

പണിമുടക്കില്‍ കേരളം നിശ്ചലം


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ രോഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. 70 ശതമാനത്തിലധികം ജീവനക്കാരും അധ്യാപകരും ഐതിഹാസിക പണിമുടക്കിന്റെ ആദ്യദിനത്തില്‍ പങ്കാളികളായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി- ജല അതോറിറ്റി- കെഎസ്ഇബി ജീവനക്കാരും പണിമുടക്കിയതോടെ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രതീതിയിലായി.

സംസ്ഥാനത്തെ 90 ശതമാനത്തിലധികം വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും അടഞ്ഞുകിടന്നു. ഭൂരിപക്ഷം സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. പിഎസ്സി, സര്‍വകലാശാലകള്‍, കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. നഗരശുചീകരണ ജോലികള്‍ മുടങ്ങി. തിരുവനന്തപുരം കോര്‍പറേഷനില്‍ ശുചീകരണത്തൊഴിലാളികളടക്കം 1200 തൊഴിലാളികളുള്ളതില്‍ 80 പേര്‍മാത്രമാണ് ജോലിക്കെത്തിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ 65 ശതമാനത്തിലേറെ ജീവനക്കാര്‍ പണിമുടക്കി. എന്നാല്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഏതാണ്ട് 700 പേരെക്കൂടി ഉള്‍പ്പെടുത്തിയും ഹാജര്‍നില പെരുപ്പിച്ചുകാട്ടിയും പണിമുടക്ക് പരാജയപ്പെട്ടെന്ന് പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍.

സംസ്ഥാനമെങ്ങും രാവിലെമുതല്‍ പണിമുടക്കിന്റെ ആവേശത്തിലായിരുന്നു. സ്ഥാപനങ്ങളുടെ ഗേറ്റില്‍ മുദ്രാവാക്യം മുഴക്കി പ്രകടനങ്ങള്‍ നടത്തി. ജില്ല- താലൂക്ക് കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിലും ഉജ്വലപ്രകടനങ്ങള്‍ നടന്നു. പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ ബാധകമാക്കിയിരുന്നു. സെക്രട്ടറിയറ്റിലെ ജീവനക്കാരെ സ്ഥലംമാറ്റി പലവിധ ഭീഷണികളും പ്രയോഗിച്ചു. അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. തിരുവനന്തപുരത്ത് കലക്ടറേറ്റില്‍ ജോലിക്കെത്തിയവരെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് വനിതാ ജീവനക്കാരെ കസ്റ്റഡിലെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി അമ്പതോളംപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പണിമുടക്കിയ നിരവധി ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്കെതിരെ കള്ളക്കേസ് എടുത്തു. വൈദ്യുതി ബോര്‍ഡിലെയും വാട്ടര്‍ അതോറിറ്റിയിലെയും ഭൂരിപക്ഷം ജീവനക്കാരും ഐക്യദാര്‍ഢ്യ പണിമുടക്കില്‍ അണിചേര്‍ന്നു.


പണിമുടക്കിലെ വര്‍ധിച്ച പങ്കാളിത്തം സര്‍ക്കാര്‍നിലപാട് തള്ളുന്നു

തിരു: സംസ്ഥാനത്ത് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ ശരാശരി 70 ശതമാനം അധ്യാപകരും ജീവനക്കാരും ചൊവ്വാഴ്ച പങ്കെടുത്തതായി ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാറും അധ്യാപക സര്‍വീസ് സംഘടനാസമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരംചെയ്യുന്ന സംഘടനകളില്‍ അംഗത്വമില്ലാത്തവര്‍ സമരത്തില്‍ പങ്കെടുത്തത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷംപേരും എതിരാണെന്ന് തെളിയിച്ചിരിക്കുകയാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍വരുന്ന 550ലധികം പേരുടെകൂടി കണക്കുകള്‍ കാട്ടിയാണ് ഹാജര്‍നില സംബന്ധിച്ച് സര്‍ക്കാര്‍ കള്ളക്കണക്കുകള്‍ നിരത്തുന്നത്. പണിമുടക്കില്‍ പങ്കെടുത്തവരുടെ ഹാജര്‍ പട്ടികയില്‍ പങ്കെടുക്കാത്തവരെക്കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പണിമുടക്കിനെ കള്ളക്കേസുകളും കരിനിയമങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. 50ലധികം പേര്‍ക്കെതിരെ ചൊവ്വാഴ്ച കള്ളക്കേസെടുത്തിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ട് ഇതുവരെയും ഉത്തരവു പുറത്തുവരാത്തത് ഇത് സംബന്ധിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്കകള്‍ ശരിവെക്കുന്നു. കഴിഞ്ഞ രണ്ടിന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്.

48 മണിക്കൂറിനുള്ളില്‍ ഉത്തരവിറങ്ങേണ്ടതായിരുന്നു. 2002ലെ പണിമുടക്കില്‍ പ്രയോഗിച്ച എസ്മയ്ക്കും നീക്കമുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍നിന്നും ഭീഷണിപ്പെടുത്തലും നടക്കുന്നു. രൂക്ഷമായ വിലക്കയറ്റത്തിന്റെ സാഹചര്യത്തിലാണ് പങ്കാളിത്ത പെന്‍ഷന്റെ ഭാഗമായി 10 ശതമാനം ശമ്പളം പിടിച്ചെടുക്കുന്നത്. സമരത്തില്‍ പങ്കുചേരാതെ മാറിനില്‍ക്കുന്നവരെ നേരില്‍കണ്ട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി സമരത്തില്‍ അണിനിരക്കാന്‍ അഭ്യര്‍ഥിക്കും. പണിമുടക്കിനെ കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടാന്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ അനുവദിക്കില്ലെന്ന് സമരസഹായസമിതി കണ്‍വീനര്‍ എളമരം കരീം എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ ദുരഭിമാനം ഉപേക്ഷിച്ച് ഒത്തുതീര്‍പ്പിന് മുന്‍കയ്യെടുക്കുകയാണ് വേണ്ടത്. പെന്‍ഷന്‍ സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുപോലും വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധൃതിപിടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ചെയര്‍മാന്‍ എം ഷാജഹാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല: വി എസ്

തിരു: ജീവനക്കാരന്റെ നിരന്തരമായ അധ്വാനത്തിന്റെ ന്യായമായ പ്രതിഫലമാണ് പെന്‍ഷനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത് സര്‍ക്കാരിന്റെ ഔദാര്യമല്ല. 1982ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഇതു സംബന്ധിച്ച് ഉജ്വലമായ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും വി എസ് ഓര്‍മിപ്പിച്ചു. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പ്രകടനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു വി എസ്. അഞ്ചംഗ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നടത്തിയ പ്രഖ്യാപനം ഇന്നും നിലനില്‍ക്കുന്നു. അതിനെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍വഴി മാറ്റാന്‍ കഴിയില്ല. പാര്‍ലമെന്‍റ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുമില്ല. പണിമുടക്കുന്ന ജീവനക്കാര്‍ ദുഖിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി പി രാമസ്വാമി അയ്യര്‍ ചെന്നൈയിലേക്ക് ഓടിയ കഥ ഓര്‍ക്കണം. ഇത്തരം ജാഡകളൊന്നും തൊഴിലാളികളോട് വേണ്ട. പണയെടുക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ സമരത്തിലുണ്ടാകുമെന്നും വി എസ് പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്കെതിരെ കള്ളക്കേസും അറസ്റ്റും

തിരു: പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ അധ്യാപകരും ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കള്ളക്കേസും അറസ്റ്റും. ആലപ്പുഴയില്‍ കെഎസ്ആര്‍ടിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി സിദ്ധന്‍ ഉള്‍പ്പെടെ 15 പേരെ അറസ്റ്റുചെയ്തു. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കള്ളക്കേസെടുത്തു. വിവിധ ഡിപ്പോകളിലായി സംസ്ഥാനത്തൊട്ടാകെ 25 പേര്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുത്തിട്ടുണ്ട്. സമാധാനപരമായി പണിമുടക്കിയ ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അഞ്ചു ഡിപ്പോകളിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനവും യോഗവും നടത്തി. ശബരിമല സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. തിരുവല്ല, അടൂര്‍ ഡിപ്പോകളില്‍ 16 ഉം പന്തളത്ത് മുന്നും മല്ലപ്പള്ളിയില്‍ 25 ഉം സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. ആലപ്പുഴയില്‍ രാവിലെ അറസ്റ്റ് ചെയ്ത ജീവനക്കാരെ വൈകിട്ടാണ് വിട്ടയച്ചത്. കോട്ടയം ജില്ലാ ഡിപ്പോയില്‍ പത്ത് ബസുകളേ സര്‍വീസ് നടത്തിയിട്ടുള്ളു. ഡിപ്പോയിലെ 750 ജീവനക്കാരുള്ളതില്‍ 525 പേരും പണിമുടക്കി. ഇടുക്കിയില്‍ 70 ശതമാനം കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങിയില്ല. ആകെയുള്ള 204 സര്‍വീസില്‍ 80 ബസുകള്‍ മാത്രമാണ് ഓടിയത്.

പങ്കാളിത്ത പെന്‍ഷന്‍ : തിരുവഞ്ചൂര്‍ ഒഴിഞ്ഞുമാറി

തിരു: പങ്കാളിത്ത പെന്‍ഷനെ ന്യായീകരിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറി. മികച്ച പദ്ധതിയായി സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന പങ്കാളിത്തപെന്‍ഷന്‍ പ്രതിരോധസേനയില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. മന്ത്രിമാര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനും പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താത്ത് എന്തെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.


deshabhimani 090113

No comments:

Post a Comment