Wednesday, January 9, 2013

പങ്കാളിത്ത പെന്‍ഷന്‍ തുടക്കം മാത്രം: എളമരം


ഭരണാനുകൂല സംഘടനകളുടെ ഭീഷണിയും അപവാദപ്രചാരണവും

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പങ്കാളിത്ത പെന്‍ഷനെതിരായ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ഭീഷണിയും അപവാദപ്രചാരണവും. സമ്മര്‍ദ തന്ത്രങ്ങളെയും ഭീഷണികളെയും അവഗണിച്ച് ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ ആവേശത്തോടെ അണിചേര്‍ന്നത് സര്‍ക്കാരിനും എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പെടെ ഭരണാനുകൂല സംഘടനകള്‍ക്കും തിരിച്ചടിയായി. താല്‍ക്കാലികക്കാര്‍ പണിമുടക്കില്‍ പങ്കെടുത്താല്‍ പിരിച്ചുവിടുമെന്ന് അസോസിയേഷന്‍കാര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, കലക്ടറേറ്റില്‍ ഉള്‍പ്പെടെ താല്‍ക്കാലിക ജീവനക്കാരും പ്രൊബേഷന്‍കാരും പണിമുടക്കി. കെഎസ്ആര്‍ടിസിയില്‍ നാമമാത്രമായ താല്‍ക്കാലിക ജീവനക്കാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.

സമരം അക്രമാസക്തമാണെന്നു വരുത്താന്‍ ആസൂത്രിത ശ്രമങ്ങളും നടന്നു. കെഎസ്ആര്‍ടിസി കരുനാഗപ്പള്ളി ഡിപ്പോയിലെ നാലു ബസുകളുടെ ടയറിലെ കാറ്റ് ഊരിവിട്ട് സമരം ജനവിരുദ്ധമെന്നു വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെ തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരിയശേഷമാണ് കാറ്റ് കുത്തിവിട്ടത്. സര്‍വീസ് ആരംഭിക്കാന്‍ ചൊവ്വാഴ്ച രാവിലെ അഞ്ചിന് ഡ്രൈവറും കണ്ടക്ടറും എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സാമൂഹ്യവിരുദ്ധ നടപടിയില്‍ കെഎസ്ആര്‍ടിഇഎ പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

പങ്കാളിത്ത പെന്‍ഷന്‍ തുടക്കം മാത്രം: എളമരം

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ അനുവദിച്ചാല്‍ ഭാവിയില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളെല്ലാം കാലക്രമേണ സര്‍ക്കാര്‍ കവര്‍ന്നെടുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരിം എംഎല്‍എ പറഞ്ഞു. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രകടനത്തെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരീക്ഷണമാണ്. പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായ സമിതിയില്‍ ജീവനക്കാരുടെ ഒരു പ്രതിനിധി പോലും ഉണ്ടാകില്ല. സര്‍ക്കാരിന്റെയും ജീവനക്കാരുടെയും പെന്‍ഷന്‍വിഹിതം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യം. അതില്‍നിന്നുണ്ടാകുന്ന വരുമാനത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കുമത്രെ. ഓഹരിക്കമ്പോളത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളെ എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍. പുതിയതായി സര്‍വീസില്‍ കയറുന്നവര്‍ക്കു മാത്രം പങ്കാളിത്ത പെന്‍ഷന്‍ ബാധകമെന്നാണ് സര്‍ക്കാരിന്റെ വാദം. രണ്ടുതരം പെന്‍ഷന്‍ വാങ്ങുന്നവരെ സൃഷ്ടിച്ച് സിവില്‍ സര്‍വീസില്‍ അസംതൃപ്തി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പുതിയ ജീവനക്കാരുടെ ആത്മവിശ്വാസം നഷ്ടമാകും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് വികസന പ്രവര്‍ത്തനമല്ലെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സര്‍ക്കാര്‍ ആനുകൂല്യംനേടി റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട കുത്തകകള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരമൊരുക്കുന്നതാണോ വികസനം- എളമരം പറഞ്ഞു.

വില്ലേജ് ഓഫീസില്‍ എന്‍ജിഒ അസോസിയേഷന്‍വക മദ്യസേവ

ആറ്റിങ്ങല്‍: ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ച ദിവസം വില്ലേജ് ഓഫീസിലെത്തി എന്‍ജിഒ അസോസിയേഷന്‍കാരുടെ മദ്യസേവ. നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ പിടികൂടി. കടയ്ക്കാവൂര്‍ വില്ലേജ് ഓഫീസിനുള്ളിലായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടനക്കാരുടെ മദ്യസേവ. സമരമായതിനാല്‍ ഈ രണ്ടു ജീവനക്കാരൊഴികെ മറ്റുള്ളവര്‍ ജോലിക്കെത്തിയിരുന്നില്ല. ഉച്ചയോടെ ആരും എത്തില്ലെന്ന ധാരണയിലാണ് അടുത്തുള്ള ബിവറേജസിന്റെ മദ്യവില്‍പ്പനശാലയില്‍നിന്ന് മദ്യം വാങ്ങി ആഘോഷം ആരംഭിച്ചത്. നാട്ടുകാര്‍ ഓഫീസ് വളഞ്ഞതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിടികൂടി മാപ്പുപറയിച്ചശേഷമാണ് നാട്ടുകാര്‍ മോചിപ്പിച്ചത്.

പണിമുടക്ക് പൊളിക്കാന്‍ പൊലീസ് സംരക്ഷണത്തില്‍ പ്രചാരണം

പത്തനംതിട്ട: അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്ക് പൊളിക്കാന്‍ എന്‍ജിഒ അസോസിയേഷന്റെയും മറ്റ് വലതുപക്ഷ സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തില്‍ പൊലീസിനെ ഉപയോഗിച്ച് പ്രചാരണം. പൊലീസ് സംരക്ഷണത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ തിങ്കളാഴ്ച ക്യാമ്പയിന്‍ നടത്തി. കലക്ടറേറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങിയാണ് പണിമുടക്കിനെതിരായ പ്രസംഗം സംഘടിപ്പിച്ചത്. നാല് പൊലീസുകാരുടെ അകമ്പടിയോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പണിമുടക്കില്‍ പങ്കെടുക്കരുതെന്നും ഓഫീസില്‍ കൃത്യമായി ഹാജരാകാത്തവരെ നേരിടുമെന്നും ഭീഷണിപ്പെടുത്തിയതായും കലക്ടറേറ്റിലെ ചില ജീവനക്കാര്‍ പറഞ്ഞു.

കലിക്കറ്റ് സര്‍വകലാശാല സ്തംഭിച്ചു

തേഞ്ഞിപ്പലം: പങ്കാളിത്ത പെന്‍ഷനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കലിക്കറ്റ് സര്‍വകലാശാലാ അധ്യാപകരും ജീവനക്കാരും അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. അസോസിയേഷന്‍ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സി (ആക്ട്)ന്റെയും യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിലാണ് സമരം. ഭരണവിഭാഗം കാര്യാലയം, പരീക്ഷാ ഭവന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, ടാഗോര്‍ നികേതന്‍ എന്നീ ഓഫീസുകളുടെയും പഠനവിഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ തൊണ്ണൂറ് ശതമാനം അധ്യാപകരും സമരത്തിനുണ്ട്. പണിമുടക്കിനോടനുബന്ധിച്ച് ജീവനക്കാര്‍ എംപ്ലോയീസ് യൂണിയന്‍ നേതൃത്വത്തില്‍ ക്യാമ്പസിലും തേഞ്ഞിപ്പലം ദേശീയപാതയിലും പ്രകടനം നടത്തി. വിശദീകരണയോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിശ്വനാഥ്, യൂണിയന്‍ സെക്രട്ടറി എസ് സദാനന്ദന്‍, പ്രസിഡന്റ് പി ഒമര്‍ എന്നിവര്‍ സംസാരിച്ചു.

പണിമുടക്കിനിടയിലും ജോലിയെടുത്ത് ആശുപത്രി ജീവനക്കാര്‍ മാതൃകയായി

കോഴിക്കോട്: പണിമുടക്കിക്കൊണ്ട് ജോലിക്ക് ഹാജരായി ജീവനക്കാരുടെ മാതൃകാ പ്രവര്‍ത്തനം. കോഴിക്കോട് മെഡി. കോളേജിലും ബീച്ച് ജനറല്‍ ആശുപത്രിയിലുമാണ് പണിമുടക്കിയവര്‍ സന്നദ്ധസേവനം നടത്തിയത്. മെഡി. കോളേജില്‍ ഗ്രേഡ് 1, ഗ്രേഡ് 2 അറ്റന്‍ഡര്‍മാര്‍, നേഴ്സിങ് അസിസ്റ്റന്റുമാര്‍, നേഴ്സുമാര്‍ എന്നിവരെല്ലാം സേവനത്തിലേര്‍പ്പെട്ടു. പണിമുടക്കിക്കൊണ്ട് ജോലിചെയ്തു. പാരാ മെഡിക്കല്‍ ജീവനക്കാരടക്കം നൂറ്റിയിരുപതോളം പേര്‍ സന്നദ്ധസേവനത്തിലേര്‍പ്പെട്ടു. പണിമുടക്കിന്റെ പ്രകടനത്തില്‍ പങ്കെടുത്താണ് സേവനത്തിന് ഹാജരായത്. അതേസമയം പണിമുടക്ക് പൊളിക്കാനിറങ്ങിയ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളടക്കം ഒപ്പിട്ട് ഓഫീസുകളില്‍ നിന്ന് മുങ്ങിയ അനുഭവമുണ്ടായി. കലക്ടറേറ്റിലും മറ്റും രണ്ടു മണിയോടെ ഓഫീസുകള്‍ ശൂന്യമായിരുന്നു. സെയില്‍സ് ടാക്സ് കോംപ്ലക്സില്‍ അസോസിയേഷന്‍ സംസ്ഥാന നേതാവും ഒപ്പിട്ട് സ്ഥലംവിട്ടു. 55 ജീവനക്കാരാണ് കലക്ടറേറ്റില്‍ ജോലിക്കെത്തിയത്. എന്നാല്‍ ഉച്ചക്കുശേഷം കലക്ടറടക്കം വിരലിലെണ്ണാവുന്ന ഉന്നതോദ്യോഗസ്ഥരേ ഹാജരുണ്ടായുള്ളു.

മാനന്തവാടി താലൂക്കില്‍ 80% പേര്‍ പണിമുടക്കി

മാനന്തവാടി: സര്‍ക്കാരിന്റെ ഭീഷണികളെ അതിജീവിച്ച് മാനന്തവാടി താലൂക്കില്‍ 80 ശതമാനംപേര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കില്‍ അണിനിരന്നു. അഞ്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. തുറന്ന ഓഫീസുകളിലാവട്ടെ ഒന്നും രണ്ടും ജീവനക്കാരാണ് എത്തിയത്. തിരുനെല്ലി പഞ്ചായത്ത് ഓഫീസ്, ജില്ലാ ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസ്, താലൂക്ക് വ്യവസായ ഓഫീസ്, സഹകരണ സംഘം ഓഡിറ്റ് വിഭാഗം, പൊതുമരാമത്ത് വകുപ്പ്, ജില്ലാ ഇലക്ട്രിക്കല്‍ ഓഫീസ് എന്നിവയാണ് അടഞ്ഞുകിടന്നത്. പണിമുടക്കിയ അധ്യാപകരും ജീവനക്കാരും മാനന്തവാടിയില്‍ പ്രകടനം നടത്തി. താലൂക്ക് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. പ്രകടനത്തിനുശേഷം ചേര്‍ന്ന യോഗത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍, സി ജി രാധാകൃഷ്ണന്‍, പി ജെ സെബാസ്റ്റ്യന്‍. ബ്രിജേഷ് എന്നിവര്‍ സംസാരിച്ചു. പി കെ ബാലകൃഷ്ണന്‍ സ്വാഗതവും സീസര്‍ ജോസ് നന്ദിയും പറഞ്ഞു.

deshabhimani 090113

No comments:

Post a Comment