Wednesday, January 9, 2013

സിഐടിയു സമ്മേളനത്തിന് നാടും നഗരവും ഒരുങ്ങി


ജനുവരി 12 മുതല്‍ 14 വരെ കാസര്‍കോട് ചേരുന്ന സിഐടിയു സംസ്ഥാനസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ജില്ലകളില്‍നിന്നായി 512 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം വരദരാജപൈ നഗറില്‍(സന്ധ്യരാഗം ഓഡിറ്റോറിയം) 12 ന് രാവിലെ 9.30 ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സിന്‍ഹ എംപി ഉദ്ഘാടനം ചെയ്യും. 14 ന് കാല്‍ലക്ഷം പേര്‍ അണിനരിക്കുന്ന പ്രകടനത്തോടെയാണ് സമാപിക്കുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് തയ്യാറാക്കിയ കെ പത്മനാഭന്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ പ്രസിഡന്റ് എ എ അസീസ് എംഎല്‍എ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ വിജയകുമാര്‍, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവര്‍ പങ്കെടുക്കും.

12 ന് പകല്‍ മൂന്നിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് "മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍" വിഷയത്തിലുള്ള സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. 13ന് പകല്‍ 3.30ന് പുലിക്കുന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പരിസരത്ത് പി ഗോവിന്ദപിള്ള നഗറില്‍ സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ പി മോഹനന്‍, പ്രൊഫ. എം എം നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് അശ്വതി അശോകന്റെ മാര്‍ക്സാണ് ശരി കഥാപ്രസംഗം അരങ്ങേറും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക 11 ന് പയ്യാമ്പലത്തെ സി കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍നിന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ എന്‍ രവീന്ദ്രനാഥ് കെ പി സഹദേവന് കൈമാറും. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍ സംസ്ഥാന പ്രസിഡന്റ് എം എം ലോറന്‍സ് സംസ്ഥാന വൈസ്പ്രസിഡന്റ് എ കെ നാരായണന് കൈമാറും. പ്രതിനിധി സമ്മേളന നഗരിയിലുയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ പ്രഭാകരന്‍ സ്മൃതി മണ്ഡത്തില്‍നിന്നും കൊടിമരം ബന്തടുക്ക ബാലകൃഷ്ണനായ്ക് സ്മൃതിമണ്ഡപത്തില്‍നിന്നും കൊണ്ടുവരും. നാലു ജാഥകളും 11 ന് അഞ്ചുമണിക്ക് കാസര്‍കോട് സമാപിക്കും. പൊതുസമ്മേളന നഗരിയില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി പതാക ഉയര്‍ത്തും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നയത്തിന്റെ ഫലമായി തൊളിലാളികളും മറ്റ് ജന വിഭാഗങ്ങളും നേരിടുന്ന പ്രശ്നങ്ങളും ട്രേഡ് യൂണിയനുകളുടെ യോജിച്ച പോരാട്ടവും വിവിധ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും മൂന്നു ദിവസത്തെ സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത 13 സെമിനാറുകള്‍ പൂര്‍ത്തിയായി. പ്രവര്‍ത്തകര്‍ വീടുകള്‍ കയറി സമ്മേളന സന്ദേശം അറിയിച്ചു. ഓരോ വീട്ടില്‍നിന്നും സമ്മേളന ചെലവിലേക്കായി 10 രൂപയും പിരിച്ചു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ജനങ്ങളുടെ പൂര്‍ണ സഹകരണം ലഭിച്ചു. നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി, ജനറല്‍ കണ്‍വീനര്‍ പി രാഘവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, വൈസ് പ്രസിഡന്റ് അഡ്വ. പി അപ്പുക്കുട്ടന്‍, കലാ- സാംസ്കാരിക സബ്കമ്മിറ്റി ചെയര്‍മാന്‍ പി വി കെ പനയാല്‍&ാറമവെ; എന്നിവര്‍ പങ്കെടുത്തു.

സിഐടിയു സമ്മേളനത്തിന് നാടും നഗരവും ഒരുങ്ങി

കാസര്‍കോട്: ഭാഷാസംഗമ ഭൂമിയിലേക്ക് ആദ്യമായെത്തുന്ന സിഐടിയു സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ നാടും നഗരവും ഒരുങ്ങി. തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളിയായ സിഐടിയു സമ്മേളനം വിജയിപ്പിക്കാന്‍ രണ്ട് മാസമായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലാണ് ജില്ലയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനവും മറ്റു ബഹുജന സംഘടനകളും. സിഐടിയുവിന് ജില്ലയിലുള്ള ശക്തി തെളിയിച്ച് കാല്‍ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന മഹാപ്രകടനത്തോടെയയായിരിക്കും സമ്മേളനം സമാപിക്കുക. പ്രകടനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും അണിനിരത്താനുള്ള പ്രവര്‍ത്തനവും ഊര്‍ജിതമാണ്. മുമ്പെങ്ങും കാണാത്ത ആവേശത്തോടെയാണ് സമ്മേളനം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനം ജില്ല ഏറ്റെടുത്തതെന്ന് സംഘാടകസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തിന്റെ സന്ദേശവുമായി നൂറുകണക്കിന് സ്ക്വാഡുകള്‍ വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി രാജ്യം നേരിടുന്ന പ്രതിസന്ധിയും തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതവും വിശദീകരിക്കുന്നതായിരുന്നു ലഘുലേഖ. ജനവിരുദ്ധ സാമ്പത്തിക നയത്തിനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെ യോജിച്ച പോരാട്ടത്തിന് തയ്യാറായതും ഫെബ്രുവരിയില്‍ നടക്കാന്‍പോകുന്ന രണ്ടുദിവസത്തെ സംയുക്ത ദേശീയ പണിമുടക്കും പ്രവര്‍ത്തകര്‍ ജനങ്ങളോട് വിശദീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. സമ്മേളന ചെലവിലേക്കായി ഓരോ വീട്ടില്‍നിന്നും പത്തുരൂപ തരണമെന്നാവശ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ സന്തോഷത്തോടെയാണ് സിഐടിയുവിനെ സഹായിച്ചത്. സംസ്ഥാന സെക്രട്ടറിമാരായ പി നന്ദകുമാറിന്റെയും ടി പി രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ നടന്ന വിളംബര ജാഥയിലാണ് ഈ ഫണ്ട് ഏറ്റുവാങ്ങിയത്.

വര്‍ത്തമാന രാഷ്ട്രീയത്തില്‍ പ്രസക്തമായ വിവിധ വിഷയങ്ങളില്‍ നടത്തിയ സെമിനാറുകള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സമര സജ്ജരാക്കുന്നതിനും സഹായിച്ചു. വലിയ ജന പങ്കാളിത്തത്തോടെ 13 വിഷയത്തിലായി സെമിനാറുകള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ 12 ഏരിയയിലും സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാക്കളും പ്രഭാഷകരുമാണ് ഇതിലെല്ലാം പങ്കെടുത്തത്. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലയിലെങ്ങും ബോര്‍ഡുകളും ബാനറുകളും ചുമരെഴുത്തുകളും ആഴ്ചകള്‍ക്ക് മുമ്പേ നിരന്നു. കുടിലുകളും വിവിധ തരത്തിലുള്ള ശില്‍പങ്ങളും നിര്‍മിച്ചാണ് പല സ്ഥലത്തും സമ്മേളനത്തിന്റെ പ്രചാരണം. കെഎസ്ആര്‍ടിഇഎ പ്രവര്‍ത്തകരും മോട്ടോര്‍ തൊഴിലാളി യൂണിയനും ബസിന്റെ മാതൃകയിലാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി, കൊടിമര ജാഥകള്‍ 11ന് കാസര്‍കോട് നഗരത്തിലെത്തുന്നതോടെ സമ്മേളന പ്രചാരണം പാരമ്യതയിലെത്തും. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട് രക്തസാക്ഷി പ്രഭാകരന്‍ സ്മൃതി മണ്ഡപത്തില്‍വച്ച് പകല്‍ ഒന്നിന് കെ കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാകമ്മിറ്റി അംഗം പി അപ്പുക്കുട്ടന് കൈമാറും. അത്ലറ്റുകള്‍ റിലേയായാണ് പതാക സമ്മേളന നഗരിയിലെത്തിക്കുന്നത്. കൊടിമരം ബന്തടുക്ക ബാലകൃഷ്ണ നായ്കിന്റെ സ്മൃതിമണ്ഡപത്തില്‍ പകല്‍ രണ്ടിന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം യു തമ്പാന്‍നായര്‍ക്ക് കൈമാറും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വൈകിട്ട് സമ്മേളന നഗരിയിലെത്തിക്കും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക പയ്യാമ്പലത്ത് സി കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍നിന്നും കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നും കൊണ്ടുവരും.

പൊലീസ് സിഐടിയു സമ്മേളനത്തിനെതിരെ

കാസര്‍കോട്: സിഐടിയു സംസ്ഥാന സമ്മേളനത്തിനെതിരായ പൊലീസ് നടപടി ബോധപൂര്‍വ്വം. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന 14 സെമിനാറിന് ജില്ലാപൊലീസ് മേധാവിയില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയതാണ്. എല്ലാ കേന്ദ്രത്തിലേക്കും പ്രത്യേകം ചലാന്‍ അടച്ച് മൈക്ക് പെര്‍മിഷനുള്‍പ്പെടെയാണ് അനുമതി വാങ്ങിയത്. എന്നിട്ടും മഞ്ചേശ്വരത്ത് നടന്ന സെമിനാറിനെതിരെ പൊലീസ് കേസെടുത്തത് ബോധപൂര്‍വമാണ്. സെമിനാറിന് ഒരു മാസം മുമ്പേ ജില്ലാ പൊലീസ് മേധാവിയില്‍നിന്ന് അനുമതി വാങ്ങിയാല്‍ ഓരോ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും കണ്ട് വീണ്ടും അനുമതി വാങ്ങേണ്ടതില്ല. എന്നിട്ടും മഞ്ചേശ്വരത്ത് പ്രസംഗിച്ച സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമുള്‍പ്പെടെയുള്ള നേതാക്കളുടെ പേരില്‍ കേസെടുക്കുകയായിരുന്നു. മഞ്ചേശ്വരത്ത് എല്ലാവരും യോഗം നടത്തുന്നിടത്തായിരുന്നു സിഐടിയു സെമിനാറും. തലേദിവസം കോണ്‍ഗ്രസിന്റെ പൊതുയോഗം ഇവിടെയുണ്ടായിരുന്നു. അവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അനുവാദം വാങ്ങിയില്ലെന്ന കളവ് പറഞ്ഞാണ് സിഐടിയു നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ചില പൊലീസ് ഓഫീസര്‍മാരുടെ രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നില്‍.

deshabhimani 090113

No comments:

Post a Comment