ഡീസല്‍ വിലയിലെ ഭീമമായ വര്‍ധനയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി വന്‍തോതില്‍ സര്‍വീസ് വെട്ടിച്ചുരുക്കുന്നു. എത്ര ബസുകള്‍ വെട്ടിക്കുറയ്ക്കണമെന്നതിനായി കണക്കെടുപ്പ് ആരംഭിച്ചു. ഡീസല്‍ വില വര്‍ധനയോടെ കൂടുതല്‍ റൂട്ടുകള്‍ നഷ്ടത്തിലാകുകയും ചെയ്തു. ആദ്യപടിയായി പമ്പയിലേക്ക് മണ്ഡലകാല സര്‍വീസിനായി നല്‍കിയ 650 ബസുകളില്‍ 150 എണ്ണം റീജണല്‍ വര്‍ക്ക്ഷോപ്പുകളിലേക്ക് മാറ്റി. 500 ബസുകള്‍ മാതൃഡിപ്പോകളിലേക്ക് അയച്ചിട്ടുണ്ട്. നാട്ടിലുള്ള മന്ത്രി ആര്യാടന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് തീരുമാനമുണ്ടാകും. അതേസമയം, ശനിയാഴ്ച മുതല്‍ കോര്‍പറേഷന്‍ സ്വന്തം നിലയില്‍ സര്‍വീസ് ചുരുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി ഡിപ്പോകള്‍ക്ക് അനൗപചാരികമായ അറിയിപ്പ് നല്‍കുകയായിരുന്നു.
താങ്ങാനാകാത്ത ബാധ്യത ഒഴിവാക്കാനായി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ യാത്രാസൗകര്യം കുറഞ്ഞ ഗ്രാമീണ മേഖലയെയായിരിക്കും കൂടുതല്‍ ബാധിക്കുക. കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ലിറ്ററിന് 11.53 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വര്‍ധിപ്പിച്ചത്. ഇതിലൂടെ പ്രതിമാസം 14 കോടി രൂപയുടെ അധിക ബാധ്യത കോര്‍പറേഷനുണ്ടാകും. ശമ്പളവും പെന്‍ഷനും പലിശയും ഉള്‍പ്പെടെ നൂറുകോടിയിലേറെ രൂപയുടെ ബാധ്യതയാണ് കോര്‍പറേഷന്‍ വഹിക്കേണ്ടത്. എന്നാല്‍, ഡീസല്‍ വില വര്‍ധനയുടെ അധിക ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. കെഎസ്ആര്‍ടിസിയുടെ സ്ഥിതിയിലാണ് സര്‍ക്കാരെന്നാണ് ധനമന്ത്രി കെ എം മാണി പ്രതികരിച്ചത്. കേന്ദ്രത്തിന് കത്തെഴുതുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കൈയൊഴിഞ്ഞു. സര്‍ക്കാരിന്റെ കാര്യമായ സഹായമില്ലാതെ കോര്‍പറേഷന് പിടിച്ചുനില്‍ക്കാനാകില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വെട്ടികുറച്ച് ബാധ്യത കുറയ്ക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്.
കെഎസ്ആര്‍ടിസിക്കായി ജീവനക്കാരുടെ മാര്‍ച്ച്
തിരു: കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജില്ലാകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രതിഷേധമിരമ്പി. തലസ്ഥാനത്ത് ചീഫ് ഓഫീസിനുമുന്നില്‍നിന്ന് ആരംഭിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എസ് സുരേഷ്ബാബു അധ്യക്ഷനായി. ട്രഷറര്‍ എസ് വിദ്യാനന്ദസാഗര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറിയറ്റിനുമുന്നില്‍ പിക്കറ്റിങ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
ഡീസലിന്റെ നികുതി ഒഴിവാക്കി കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ അടച്ചുപൂട്ടുന്ന നിലയിലേക്ക് ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്റര്‍ ഡീസലിന് സ്വകാര്യ ബസിനേക്കാള്‍ 11.53 കോടി രൂപ കോര്‍പറേഷന്‍ അധികം നല്‍കേണ്ടിവരുന്നു. സ്പെയര്‍പാര്‍ട്സും മറ്റും ലഭ്യമാക്കാതെ സ്ഥാപനത്തിന്റെ വരുമാന ചോര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന സര്‍ക്കാര്‍ ഡീസല്‍ വില വര്‍ധനയിലൂടെ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കവും നടത്തുന്നതായി എളമരം കരീം പറഞ്ഞു. അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ടി ദിലീപ്കുമാര്‍ അധ്യക്ഷനായി. എ മസ്താന്‍ഖാന്‍, പി എസ് സുമ, എസ് ശ്രീദേവി, വി മോഹനന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി എസ് സുശീലന്‍ നന്ദിയും പറഞ്ഞു.
സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക: സിഐടിയു
തിരു: കെഎസ്ആര്‍ടിസിയെ തകര്‍ക്കുംവിധം ഡീസല്‍ വിലയില്‍ പെട്രോളിയം കമ്പനി വരുത്തിയ വര്‍ധന പിന്‍വലിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ഡീസല്‍ വിലനിയന്ത്രണം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് നല്‍ക്കുന്ന ഡീസലിന് ലിറ്ററിന് 11.53 രൂപ വര്‍ധിപ്പിച്ചത്. ഇതുമൂലം കോര്‍പറേഷന് മാസം 16 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. ഇപ്പോള്‍ മാസം 62 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍ പ്രവര്‍ത്തനം പൂര്‍ണസ്തംഭനത്തിലേക്ക് നീങ്ങാന്‍ ഇതിടയാക്കും. കേന്ദ്രനയം മൂലം ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അധികബാധ്യത വഹിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ല. അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത്, കോര്‍പറേഷനെ സംരക്ഷിക്കാന്‍ സന്നദ്ധമാകണം. കോര്‍പറേഷന്‍ ഉപയോഗിക്കുന്ന ഡീസലിനുമേല്‍ ചുമത്തുന്ന വില്‍പ്പന നികുതി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഒഴിവാക്കണം. 19.50 ശതമാനം നികുതിയാണ് സംസ്ഥാനം ചുമത്തുന്നത്.
ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് വിവിധ സ്കീമുകളില്‍ നിക്ഷേപിക്കാന്‍ പിരിച്ചെടുക്കുന്ന പണം അടയ്ക്കുന്നില്ല. ഇത് പ്രതിമാസം 28കോടിവരും. അതും കൂടി ചേര്‍ത്താല്‍ പ്രതിമാസം അധികബാധ്യത 90 കോടിവരും. പുതിയ ബാധ്യതകൂടി കണക്കിലെടുത്താല്‍ പ്രതിമാസം അധിക ചെലവ് 106 കോടിവരും.ശമ്പളപരിഷ്കരണം നടപ്പാക്കേണ്ട ബാധ്യത ഇതിനുപുറമെയാണ്. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ കൊടുത്തിട്ടില്ല അതീവ ഗുരുതരമായ സ്ഥിതിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. ഡീസല്‍ വിലനിയന്ത്രണം നീക്കംചെയ്ത നടപടിയുടെ സംസ്ഥാനത്തെ ആദ്യ ഇരയാണ് കെഎസ്ആര്‍ടിസി. കോര്‍പറേഷനെ തകര്‍ച്ചയില്‍നിന്ന് സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭത്തിന് തൊഴിലാളികള്‍ സന്നദ്ധമാകുകയാണ്. ഈ പ്രക്ഷോഭത്തെ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളും പിന്തുണയ്ക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 200113
No comments:
Post a Comment