Sunday, January 20, 2013

ഗാഡ്കില്‍ ശുപാര്‍ശകളില്‍ നടപടി തല്‍ക്കാലം നിര്‍ത്തും


ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പഠന റിപ്പോര്‍ട്ട് നല്‍കുംവരെ നിര്‍ത്തിവയ്ക്കാമെന്ന് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ക്ക് ഡോ. കസ്തൂരി രംഗന്‍ സമിതിയുടെ ഉറപ്പ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുമായി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയണമെന്ന അഭിപ്രായം കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ക്കില്ലെന്ന് നേതാക്കള്‍ സമിതിയെ അറിയിച്ചു. എന്നാല്‍, ആവാസ വ്യവസ്ഥ, കൃഷിരീതി, കാലാവസ്ഥ എന്നിവ കണക്കിലെടുക്കാതെയുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ല. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി എന്ന പേരില്‍ പുതിയ അധികാരകേന്ദ്രം സ്ഥാപിക്കുന്നതിനോടും യോജിപ്പില്ല. പൊതുസ്ഥലം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിര്‍ദേശം ഭൂരഹിതര്‍ക്ക് പട്ടയം ലഭിക്കുന്നതിനു തടസ്സമാകും. ഏകവിള കൃഷി പാടില്ലെന്ന ശുപാര്‍ശ നടപ്പാക്കുന്നത് കാപ്പി, കുരുമുളക് കൃഷിയെ ദോഷകരമായി ബാധിക്കും. ഗ്യാസ്, കല്‍ക്കരി അധിഷ്ഠിത വൈദ്യുതപദ്ധതികള്‍ പാടില്ലെന്ന സമിതിയുടെ നിര്‍ദേശവും സ്വീകാര്യമല്ലെന്ന് നേതാക്കള്‍ പറഞ്ഞു.

വന്‍കിട ജലവൈദ്യുതപദ്ധതികള്‍ പാടില്ലെന്നതും ഡാമുകള്‍ ഡീ കമീഷന്‍ ചെയ്യണമെന്നതും കേരളത്തെ ദുരന്തത്തിലേക്ക് നയിക്കും. കേരളത്തില്‍ ജലസേചനമേഖലയില്‍ 19 ഡാമുകളും ജലവൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട് 33 ഡാമുമാണുള്ളത്. 50 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അടക്കമുള്ള ഡാമുകള്‍ ഡീ കമീഷന്‍ ചെയ്യണമെന്നത് കേരളത്തിലെ വൈദ്യുതി ലഭ്യതയെ ഇല്ലാതാക്കും. പാരിസ്ഥിതിക ആഘാതപഠനം നടത്തിയശേഷമായിരിക്കണം റോഡ് നിര്‍മാണമെന്ന നിര്‍ദേശം കേരളത്തിലെ അടിസ്ഥാനസൗകര്യവികസനങ്ങള്‍ അസാധ്യമാക്കും. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റിയുടെ ആശയം സ്വാഗതാര്‍ഹമാണ് അതിരപ്പിള്ളിക്കു പുറമെ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും കസ്തൂരി രംഗന്‍ സമിതി സന്ദര്‍ശിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങളുമായി ചര്‍ച്ച നടത്തുന്നതില്‍ ഗാഡ്ഗില്‍ കമ്മിറ്റി കുറ്റകരമായ വീഴ്ച വരുത്തിയതായ വിമര്‍ശവും യോഗത്തിലുണ്ടായി. വിശദമായ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് 15 ദിവസത്തിനകം കസ്തൂരി രംഗന്‍ സമിതിക്ക് കൈമാറുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കക്ഷി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം എംഎല്‍എ, സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍, ഡോ. ശൂരനാട് രാജശേഖരന്‍ (കോണ്‍ഗ്രസ്), പി എം എ സലാം (മുസ്ലിംലീഗ്), അഡ്വ. പത്മകുമാര്‍ (ബിജെപി), അഡ്വ. ആര്‍ സതീഷ്കുമാര്‍ (കേരള കോണ്‍ഗ്രസ്), സി മോഹനപിള്ള (കേരള കോണ്‍ഗ്രസ് ജേക്കബ്), മാത്യു സ്റ്റീഫന്‍, ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ് മാണി), വി എസ് മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 200113

No comments:

Post a Comment