Sunday, May 15, 2011

ദിവസം 20 രൂപ ചെലവാക്കുന്നവര്‍ പണക്കാരെന്ന് കേന്ദ്രം

അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് മാസം 578 രൂപയിലധികം ചെലവഴിക്കുന്ന നഗരവാസികള്‍ ദരിദ്രരല്ലെന്ന് ആസൂത്രണകമീഷന്‍ . ഇതില്‍ ഒരു രൂപയെങ്കിലും അധികം ചെലവഴിക്കുന്നവര്‍ ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്തുപോകുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആസൂത്രണ കമീഷന്‍ പറഞ്ഞു. വാടകയ്ക്കും യാത്രയ്ക്കുമായി പ്രതിമാസം 31ലേറെ രൂപ, വിദ്യാഭ്യാസത്തിന് 18 രൂപ, മരുന്നിന് 25 രൂപ, പച്ചക്കറിക്ക് 36.5 രൂപ എന്നിങ്ങനെ ചെലവഴിക്കുന്നവരെ ദരിദ്രരായി കാണാനാകില്ലെന്നാണ് കമീഷന്‍ അറിയിച്ചത്. പ്രതിദിനം ശരാശരി 20 രൂപയിലധികം ഇത്തരം ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നവര്‍ ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്താകും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബിപിഎല്‍ പട്ടികയെന്നും കമീഷന്‍ വ്യക്തമാക്കി.

കമീഷന്റെ ഈ മാനദണ്ഡപ്രകാരം ഗ്രാമങ്ങളില്‍ 41.8 ശതമാനവും നഗരങ്ങളില്‍ 25.7 ശതമാനവും മാത്രമാണ് ദരിദ്രരെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ദാരിദ്ര്യനിരക്ക് നിശ്ചയിക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി ആരാഞ്ഞതിന് മറുപടിയായി നല്‍കിയ വിശദീകരണത്തിലാണ് കമീഷന്‍ മാനദണ്ഡം വ്യക്തമാക്കിയത്. ബിപിഎല്‍ പട്ടികയ്ക്ക് പുറത്താകുന്നവര്‍ക്ക് സബ്സിഡി അനുവദിക്കില്ലെന്നും കമീഷന്‍ പറഞ്ഞു. പൊതുവിതരണ സംവിധാനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കെയാണ് ബിപിഎല്‍ പട്ടിക തയ്യാറാക്കുന്നത് വിശദീകരിക്കാന്‍ സുപ്രീംകോടതി ആസൂത്രണ കമീഷനോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ബിപിഎല്‍ പട്ടിക സത്യസന്ധമാണോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

പട്ടിണിമരണം ഉണ്ടാകരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടിണിമൂലം രാജ്യത്ത് ഒരു മരണവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഭക്ഷ്യധാന്യങ്ങള്‍ സംഭരണശാലകളില്‍ ചീഞ്ഞുനശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ കര്‍ശന നിര്‍ദേശം.

ഈ വര്‍ഷം രാജ്യത്ത് നല്ല വിളവെടുപ്പുണ്ടാകുമെന്ന സര്‍ക്കാര്‍കണക്കുകളുടെ സാഹചര്യത്തില്‍ ഒരു മരണംപോലും സംഭവിക്കരുതെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. 150 പിന്നോക്കജില്ലകള്‍ക്ക് 50 ലക്ഷം ടണ്‍ ഭക്ഷ്യധാന്യംകൂടി കൂടുതല്‍ നല്‍കാന്‍ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി പി വാധ്വകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വേണം ഭക്ഷ്യധാന്യവിതരണം. കേന്ദ്രവുമായി ആലോചിച്ച് ദുര്‍ബലവിഭാഗങ്ങളെ വാധ്വകമ്മിറ്റി കണ്ടെത്തും. തുടര്‍ന്ന് ഈ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കും-കോടതി വിശദീകരിച്ചു.

അധികഭക്ഷ്യധാന്യം നല്‍കാന്‍ ബുദ്ധിമുട്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ , ഇത് വകവയ്ക്കാതെയാണ് കോടതിനടപടി. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യം പൂര്‍ണമായി വിനിയോഗിച്ചശേഷം വേണം ഇപ്പോള്‍ അധികമായി ലഭിക്കുന്ന ഭക്ഷ്യധാന്യം വിതരണംചെയ്യേണ്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

deshabhimani 150511

1 comment:

  1. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് മാസം 578 രൂപയിലധികം ചെലവഴിക്കുന്ന നഗരവാസികള്‍ ദരിദ്രരല്ലെന്ന് ആസൂത്രണകമീഷന്‍ . ഇതില്‍ ഒരു രൂപയെങ്കിലും അധികം ചെലവഴിക്കുന്നവര്‍ ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്തുപോകുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആസൂത്രണ കമീഷന്‍ പറഞ്ഞു. വാടകയ്ക്കും യാത്രയ്ക്കുമായി പ്രതിമാസം 31ലേറെ രൂപ, വിദ്യാഭ്യാസത്തിന് 18 രൂപ, മരുന്നിന് 25 രൂപ, പച്ചക്കറിക്ക് 36.5 രൂപ എന്നിങ്ങനെ ചെലവഴിക്കുന്നവരെ ദരിദ്രരായി കാണാനാകില്ലെന്നാണ് കമീഷന്‍ അറിയിച്ചത്. പ്രതിദിനം ശരാശരി 20 രൂപയിലധികം ഇത്തരം ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നവര്‍ ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്താകും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബിപിഎല്‍ പട്ടികയെന്നും കമീഷന്‍ വ്യക്തമാക്കി.

    ReplyDelete