Saturday, May 14, 2011

മുഖംമൂടി ആക്രമണം: 30 ആര്‍എസ്എസുകാര്‍ പ്രതികള്‍

കൂരോപ്പട: കൂരോപ്പടയിലെ മുഖംമൂടി ആക്രമണത്തില്‍ പങ്കെടുത്ത ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പൊലീസ്സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി ജാമ്യത്തില്‍ പോയി. കൂരോപ്പട മണപ്പാട്ട് പ്രതീഷി(31)നെയാണ് കോട്ടയം ഫസ്റ്റ്ക്ലാസ് ജുഡീഷണല്‍ മജിസ്ട്രേറ്റ് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആര്‍എസ്എസിന്റെ കൂരോപ്പട മണ്ഡലം ഭാരവാഹിയായ ശശിയെയും പൊലീസ് ബുധനാഴ്ച രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു.

വ്യാഴാഴ്ച രാവിലെ പാമ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ബിജെപി, ആര്‍എസ്എസ് നേതാക്കളായ അഡ്വ. നാരായണന്‍ നമ്പൂതിരി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ , എന്‍ ഹരി എന്നിവര്‍ ശശിയെ സ്റ്റേഷനില്‍നിന്ന് വിടണമെന്ന് ആവശ്യപ്പെട്ടു. അമ്പതോളം ബിജെപി പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ് സുരേഷ്കുമാര്‍ ശശിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂരോപ്പട കവലയുടെ പരിധിയിലുള്ള മൊബൈല്‍ ടവറിനുകീഴില്‍ സംഭവം നടന്ന സമയത്ത് ശശിയുണ്ടായിരുന്നതായി മനസ്സിലാക്കി. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ശശിയെ പൊലീസ് ജാമ്യത്തില്‍ വിട്ടു. വിശദമായ അന്വേഷണം നടത്തുമ്പോള്‍ പ്രതിയാണെന്ന് കണ്ടാല്‍ ഉള്‍പ്പെടുത്തുമെന്ന് സുരേഷ്കുമാര്‍ പറഞ്ഞു. 30 ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. ശശി ഒഴികെ ബാക്കി 29 പേരുടെ പേരിലും മന:പ്പൂര്‍വ്വമുള്ള നരഹത്യാശ്രമത്തിനാണ് കേസ്.

ആര്‍എസ്എസ് ആക്രമണം: കൂരോപ്പടയില്‍ ഹര്‍ത്താല്‍ ആചരിച്ചു

കൂരോപ്പട: ആര്‍എസ്എസ് ഗുണ്ടകളുടെ മുഖംമൂടി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം. കൂരോപ്പടയില്‍ സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ബുധനാഴ്ച രാത്രി ആര്‍എസ്എസ് ഗുണ്ടകള്‍ മുഖംമറച്ച് എത്തി ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകരെയും നാട്ടുകാരെയും മര്‍ദിച്ച സംഭവത്തില്‍ നാട്ടുകാരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. കൂരോപ്പട പഞ്ചായത്തിലെ മുഴുവന്‍ കടകളും അടച്ച് വ്യാപാരികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

പച്ചക്കറി വാങ്ങാനെത്തിയവരെയും ബസ്സുകാത്ത്നിന്നവരെയും മുഖംമൂടിധാരികള്‍ ഓടിച്ചിട്ട് ദണ്ഡുകൊണ്ട് മര്‍ദിച്ചപ്പോള്‍ ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകര്‍ ചെറുക്കുകയായിരുന്നു. ജനങ്ങളെ ഭീതിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസുകാര്‍ നടത്തിയത്. കൂരോപ്പടകവലയില്‍ ഒരു ജീപ്പിന്റെ താക്കോല്‍ എടുത്തുമാറ്റിയ സംഭവം സിപിഐ എം ലോക്കല്‍ സെക്രട്ടറി എം എന്‍ പ്രഭാകരന്‍ , ബിജെപി പഞ്ചായത്ത് ഭാരവാഹികളുമായി സംസാരിച്ച് തീര്‍ത്തിരുന്നു. ഈ സംഭവത്തിന്റെ മറപറ്റി പ്രകോപനം കൂടാതെ മുപ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തോര്‍ത്തുകൊണ്ട് മുഖംമറച്ച് ആക്രമണം നടത്തി. പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിവൈഎഫ്ഐ കൂരോപ്പട മേഖലാ പ്രസിഡന്റ് വിനോദിന്റെ നില ഗുരുതരമായി തുടരുന്നു. മേഖലാകമ്മിറ്റിയംഗം അനീഷിനും തലയ്ക്ക് പരിക്കേറ്റു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കൂരോപ്പടയില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വന്‍ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സമാധാനം തകര്‍ക്കുന്ന ആര്‍എസ്എസ് സമീപനം പൊറുപ്പിക്കാനാവില്ല: കെ ജെ തോമസ്

കൂരോപ്പട: സമാധാന ജീവിതം തകര്‍ക്കുന്ന ആര്‍എസ്എസിന്റെ സമീപനം പൊറുപ്പിക്കാനാവില്ലെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. കൂരോപ്പടയില്‍ ആര്‍എസ്എസ് നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചുചേര്‍ന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നാടിനെ വെല്ലുവിളിച്ച് നടത്തുന്ന ഗുണ്ടാ ആക്രമണത്തെ പൊതുജന പങ്കാളിത്തത്തോടെ ചെറുക്കാന്‍ ശ്രമിക്കും. മുഖംമൂടി ആക്രമണം നടത്തുന്നവരെ കൈകാര്യം ചെയ്യാന്‍ പൊലീസിന് അറിയാവുന്നതാണ്. എന്നാല്‍ ഈ സംഭവത്തില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കെ ജെ പറഞ്ഞു.

സിപിഐ എം കൂരോപ്പട ലോക്കല്‍ സെക്രട്ടറി എം എന്‍ പ്രഭാകരന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയസെക്രട്ടറി കെ എം രാധാകൃഷ്ണന്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ കെ സി ജോസഫ്, അഡ്വ. റെജി സഖറിയ, ഏരിയകമ്മിറ്റിയംഗങ്ങളായ സി എം വര്‍ക്കി, ഇ എസ് സാബു, സുഭാഷ് പി വര്‍ഗീസ്, കെ എന്‍ വിശ്വനാഥന്‍ , എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ രാജേഷ്, എസ്എഫ്ഐ ജില്ലാസെക്രട്ടറി സതീഷ് വര്‍ക്കി, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി കെ എസ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani 140511

2 comments:

  1. ആര്‍എസ്എസ് ഗുണ്ടകളുടെ മുഖംമൂടി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം. കൂരോപ്പടയില്‍ സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ബുധനാഴ്ച രാത്രി ആര്‍എസ്എസ് ഗുണ്ടകള്‍ മുഖംമറച്ച് എത്തി ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകരെയും നാട്ടുകാരെയും മര്‍ദിച്ച സംഭവത്തില്‍ നാട്ടുകാരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. കൂരോപ്പട പഞ്ചായത്തിലെ മുഴുവന്‍ കടകളും അടച്ച് വ്യാപാരികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

    ReplyDelete
  2. രണ്ടു കയ്യും കൂടി അടിച്ചാലെ ശബ്ദം വരു സഖാവെ. കടകള്‍ അടച്ചതോ അതോ അടപിച്ചതോ എന്ന് വ്യാപാരികളോട് ചോദിച്ചാല്‍ അറിയാം.

    ReplyDelete