Friday, May 6, 2011

വീണ്ടും കടന്നാക്രമണം നടത്തുമെന്ന് അമേരിക്ക

വാഷിങ്ടണ്‍ : അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ സ്വീകരിച്ച അബോട്ടാബാദ് മാതൃകയിലുള്ള ആക്രമണങ്ങള്‍ പാകിസ്ഥാനില്‍ വീണ്ടും നടത്തുമെന്ന് അമേരിക്ക. ഭീകരരെ ലക്ഷ്യമിട്ട് പ്രത്യേക ആക്രമണങ്ങള്‍ തുടരും. യുദ്ധനിയമങ്ങള്‍ അനുസരിച്ചുതന്നെയാണ് ബിന്‍ ലാദനെ വധിച്ചതെന്നും വൈറ്റ്ഹൗസ് വക്താവ് ജേ കാര്‍ണി അവകാശപ്പെട്ടു. അതെസമയം, അമേരിക്കന്‍ നിലപാടിനെതിരെ പാക് വിദേശമന്ത്രാലയം കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. കമാന്‍ഡോകള്‍ക്കു മുന്നില്‍ കീഴടങ്ങിയിരുന്നെങ്കില്‍ ലാദനെ വധിക്കില്ലായിരുന്നുവെന്ന് കാര്‍ണി പറഞ്ഞു. കീഴടങ്ങാത്തപക്ഷം ലാദനെ വധിക്കാന്‍ കമാന്‍ഡോകള്‍ക്ക് അധികാരം നല്‍കിയിരുന്നു. കമാന്‍ഡോ നടപടി ഫലപ്രദമാണെന്നു തെളിഞ്ഞു. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ഗൂഢാലോചന നടത്തുന്നവരെ കണ്ടെത്താനും അമര്‍ച്ചചെയ്യാനും നടപടി തുടരും- കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു.

ലാദന്‍ വധിക്കപ്പെട്ടതിലൂടെ പ്രധാനലക്ഷ്യങ്ങള്‍ നേടിയെങ്കിലും ഇതിനായി സ്വീകരിച്ച മാര്‍ഗം കീഴ്വഴക്കമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാക് വിദേശമന്ത്രാലയം പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഭീകര ദുരന്തമായിരിക്കും ഫലം. സ്വയം പ്രതിരോധത്തിന് പാകിസ്ഥാന് ശേഷിയുണ്ട്. ഈ മുന്നറിയിപ്പ് അമേരിക്കയ്ക്കു മാത്രമല്ല ബാധകം. ശക്തിയുണ്ടെന്ന പേരില്‍ മറ്റേതെങ്കിലും രാജ്യം പ്രവര്‍ത്തിച്ചാലും അത് തെറ്റായ കണക്കുകൂട്ടലായിരിക്കുമെന്ന് ഇന്ത്യയെ സൂചിപ്പിച്ച് പാക് വിദേശസെക്രട്ടറി സല്‍മാന്‍ ബഷീര്‍ പറഞ്ഞു. അതിസാഹസവും തെറ്റായ കണക്കുകൂട്ടലുകളും ദുരന്തം വരുത്തിവയ്ക്കുമെന്ന് ബഷീര്‍ തുടര്‍ന്നു. അമേരിക്ക അബോട്ടാബാദില്‍ നടത്തിയതുപോലുള്ള ആക്രമണം സംഘടിപ്പിക്കാന്‍ ഇന്ത്യക്കും ശേഷിയുണ്ടെന്ന് സൈനികമേധാവികള്‍ പ്രസ്താവിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ബഷീര്‍ . പാകിസ്ഥാനുമായുള്ള ബന്ധം അട്ടിമറിക്കാനാണ് ഇന്ത്യയിലെ ചില രാഷ്ട്രീയനേതാക്കളും സൈനികമേധാവികളും ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍നേതൃത്വം ഇതിനു വഴങ്ങുമെന്ന് കരുതുന്നില്ലെന്ന് ബഷീര്‍ പറഞ്ഞു.

ലാദന് സുരക്ഷിതമായി പാകിസ്ഥാനില്‍ തങ്ങാന്‍ സാധിച്ചത് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിക്ക് സംഭവിച്ച വീഴ്ചയാണെന്ന ആരോപണം ബഷീര്‍ നിഷേധിച്ചു. സെപ്തംബര്‍ 11ന് അമേരിക്കയില്‍ ഭീകരാക്രമണമുണ്ടായി. മുംബൈയില്‍ ഭീകരാക്രമണം നടന്നു. ഇവയൊക്കെ രഹസ്യാന്വേഷണ വീഴ്ചയോ സുരക്ഷാ വീഴ്ചയോ ആണോ? ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. പൊതുലക്ഷ്യം നേടാന്‍ മേഖലയിലെയും ആഗോളതലത്തിലെയും സുഹൃത്തുക്കളുമായി ഒന്നിച്ചുനീങ്ങും. ഭീകരതയുടെ സാധ്യതകള്‍ ഒഴിവാക്കാന്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും ബഷീര്‍ പറഞ്ഞു. അതേസമയം, ലാദന്റെ വധവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി നവിപിള്ള ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനത്തെ അപലപിക്കുമ്പോള്‍തന്നെ ഭീകരവിരുദ്ധ നടപടികളിലും അടിസ്ഥാനതത്വങ്ങള്‍ പാലിക്കണം. ഇത് രാജ്യാന്തരനിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം- നവിപിള്ള ഓസ്ലോയില്‍ പറഞ്ഞു.

ഒബാമയുടെ ജനപ്രീതി കൂടിയെന്ന് സര്‍വേ

വാഷിങ്ടണ്‍ : ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നതായി സര്‍വേ. രണ്ടാഴ്ചയ്ക്കിടെ ഒബാമയുടെ ജനപ്രീതി 11 ശതമാനം വര്‍ധിച്ചെന്ന് സിബിഎസ് ന്യൂസും ന്യൂയോര്‍ക്ക് ടൈംസും നടത്തിയ അഭിപ്രായ സര്‍വേ ചൂണ്ടിക്കാട്ടി. 57 ശതമാനം അമേരിക്കക്കാരാണ് ഒബാമയ്ക്ക് ഒപ്പമുള്ളത്. രണ്ടാഴ്ചമുമ്പ് ഒബാമയുടെ ജനപ്രീതി 46 ശതമാനമായിരുന്നു. ലാദനെ കണ്ടെത്താനുള്ള ഓപ്പറേഷന് നേതൃത്വം കൊടുത്ത ഒബാമയ്ക്ക് സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേരും മികച്ച മാര്‍ക്ക് നല്‍കി. 2003ല്‍ അമേരിക്കന്‍ പട്ടാളം സദ്ദാം ഹുസൈനെ പിടികൂടിയപ്പോള്‍ ജോര്‍ജ് ബുഷിന്റെ ജനപ്രീതി 60 ശതമാനത്തിലെത്തിയിരുന്നു.

ലാദന്റെ അബോട്ടാബാദ് വാസം അന്വേഷിക്കും: അമേരിക്ക


വാഷിങ്ടണ്‍ : അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ താമസിക്കാന്‍ വഴിയൊരുങ്ങിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അമേരിക്ക. അല്‍ ഖായ്ദയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് "വന്‍നിധി" തന്നെയാണ് ലാദന്‍ തങ്ങിയ ബംഗ്ലാവില്‍നിന്ന് കമാന്‍ഡോകള്‍ പിടിച്ചെടുത്തതെന്നും വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍ണി പറഞ്ഞു. അഞ്ച് കംപ്യൂട്ടര്‍ , 10 ഹാര്‍ഡ് ഡ്രൈവ്, ഡിവിഡികള്‍പോലുള്ള നൂറോളം വിവരശേഖരണ സാമഗ്രികളാണ് പിടിച്ചെടുത്തത്. ആസൂത്രണംചെയ്ത ആക്രമണങ്ങളുടെ തെളിവുകള്‍ , പ്രധാന ലക്ഷ്യങ്ങള്‍ , അല്‍ ഖായ്ദയുടെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇവയില്‍നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. സിഐഎ രൂപംനല്‍കിയ പ്രത്യേക സമിതി ഇവ പരിശോധിക്കുകയാണ്- കാര്‍ണി പറഞ്ഞു.

വേണ്ടുവോളം സമയമെടുത്താണ് കമാന്‍ഡോകള്‍ ലാദന്റെ വസതി പരിശോധിച്ചതെന്ന് അമേരിക്കന്‍ സഹ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. ലോകമെങ്ങും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചതായി ബ്രണ്ണന്‍ അവകാശപ്പെട്ടു. അതിനിടെ കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സമയത്ത് ഒസാമ ബിന്‍ ലാദന്‍ നിരായുധനായിരുന്നെന്ന് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ . അതേസമയം, മറ്റുചിലര്‍ ആയുധധാരികളായിരുന്നെന്നും ഏറ്റുമുട്ടല്‍ ഉണ്ടായെന്നും വൈറ്റ്ഹൗസ് വക്താവ് ജെ കാര്‍ണി പറഞ്ഞു. മുമ്പ് പ്രചരിപ്പിച്ചതിന് വിരുദ്ധമായി, ലാദന്‍ സ്ത്രീയെ മനുഷ്യകവചമായി വച്ചുവെന്നതും അമേരിക്ക തിരുത്തി. ഒസാമയ്ക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയുടെ കാലിന് വെടിയേറ്റെന്നും അവര്‍ മരിച്ചിട്ടില്ലെന്നും കാര്‍ണി പറഞ്ഞു. അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ വധം മഹത്തായ വിജയമാണെന്നും രാജ്യാന്തര ഭീകരശൃംഖലയ്ക്ക് ഇത് കനത്ത ആഘാതമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. ഭീകരവിരുദ്ധ പോരാട്ടത്തിന് ആധുനിക പ്രതിരോധ ഉപകരണങ്ങള്‍ അനിവാര്യമാണെന്ന് പാരീസിലെത്തിയ ഗീലാനി, ഫ്രഞ്ച് പ്രതിരോധമന്ത്രി ജെറാര്‍ദ് ലോങ്കറ്റിനോട് പറഞ്ഞു. പാകിസ്ഥാന്റെ ഭീകരവിരുദ്ധ വേട്ട ഭീകരരുടെ ശക്തി ചോര്‍ത്തി.

deshabhimani news

1 comment:

  1. അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ സ്വീകരിച്ച അബോട്ടാബാദ് മാതൃകയിലുള്ള ആക്രമണങ്ങള്‍ പാകിസ്ഥാനില്‍ വീണ്ടും നടത്തുമെന്ന് അമേരിക്ക. ഭീകരരെ ലക്ഷ്യമിട്ട് പ്രത്യേക ആക്രമണങ്ങള്‍ തുടരും. യുദ്ധനിയമങ്ങള്‍ അനുസരിച്ചുതന്നെയാണ് ബിന്‍ ലാദനെ വധിച്ചതെന്നും വൈറ്റ്ഹൗസ് വക്താവ് ജേ കാര്‍ണി അവകാശപ്പെട്ടു. അതെസമയം, അമേരിക്കന്‍ നിലപാടിനെതിരെ പാക് വിദേശമന്ത്രാലയം കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. കമാന്‍ഡോകള്‍ക്കു മുന്നില്‍ കീഴടങ്ങിയിരുന്നെങ്കില്‍ ലാദനെ വധിക്കില്ലായിരുന്നുവെന്ന് കാര്‍ണി പറഞ്ഞു. കീഴടങ്ങാത്തപക്ഷം ലാദനെ വധിക്കാന്‍ കമാന്‍ഡോകള്‍ക്ക് അധികാരം നല്‍കിയിരുന്നു. കമാന്‍ഡോ നടപടി ഫലപ്രദമാണെന്നു തെളിഞ്ഞു. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ഗൂഢാലോചന നടത്തുന്നവരെ കണ്ടെത്താനും അമര്‍ച്ചചെയ്യാനും നടപടി തുടരും- കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു.

    ReplyDelete