Sunday, May 8, 2011

കലൈഞ്ജര്‍ ടിവിയെ നിയന്ത്രിക്കുന്നത് കനിമൊഴിയെന്ന് സി ബി ഐ

2ജി സ്‌പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട ഡി ബി റിയാലിറ്റിയില്‍നിന്നും 200 കോടി രൂപ സ്വീകരിച്ച കലൈഞ്ജര്‍ ടി വിയുടെ ഭരണപരമായ കാര്യങ്ങളെല്ലാം പിന്നില്‍നിന്ന് നിയന്ത്രിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും എം പിയുമായ കനിമൊഴിയാണെന്ന് സി ബി ഐ. സ്‌പെക്ട്രം അഴിമതിയില്‍ കനിമൊഴിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ശക്തമായി എതിര്‍ത്ത സി ബി ഐയുടെ വാദം കേട്ട പ്രത്യേക കോടതി കേസില്‍ വിധിപറയുന്നത് ഈമാസം 14ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ പിറ്റേന്നാണ് കലൈഞ്ജര്‍ ടി വി എം ഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയിലും വിധി പ്രസ്താവിക്കുകയെന്ന് പ്രത്യേക കോടതി ജഡ്ജി ഒ പി സാഹ്‌നിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ ദിവസവും കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കണെന്ന കനിമൊഴിയുടെ അപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ കനിമൊഴിയെയും ശരത് കുമാറിനെയും അറസ്റ്റു ചെയ്യരുതെന്ന് കോടതി അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

നിയന്ത്രണം ശരത്്കുമാറിനാണെന്ന് പറയുന്നുണ്ടെങ്കിലും കലൈഞ്ജര്‍ ടി വിയുടെ കാര്യങ്ങള്‍ തിരശീലക്കു പിന്നിലിരുന്ന് കനിമൊഴിയാണ് നിയന്ത്രിക്കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു യു ലളിത് വാദിച്ചു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി കനിമൊഴി കോടതിയെ സമീപിച്ചത്. കലൈഞ്ജര്‍ ടി വിയുടെ ഓഹരിയുടമ മാത്രമായ കനിമൊഴിക്ക് അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നും സ്ത്രീയും അമ്മയും എം പിയുമായ അവര്‍ക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനി കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്. ജത്മലാനിയുടെ വാദങ്ങളെ പൂര്‍ണമായി എതിര്‍ത്ത സി ബി ഐ കനിമൊഴിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

എ രാജ മന്ത്രിയായിരിക്കുമ്പോള്‍ ടെലികോം ലൈസന്‍സും സ്‌പെക്ട്രം ലൈസന്‍സും നിയമവിരുദ്ധമായി സ്വന്തമാക്കിയ ബല്‍വയുടെ ഡി ബി റിയാലിറ്റിയില്‍നിന്നും കലൈഞ്ജര്‍ ടി വിക്ക് 200 കോടി രൂപ ലഭിച്ചതില്‍ കനിമൊഴിക്ക് വ്യക്തമായ പങ്കുണ്ട്. 200 കോടി രൂപയുടെ ഇടപാടില്‍ കനിമൊഴിയുടെയും ശരത് കുമാറിന്റെയും പങ്ക് ഇതിനകംതന്നെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ദയകാട്ടേണ്ടതില്ലെന്നും കേസിലെ മറ്റു പ്രതികളെപ്പോലെ കനിമൊഴിയെയും ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും ലളിത് വാദിച്ചു.

കലൈഞ്ജര്‍ ടി വിയുടെ 80 ശതമാനം ഓഹരി സ്വന്തമായുള്ള കരുണാനിധിയുടെ കുടുംബം അറിയാതെ സാമ്പത്തികമായ ഒരു ഇടപാടും നടക്കില്ല. കലൈഞ്ജര്‍ ടി വിയില്‍ 60 ശതമാനം ഓഹരിയുള്ള കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ സാമ്പത്തിക ഇടപാടുകളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ഇതെല്ലാം നിയന്ത്രിക്കുന്നത് കനിമൊഴിയും ശരത്കുമാറും ചേര്‍ന്നാണെന്നും സി ബി ഐ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു കമ്പനിയില്‍ ഒരു കുടുംബത്തിന് 80 ശതമാനം ഓഹരിയുണ്ടെങ്കില്‍ കുടുംബത്തില്‍നിന്നുള്ള ഒരാളല്ലാതെ മറ്റൊരാള്‍ അതിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പറയുന്നത് ചിന്തിക്കാനാവില്ലെന്ന് ലളിത് വാദിച്ചു.

സി ബി ഐ കുറ്റപത്രവും സാക്ഷിമൊഴികളും സി ബി ഐ കോടതിയില്‍ ഹാജരാക്കിയ മറ്റ് വിവിധ തെളിവുകളുടെയും രേഖകളുെടയും വിശദമായ പരിശോധനയ്ക്കാണ് കനിമൊഴിയോടും ശരത് കുമാറിനോടും ജാമ്യാപേക്ഷയിന്മേല്‍ വിധിപറയുന്നതുവരെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

കുറ്റപത്രത്തില്‍ കനിമൊഴിയുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കലൈഞ്ജര്‍ ടി വിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം കനിമൊഴിയാണെന്നത് യാഥാര്‍ഥ്യമാണെന്ന് ലളിത് പറഞ്ഞു. ഇതയും വലിയ തുകയുടെ ഇടപാട് മറ്റ് ധാരണകളൊന്നുമില്ലാതെ നടന്നുവെന്നത് സംശയം ജനിപ്പിക്കുന്നതാണ്. 200 കോടി രൂപ ഒരു കമ്പിനി മറ്റൊരു കമ്പനിക്ക് യാതൊരു  സുരക്ഷിതത്വമോ ധാരണയോ ഇല്ലാതെ കൊടുത്തുവെന്നത് അവിശ്വസനീയമാണ്. സ്‌പെക്ട്രം അഴിമതിയില്‍ നേട്ടമുണ്ടാക്കിയ ഒരാളായ ഷാഹിദ് ഉസ്മാന്‍ ബല്‍വയാണ് ഡൈനാമിക്‌സ് റിയാലിറ്റി, കുസേഗണ്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സിനിയുഗ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഈ കമ്പനികളില്‍നിന്നാണ് കലൈഞ്ജര്‍ ടി വിക്ക് 200 കോടി ലഭിച്ചത്. ഡൈനാമിക്‌സ് റിയാലിറ്റി പണം കൈമാറിയ അതേവഴിയിലൂടെതന്നെ അവര്‍ നല്‍കിയ പണം കലൈഞ്ജര്‍ ടി വി തിരികെ നല്‍കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും എന്നാല്‍ യഥാര്‍ഥ പണമിടപാടാണ് നടന്നതെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇടപാടുകള്‍ സംശയമുള്ളതാണെന്നും ലഭിത് പറഞ്ഞു. കലൈഞ്ജര്‍ ടി വിക്ക് പണം കൈമാറിയ കുസേഗണ്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബള്‍സിന്റെ ഉടമസ്ഥരായ ബല്‍വ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരായ ആസിഫ് ബല്‍വയും രാജീവ് അഗര്‍വാളും മറ്റൊരു സംരംഭമായ സിനിയുഗിന്റെ ഡയറക്ടര്‍ കരിം മൊറാനിയും സ്‌പെക്ട്രം ക്രമക്കേടില്‍ പങ്കാളികളാണെന്നത് ശ്രദ്ധേയമാണ്. കനിമൊഴിയും ശരത്കുമാറും മാത്രമല്ല അഗര്‍വാളിനു ആസിഫിനുമൊപ്പം മൊറാനിയും ഈ പണമിടപാടിലും വ്യാജ രേഖകള്‍ തയ്യാറാക്കിയതിലും പങ്കാളികളാണെന്നും ലളിത് കോടതിയില്‍ പറഞ്ഞു.

ജനയുഗം 080511

1 comment:

  1. 2ജി സ്‌പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട ഡി ബി റിയാലിറ്റിയില്‍നിന്നും 200 കോടി രൂപ സ്വീകരിച്ച കലൈഞ്ജര്‍ ടി വിയുടെ ഭരണപരമായ കാര്യങ്ങളെല്ലാം പിന്നില്‍നിന്ന് നിയന്ത്രിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും എം പിയുമായ കനിമൊഴിയാണെന്ന് സി ബി ഐ. സ്‌പെക്ട്രം അഴിമതിയില്‍ കനിമൊഴിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ശക്തമായി എതിര്‍ത്ത സി ബി ഐയുടെ വാദം കേട്ട പ്രത്യേക കോടതി കേസില്‍ വിധിപറയുന്നത് ഈമാസം 14ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ പിറ്റേന്നാണ് കലൈഞ്ജര്‍ ടി വി എം ഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയിലും വിധി പ്രസ്താവിക്കുകയെന്ന് പ്രത്യേക കോടതി ജഡ്ജി ഒ പി സാഹ്‌നിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ ദിവസവും കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കണെന്ന കനിമൊഴിയുടെ അപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ കനിമൊഴിയെയും ശരത് കുമാറിനെയും അറസ്റ്റു ചെയ്യരുതെന്ന് കോടതി അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

    ReplyDelete