Friday, May 13, 2011

72-68

യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടി 72-68

അവസാനനിമിഷം വരെ ആകാംക്ഷനിലനിര്‍ത്തിയ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് നേരിയവിജയം. കേരളത്തില്‍ എല്‍ഡിഎഫ് ചരിത്രമുന്നേറ്റം നടത്തിയെങ്കിലും അവസാനനിമിഷം 2 സീറ്റിന് പിന്നിലായി. കോട്ടയത്ത് ഏറ്റുമാനൂരില്‍ സുരേഷ്കുറുപ്പ് വിജയിച്ചതോടെ ഇരുമുന്നണികളും നിര്‍ണായകനിലയിലായി. പിറവം, തൃത്താല മണ്ഡലങ്ങളുടെയും വിജയം യുഡിഎഫിനായതോടെ അവര്‍ മുന്നിലെത്തി. ജെഎസ്എസ്, സിഎംപി സ്ഥാനാര്‍ഥികള്‍ ആരും ജയിച്ചില്ല. ചേര്‍ത്തലയില്‍ ഗൗരിയമ്മയും നെന്‍മാറയില്‍ എംവി രാഘവനും തോറ്റു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ ജില്ലകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറ്റം തുടങ്ങിയിരുന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ സങ്കേതിക തകരാര്‍മൂലം വൈകി. ഇടക്കിടെ ലീഡ്നിലകള്‍ മാറി വന്നതോടെ ഫലങ്ങളും അനിശ്ചിതത്വത്തിലായി.

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ 23,440 ഭൂരിപക്ഷം നേടി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ 33255 ഭൂരിപക്ഷം നേടി. മന്ത്രിമാരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ചവറയിലും രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂരിലും വി സുരേന്ദ്രന്‍ പിള്ള തിരുവനന്തപുരത്തും തോറ്റു. സിപിഐഎമ്മിന് 47 സീറ്റും സിപിഐക്ക് 13 സീറ്റും ജനതാദളിന് 4 ഉം എന്‍സിപി, ആര്‍എസ്പി കക്ഷികള്‍ക്ക് ഓരോ സീറ്റും കിട്ടിയപ്പോള്‍ സ്വതന്ത്രരായ കെ ടി ജലീല്‍ , പിടിഎ റഹിം എന്നിവരും ജയിച്ചു.

ജനപിന്തുണ കൂടി; ശക്തമായ പ്രതിപക്ഷമാകും: പിണറായി

എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ആഗ്രഹിച്ചിരുന്നു. എങ്കിലും ജനവിധി അംഗീകരിക്കുന്നു. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ജനവിധി കാണണം. സാങ്കേതികമായ വിജയം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. തുടര്‍ച്ചയായി ഒരു മുന്നണിക്ക് അധികാരം നല്‍കാത്തതാണ് കേരളത്തിന്റെരീതി. നാടിന്റെ വികസനത്തിന് എല്‍ഡിഎഫ് അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ജാതിമതശക്തികളെ കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തിക്കൊണ്ടിരുന്നത്. എല്‍ഡിഎഫിനെതിരെ ശത്രുതാപരമായി നീങ്ങുന്ന ജാതിമതസംഘടനകള്‍ ഇപ്പോഴെങ്കിലും അത് മനസിലാക്കണം. ആത്മപരിശോധനക്ക് തയ്യാറാവണം.

അധികാരത്തിലെത്തി ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഒരുവിട്ടുവീഴ്ചയുമില്ലാതെ ശക്തമായി പ്രതിഷേധിക്കും. അല്ലാതെ കുതിരക്കച്ചവടത്തിനില്ല. സംസ്ഥാനത്താകമാനം ഒന്നര ലക്ഷം വോട്ടിന്റെ വ്യത്യാസം മാത്രമേ ഇപ്പോഴുള്ളു. അതേസമയം മലപ്പുറത്തു മാത്രം 3.5 ലക്ഷം വോട്ട് യുഡിഎഫിനു കൂടുതലുണ്ടുതാനും. അതാണ് ഈ രീതിയില്‍ കുറഞ്ഞത്. ലോകസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41.09 വോട്ടാണ് കിട്ടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 42.26 ആയി. ഇപ്പോള്‍ 45.11 ശതമാനമായിരിക്കുന്നു. ജനപിന്തുണയില്‍ ഉണ്ടായ വര്‍ധനവാണിത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും വിഎസ്

മലമ്പുഴ: ശക്തമായ പ്രതിപക്ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാമുദായിക ശക്തികളെ ഇളക്കിവിട്ടാണ് യുഡിഎഫ് നേരിയ വിജയം നേടിയത്. എന്നിട്ടും എല്‍ഡിഎഫ് നല്ല വിജയം നേടി. മലപ്പുറം കോട്ടയം,എറണാകുളം ജില്ലകളിലാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. അതു കൂടിയില്ലാതിരുന്നാല്‍ യുഡിഎഫ് തകര്‍ച്ചയില്‍ നിന്നും കരകയറുകയില്ലായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ല. ചില സാമുദായിക ശക്തികള്‍ തന്നെ നേരിട്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരായ പോരാട്ടം തുടരും. സ്ഥിരതയില്ലാത്തവരെ തട്ടിക്കൂട്ടി മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമിക്കില്ല. നാളെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇത്തവണയും താമര വിരിഞ്ഞില്ല

കേരളത്തില്‍ ഇത്തവണയെങ്കിലും താമര വിരിയിക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റു. മഞ്ചേശ്വരത്തും നേമത്തും പാലക്കാടും കാസര്‍ഗോട്ടുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. ബിജെപി ദേശീയ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ഒ രാജഗോപാല്‍ വിജയം പ്രതീക്ഷിച്ചുവെങ്കിലും ബഹുദൂരം പിന്നിലായി. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വര്‍ഷങ്ങളായി മഞ്ചേശ്വരത്ത് താമസമുറപ്പിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. യുഡിഎഫിലെ പിബി അബ്ദുറസാഖ് ജയിച്ചു. കാസര്‍ഗോഡ് ജയലക്ഷ്മി അവസാനനിമിഷം വരെ മുന്നിലെത്തിയതിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് വിജയിച്ചു. ബിജെപി ദേശീയനേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. കര്‍ണാകടയില്‍ നിന്നും ധാരാളം പണം തെരഞ്ഞെടുപ്പ് ചെലവിലേക്കായി എത്തിക്കുകയും ചെയ്തിരുന്നു.

ഇനി ലീഗിന്റെയും മാണിയുടെയും പിന്‍സീറ്റ് ഡ്രൈവിങ്

കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റുമാത്രം കൂടുതല്‍ നേടി യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് നീങ്ങുമ്പോള്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഐ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്. രണ്ടുസീറ്റുള്ള ജനതാദള്‍ എസ് വിചാരിച്ചാല്‍പ്പോലും മന്ത്രിസഭയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നിരിക്കെ ഇനിയങ്ങോട്ട് ഘടകകക്ഷികള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയാകും. മുസ്ലീം ലീഗ് 20 സീറ്റും കേരള കോണ്‍ഗ്രസ് 9 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസിന് 38 സീറ്റാണുള്ളത്. ഇതില്‍ ഏത് കക്ഷി ഇടഞ്ഞാലും മന്ത്രിസഭ നിലംപതിക്കും. മന്ത്രിസഭാ രൂപീകരണവും സങ്കീര്‍ണമാകും. കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി ബി എന്നിവര്‍ക്ക് ഓരോ സീറ്റുകളാണ് ഉള്ളതെങ്കിലും ഇവര്‍ക്കെല്ലാം മന്ത്രിപദവി നല്‍കേണ്ടിവരും. 2001ല്‍ യുഡിഎഫ് 99 സീറ്റ് നേടി ഏ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ 88 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 63 സീറ്റുണ്ടായിരുന്നു. 2006ല്‍ 77 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 24 സീറ്റാണ് ലഭിച്ചത്. ലീഗിനും മാണി കേരള കോണ്‍ഗ്രസിന് ഏഴ് വീതം സീറ്റുണ്ടായിരുന്നു. ഇക്കുറി കോണ്‍ഗ്രസ്സിന് കൂടിയത് കേവലം 13 സീറ്റ്. 2006ല്‍ ഭരണത്തിലെത്തിയ എല്‍ഡിഎഫില്‍ സിപിഐ എമ്മിന് 65 സീറ്റും സിപിഐക്ക് 17 സീറ്റും ലഭിച്ചിരുന്നു.

സോണിയയും രാഹുലും തുണച്ചില്ല

ആലപ്പുഴ: കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയയും രാഹുലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടും ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തുണയായില്ല. പ്രചാരണ രംഗം കൊഴുപ്പിക്കാന്‍ സോണിയയേയും രാഹുലിനെയും ജില്ലയില്‍ എത്തിച്ചത് വലിയ പ്രതീക്ഷകളോടെയായിരുന്നു. സമ്മേളനങ്ങളില്‍ പൊതുവേ ആളുകള്‍ കുറവായിരുന്നെങ്കിലും ഇരു നേതാക്കളുടെയും പര്യടനം നേട്ടങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ , ഇതൊന്നും യുഡിഎഫിന് തുണച്ചില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇവരെക്കൂടാതെ കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, കെ സി വേണുഗോപാല്‍ എന്നിവരും ജില്ലയില്‍ വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. മത്സരരംഗത്തുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മണ്ഡലം വിട്ട് പുറത്തുപോകാനാവില്ലെന്ന് വ്യക്തമായതോടെ യുഡിഎഫിന്റെ പ്രചാരണ നേതൃത്വം എ കെ ആന്റണി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ എ കെ ആന്റണിക്കും മറ്റു നേതാക്കള്‍ക്കും യുഡിഎഫിന്റെ പരാജയം ഒഴിവാക്കാനായില്ല.

കൂടിയ ഭൂരിപക്ഷം മലപ്പുറത്തെ ഉബൈദുള്ളയ്ക്ക്

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് മലപ്പുറം മണ്ഡലത്തില്‍നിന്ന് ജയിച്ച മുസ്ലീം ലീഗിലെ പി ഉബൈദുള്ളയ്ക്കാണ് 44,508 വോട്ടിെന്‍റ ഭൂരിപക്ഷം. 2006ലെ റെക്കോര്‍ഡായ ആലത്തൂരിലെ സിപിഐ എം സ്ഥാനാര്‍ഥി എം ചന്ദ്രെന്‍റ 47,671 വോട്ടിനെ മറികടക്കാന്‍ ഉബൈദുള്ളയ്ക്ക് കഴിഞ്ഞില്ല. ഇക്കുറി ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനവും ലീഗ് സ്ഥാനാര്‍ഥിക്കാണ്. വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടി 38,237 വോട്ടിെന്‍റ ഭൂരിപക്ഷത്തിന് ജയിച്ചു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 33,255 ആണ്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തിലെ ടി എം ജേക്കബിനാണ്. 157 വോട്ട്. കുറഞ്ഞ ഭൂരിപക്ഷമുള്ള മറ്റുചിലര്‍ ഇവരാണ് തൃശൂരിലെ കുന്നംകുളത്തെ ബാബു എം പാലിശേരി 481. മണലൂരില്‍ പി എ മാധവന്‍ 481. കണ്ണൂരിലെ അഴീക്കോട് മുസ്ലീം ലീഗിലെ കെ എം ഷാജി 493. തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ കോണ്‍ഗ്രസിലെ എ ടി ജോര്‍ജ് 505. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 711.

deshabhimani 140511

1 comment:

  1. അവസാനനിമിഷം വരെ ആകാംക്ഷനിലനിര്‍ത്തിയ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് നേരിയവിജയം. കേരളത്തില്‍ എല്‍ഡിഎഫ് ചരിത്രമുന്നേറ്റം നടത്തിയെങ്കിലും അവസാനനിമിഷം 2 സീറ്റിന് പിന്നിലായി.

    ReplyDelete