മലപ്പുറത്ത് യുഡിഎഫ് 14, എല്‍ഡിഎഫ് 2
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് 14 സീറ്റില്‍ വിജയിച്ചു. എല്‍ഡിഎഫ് രണ്ടുസീറ്റ് നേടി. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ കെ ടി ജലീലും തെരഞ്ഞെടുക്കപ്പെട്ടു. 2006ലെ തെരഞ്ഞെടുപ്പില്‍ 12ല്‍ അഞ്ചുസീറ്റ് എല്‍ഡിഎഫ് നേടിയിരുന്നു. മത്സരിച്ച 12 സീറ്റിലും വിജയിക്കാന്‍ മുസ്ലിംലീഗിനായി. നാല് സീറ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഏറനാട്, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടക്കല്‍ , തിരൂര്‍ , താനൂര്‍ , തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര എന്നീ മണ്ഡലങ്ങളാണ് മുസ്ലിംലീഗ് നേടിയത്. നിലമ്പൂര്‍ , വണ്ടൂര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.
മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി ഉബൈദുള്ള നേടിയ 44,508 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാന റെക്കോഡാണ്. ജനതാദള്‍ എസിലെ മഠത്തില്‍ സാദിഖലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,237 വോട്ടാണ്. ഐഎന്‍എല്‍ സ്ഥാനാര്‍ഥി കെ പി ഇസ്മായിലിനെയാണ് തോല്‍പ്പിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റുമായ പി ശ്രീരാമകൃഷ്ണന് 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയില്‍ നിന്ന് വിജയിച്ചത്. കോണ്‍ഗ്രസിലെ പി ടി അജയമോഹനെയാണ് പരാജയപ്പെടുത്തിയത്. 2006ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ഡോ. കെ ടി ജലീല്‍ ഇത്തവണ തവനൂരില്‍ നിന്ന് 6854 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസിലെ വി വി പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരം നടന്ന പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി സിപിഐ എമ്മിലെ വി ശശികുമാര്‍ എംഎല്‍എയെ പരാജയപ്പെടുത്തി.
നിലമ്പൂരില്‍ കോണ്‍ഗ്രസിലെ ആര്യാടന് മുഹമ്മദ് എട്ടാംതവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം സ്വതന്ത്രസ്ഥാനാര്‍ഥി പ്രൊഫ. എം തോമസ് മാത്യുവിനെ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. വണ്ടൂരില്‍ കോണ്‍ഗ്രസിലെ എ പി അനില്‍കുമാര്‍ മൂന്നാംതവണയും വിജയമാവര്‍ത്തിച്ചു. സിപിഐ എമ്മിലെ വി രമേശനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മഞ്ചേരിയില്‍ അഡ്വ. എം ഉമ്മര്‍ എംഎല്‍എ സിപിഐയിലെ പ്രൊഫ. പി ഗൗരിയെ പരാജയപ്പെടുത്തി. മങ്കടയില്‍ ടി എ അഹമ്മദ് കബീര്‍ സിപിഐ എമ്മിലെ ഖദീജ സത്താറിനെയും വള്ളിക്കുന്നില്‍ അഡ്വ. കെഎന്‍എ ഖാദര്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി കെ വി ശങ്കരനാരായണനെയും പരാജയപ്പെടുത്തി. തിരൂരങ്ങാടിയില്‍ പി കെ അബ്ദുറബ്ബ് സിപിഐയിലെ അഡ്വ. കെ കെ അബ്ദുള്‍സമദിനെ തോല്‍പ്പിച്ചു. താനൂരില്‍ അബ്ദുറഹിമാന് രണ്ടത്താണി സിപിഐ എം സ്ഥാനാര്‍ഥി ഇ ജയനെ പരാജയപ്പെടുത്തി. തിരൂരില്‍ സി മമ്മൂട്ടി സിപിഐമ്മിലെ പി പി അബ്ദുള്ളക്കുട്ടിയെയും കോട്ടക്കലില്‍ അബ്ദുസമദ് സമദാനി എന്‍സിപിയിലെ സി പി കെ ഗുരുക്കളെയും പരാജയപ്പെടുത്തി. കൊണ്ടോട്ടിയില്‍ നിന്ന് കെ മുഹമ്മദുണ്ണിഹാജി എംഎല്‍എ രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിലെ പി സി നൗഷാദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഏറനാട്ടില്‍ മുസ്ലിംലീഗിലെ പി കെ ബഷീര്‍ സ്വതന്ത്രസ്ഥാനാര്‍ഥി പി വി അന്‍വറിനെ പരാജയപ്പെടുത്തി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ അഷ്റഫലി കാളിയത്ത് നാലാമതായി.
ജില്ലയിലെ 16 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനേക്കാള്‍ 3,69,946 വോട്ടുകള്‍ യുഡിഎഫ് അധികം നേടി. എല്‍ഡിഎഫിന് ആകെ 6,57,683 വോട്ട് ലഭിച്ചു. അതേസമയം യുഡിഎഫ് 10,27,629 വോട്ട് നേടി. എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് ജനപിന്തുണ കുറഞ്ഞു. 4.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് മൂന്നര ലക്ഷമായി കുറഞ്ഞത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ലീഡിനേക്കാള് ഒരുലക്ഷം വോട്ട് ഇത്തവണ യുഡിഎഫിന് അധികമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 2,69,908 വോട്ടാണ് ജില്ലയില്‍ യുഡിഎഫിന്റെ ലീഡ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫിന് ജനപിന്തുണ ഗണ്യമായി കുറഞ്ഞു. താനൂര്‍ , നിലമ്പൂര്‍ , ഏറനാട്, പൊന്നാനി തവനൂര്‍ മണ്ഡലങ്ങളിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞത്.
പാലക്കാട് ജില്ലയില്‍ എല്‍ഡിഎഫിന് വന്‍ വിജയം
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ എല്‍ഡിഎഫിന് വന്‍വിജയം. ആകെയുള്ള 12 സീറ്റില്‍ 7 സീറ്റുകള്‍ നേടിയാണ് പാലക്കാട് എല്‍ഡിഎഫ് ചരിത്രം ആവര്‍ത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11-ല്‍ ഒമ്പത് സീറ്റാണ് എല്‍ഡിഎഫ് നേടിയിരുന്നത്. എല്‍ഡിഎഫ് കോട്ടകളായ ഒറ്റപ്പാലം, ആലത്തൂര്‍ , തരൂര്‍ , മലമ്പുഴ മണ്ഡലങ്ങള്‍ക്ക് പുറമെ പുതിയതായി രൂപംകൊണ്ട ഷൊര്‍ണൂരും കോങ്ങാടും വിജയിക്കുകയും നെന്മാറ നിലനിര്‍ത്തുകയും ചെയ്താണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട്, ചിറ്റൂര്‍ , പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
മലമ്പുഴയില്‍നിന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 23,440 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ലതികാ സുഭാഷിനെ പരാജയപ്പെടുത്തിയാണ് വി എസ് മലമ്പുഴയില്‍ ഹാട്രിക് വിജയം നേടിയിരിക്കുന്നത്. തരൂരില്‍ വൈദ്യുതി മന്ത്രി എ കെ ബാലന് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് യുഡിഎഫിനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം നേടിയത്. 25,756 വോട്ടുകളുടെ ഭൂരിപക്ഷമാണ് എ കെ ബാലന് നേടിയിരിക്കുന്നത്. ആലത്തൂരില്‍ എം ചന്ദ്രന് 24,741 വാട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രണ്ടാം വിജയം നേടിയിരിക്കുന്നത്. ഒറ്റപ്പാലത്ത് എം ഹംസ 13,203 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ വി കെ ശ്രീകണ്ഠനെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിര്‍ത്തിയത്. പുതിയതായി നിലവില്‍വന്ന ഷൊര്‍ണൂരില്‍ കെ എസ് സലീഖ 13,493 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചരിത്ര വിജയമാണ് നേടിയിരിക്കുന്നത്.
നെന്മാറയില് വി ചെന്താമരാക്ഷന് 8,694 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിഎംപി നേതാവ് എം വി രാഘവനെ പരാജയപ്പെടുത്തിയാണ് രണ്ടാം വിജയം നേടിയിരിക്കുന്നത്. പുതിയതായി രൂപം കൊണ്ട കോങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി വിജയദാസ് 3,565 വോട്ടുകള്‍ക്ക് യുഡിഎഫിലെ സ്വാമിനാഥനെ പരാജയപ്പെടുത്തി. പട്ടാമ്പിയില്‍ സിറ്റിങ് എംഎല്‍എ സി പി മഹുമ്മദ് എല്‍ഡിഎഫിലെ കെ പി സുരേഷ്രാജിനെ 12,475 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഷംസുദ്ദീന് 8,270 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ വി ചാമുണ്ണിയെ പരാജയപ്പെടുത്തി. ചിറ്റൂരില്‍ കോണ്‍ഗ്രസിലെ കെ അച്യുതന് എല്‍ഡിഎഫിലെ എസ് സുഭാഷ് ചന്ദ്രബോസിനെ 12,330 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി ബലറാം എല്‍ഡിഎഫിലെ പി മമ്മിക്കുട്ടിയെ 3,197 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിലെ ഷാഫി പറമ്പില്‍ 7,403 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ കെ കെ ദിവാകരനെ പരാജയപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമനടപടികളുമാണ് ഇത്തവണ വീണ്ടും എല്‍ഡിഎഫിന് അനുകൂലമായി ജനം വിധിയെഴുതാന്‍ കാരണം. പിന്നോക്കാവസ്ഥയിലായിരുന്ന പാലക്കാടിന്റെ മുഖച്ഛായ മാറ്റിയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയത്. ഇതിന് പുറമെ കാര്‍ഷികമേഖലയില്‍ എടുത്ത നടപടികളും ജനങ്ങളെ എല്‍ഡിഎഫിന് അനുകൂലമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. യുഡിഎഫ് ഭരണത്തില്‍ കര്‍ഷകരുടെ ആത്മഹത്യവരെ നടന്ന ജില്ലയാണ് പാലക്കാട്. എന്നാല്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയും നെല്ലിന്റെ സംഭരണവില വര്‍ധിപ്പിച്ചും കര്ഷകപെന്ഷനുകള് അനുവദിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. ഇതിന് പുറമെ വിവിധ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കാരണമായി. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ അഴിമതി രഹിതഭരണത്തിനുള്ള അംഗീകാരംകൂടിയാണ് പാലക്കാട്ടെ ജനങ്ങള്‍ നല്കിയ ജനവിധി. അതോടൊപ്പം തന്നെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും കുപ്രചാരണങ്ങളെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞ് എല്‍ഡിഎഫിന് പിറകില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ്.
എല്‍ഡിഎഫിന്റെ ജനകീയാടിത്തറയ്ക്ക് ഒരുപോറലും ഏല്‍പ്പിക്കാന്‍ യുഡിഎഫിന്റെ പ്രചാരണത്തിന് കഴിഞ്ഞില്ലെന്ന് തെളിയിക്കുന്നതാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ വിജയം. എല്‍ഡിഎഫിന് വോട്ട് ഗണ്യമായി വര്‍ധിച്ചു. 6,98,853 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 6,29,917 വോട്ട് ലഭിച്ചു. യുഡിഎഫിനേക്കാള്‍ 68,936 വോട്ട് എല്‍ഡിഎഫിന് അധികം ലഭിച്ചിട്ടുണ്ട്. 2010ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജില്ലയില്‍ 6,90,890 വോട്ടാണ് നേടിയിരുന്നത്. അതില്‍ നിന്ന് 7,963 വോട്ട് കൂടുതല്‍ നേടാന്‍ എല്‍ഡിഎഫിനായി. എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 6,72,810 വോട്ട് നേടിയ യുഡിഎഫിന് 42,893 വോട്ട് കുറവായി. യുഡിഎഫിന് ജില്ലയില്‍ വന്‍ തകര്‍ച്ചയുണ്ടായതായി ഇത് കാണിക്കുന്നു.
മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍ , തരൂര്‍ , നെന്മാറ, ആലത്തൂര്‍ , ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് വോട്ട് കൂടുതല്‍ ലഭിച്ചത്. മലമ്പുഴയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ 71,417 വോട്ടാണ് നേടിയിരുന്നത്. ഇത് 77,752 ആയി. പാലക്കാട് 40,024 വോട്ട് കിട്ടിയത് 40,238 ആയി വര്‍ധിച്ചു. ചിറ്റൂരില്‍ 47,660 വോട്ട് കിട്ടിയത് 57,586 വോട്ടായി. തരൂരില്‍ 59,780ല്‍ നിന്ന് 64,175 ആയും നെന്മാറയില് 62,463ല്‍നിന്ന് 64,169 ആയും ആലത്തൂരില്‍ 65,319ല്‍നിന്ന് 66,977 ആയും വര്‍ധിച്ചു. യുഡിഎഫ് വിജയിച്ച തൃത്താലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 59,727 വോട്ടാണ് ലഭിച്ചിരുന്നത്. ഇത് 56,661 ആയി കുറഞ്ഞു. 3066 വോട്ടിന്റെ കുറവാണുണ്ടായത്. ചിറ്റൂരില്‍ 78,553 വോട്ട് തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയത് 69,916 ആയി കുറഞ്ഞു. 8,637 വോട്ട് യുഡിഎഫിന് കുറഞ്ഞു. തരൂര്‍ മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ 51,053 വോട്ട് നേടിയ യുഡിഎഫിന് 38,419 വോട്ട് നേടാന്‍ മാത്രമെ കഴിഞ്ഞുള്ളു. ആലത്തൂരില്‍ 46,866 വോട്ട് 42,236 വോട്ടായി കുറഞ്ഞു. നെന്മാറയില് 67,585 വോട്ട് നേടിയിരുന്ന യുഡിഎഫിന് 55,475 മാത്രമെ നേടാനായുള്ളു. കോങ്ങാട് മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ 56,146 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. ഇത് 49,355 ആയി കുറഞ്ഞു. യുഡിഎഫ് ജയിച്ച മണ്ണാര്‍ക്കാടും തദ്ദേശതെരഞ്ഞെടുപ്പില്നിന്നും ഗണ്യമായി യുഡിഎഫിന് വോട്ട് കുറഞ്ഞിട്ടുണ്ട്. 1851 വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വര്‍ഗീയ കാര്‍ഡിറക്കി കളിച്ച പട്ടാമ്പിയില്‍ മാത്രമാണ് യുഡിഎഫിന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചത്.
തൃശൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന് അഭിമാന വിജയം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് അഭിമാനകരമായ വിജയം. 13ല്‍ ഏഴ് സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. മൊത്തം വോട്ടിന്റെ കാര്യത്തിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. ജില്ലയില്‍ തകര്‍പ്പന്‍ വിജയം അവകാശപ്പെട്ട യുഡിഎഫിന് അടിപതറി. ഏഴിടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. വര്‍ഗീയവാദികളുമായി രഹസ്യബന്ധമുണ്ടാക്കിയിട്ടും കോടികള്‍ വാരിവിതറി വോട്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചിട്ടും യുഡിഎഫിന്റെ അടിത്തറ ഭദ്രമല്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.
ചേലക്കരയില്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന് തുടര്‍ച്ചയായി നാലാംതവണ മിന്നുന്ന വിജയം നേടി. ഭൂരിപക്ഷം-24,676 കുന്നംകുളത്ത് ബാബു എം പാലിശേരി, ഗുരുവായൂരില്‍ കെ വി അബ്ദുള്‍ഖാദര്‍ , ചാലക്കുടിയില്‍ ബി ഡി ദേവസി, പുതുക്കാട് പ്രൊഫ. സി രവീന്ദ്രനാഥ്, കയ്പമംഗലത്ത് വി എസ് സുനില്‍കുമാര്‍ , നാട്ടികയില്‍ ഗീത ഗോപി എന്നിവരാണ് വിജയിച്ച മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ . ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പുതുക്കാടുനിന്നു വിജയിച്ച പ്രൊഫ. സി രവീന്ദ്രനാഥിനാണ്- 26,482. പുതുതായി രൂപീകരിക്കപ്പെട്ട പുതുക്കാടും കയ്പമംഗലവും ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോള്‍ , നാട്ടിക രണ്ടു തെരഞ്ഞെടുപ്പിന്റെ ഇടവേളയ്ക്കുശേഷം എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. മണലൂരില്‍ നേരിയ വ്യത്യാസത്തിനാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണിനേക്കാള്‍ വെറും 481 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലഭിച്ചത്. തൃശൂരില്‍ തേറമ്പില്‍ രാമകൃഷ്ണന് , വടക്കാഞ്ചേരിയില്‍ സി എന്‍ ബാലകൃഷ്ണന് , ഒല്ലൂരില്‍ എം പി വിന്‍സന്റ്, കൊടുങ്ങല്ലൂരില്‍ ടി എന്‍ പ്രതാപന് , മണലൂരില്‍ പി എ മാധവന് (എല്ലാവരും കോണ്‍ഗ്രസ്), ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് (കേരള കോണ്‍ഗ്രസ്) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് ഘടകകക്ഷികളില്‍ രണ്ടുസീറ്റില്‍ മത്സരിച്ച സിഎംപിയും ഒരോ സീറ്റില്‍ മത്സരിച്ച മുസ്ലിംലീഗും ജെഎസ്എസും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ബിജെപിക്കും കാര്യമായ പ്രകടനമൊന്നും കാഴ്ചവയ്ക്കാനായില്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാളും 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാളും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളിലുമാണ് എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നത്. ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലുണ്ടായ ക്ഷീണം തിരുത്തി അത്യുജ്വലമായ തിരിച്ചുവരവാണ് എല്‍ഡിഎഫ് നടത്തിയതെന്നു വ്യക്തം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 14ല്‍ എല്‍ഡിഎഫ് 11ലും യുഡിഎഫ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് സീറ്റില്‍ ആധിപത്യമുറപ്പിച്ച എല്‍ഡിഎഫ്, യുഡിഎഫിനേക്കാള്‍ 42,000ല്പ്പരംവോട്ടിന്റെ ഭൂരിപക്ഷവും നേടി. എല്‍ഡിഎഫ് 7,91,498 വോട്ടും യുഡിഎഫ് 7,49,136 വോട്ടും നേടി. ബിജെപി 1,15,204 വോട്ട് നേടി. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടാണ് എല്‍ഡിഎഫിന് അധികം ലഭിച്ചത്. ജനതാദളിലെ ഒരു വിഭാഗവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഐഎന്‍എല്ലും മുന്നണിയില്‍നിന്ന് വിട്ടുപോയിട്ടും വോട്ടിലുണ്ടായ വര്‍ധന എല്‍ഡിഎഫിന് ജില്ലയില്‍ ശക്തമായ അടിത്തറയുണ്ടെന്നതിന് തെളിവാണ്. ജില്ലയില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയാണ് ജനം ആഗ്രഹിച്ചതെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,68,204 വോട്ടാണ് എല്‍ഡിഎഫിനു ലഭിച്ചത്. യുഡിഎഫിന് 6,98,692 വോട്ട് ലഭിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി 1,23,294 വോട്ട് കൂടുതല്‍ ലഭിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 7,59,373 വോട്ട് ലഭിച്ചു. യുഡിഎഫിന് 8,18,639 വോട്ടും ലഭിച്ചു. തദ്ദേശതെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫിന് 32,125 വോട്ട് വര്‍ധിച്ചപ്പോള്‍ യുഡിഎഫിന് 69,503 വോട്ട് കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 91,169 വോട്ട് വര്‍ധിച്ചു. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ട് വര്‍ധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7,59,825 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 6,35,967 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനേക്കാള്‍ 3,16,73 വോട്ടിന്റെ വര്‍ധനയാണ് ഇക്കുറിയുണ്ടായത്. ഇത്തരത്തിലുള്ള വോട്ടിന്റെ വര്‍ധന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ക്രമാനുഗതമായ വളര്‍ച്ചയുടെ സൂചകമാണ്.
ദേശാഭിമാനിയില്‍ നിന്ന്..
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് അഭിമാനകരമായ വിജയം. 13ല്‍ ഏഴ് സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. മൊത്തം വോട്ടിന്റെ കാര്യത്തിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. ജില്ലയില്‍ തകര്‍പ്പന്‍ വിജയം അവകാശപ്പെട്ട യുഡിഎഫിന് അടിപതറി. ഏഴിടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. വര്‍ഗീയവാദികളുമായി രഹസ്യബന്ധമുണ്ടാക്കിയിട്ടും കോടികള്‍ വാരിവിതറി വോട്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചിട്ടും യുഡിഎഫിന്റെ അടിത്തറ ഭദ്രമല്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.
ReplyDelete