Sunday, May 15, 2011

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്

ഇളക്കമില്ലാത്ത ചുവപ്പ് കോട്ട

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ജില്ല എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. അതിര്‍ത്തിയില്‍ മാറ്റമുണ്ടായെങ്കിലും മൂന്നു മണ്ഡലവും എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായി തുടരുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ ഒഴിവാക്കിയിട്ടും തൃക്കരിപ്പൂരില്‍ മൂന്നു പതിറ്റാണ്ടിലധികമായുള്ള എല്‍ഡിഎഫ് ആധിപത്യം തുടരുകയാണ്. സിപിഐ എമ്മിലെ കെ കുഞ്ഞിരാമന്‍ 8765 വോട്ടിന് കോണ്‍ഗ്രസിലെ കെ വി ഗംഗാധരനെ പരാജയപ്പെടുത്തി. ആകെ പോള്‍ ചെയ്തതില്‍ 67,871 വോട്ട് നേടിയാണ് വിജയം. യുഡിഎഫിന് 59,106 വോട്ടാണ് ലഭിച്ചത്. ബിജെപിക്കിവിടെ 5450 വോട്ട് കിട്ടി. ഹൊസ്ദുര്‍ഗിന്റെ പേര് മാറ്റി കാഞ്ഞാങ്ങാടായപ്പോഴും എല്‍ഡിഎഫ് സ്വാധീനത്തില്‍ ഇടിവുണ്ടായില്ല. യുഡിഎഫിന്റെ എല്ലാ അവകാശവാദങ്ങളും തകര്‍ത്ത് സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. 12,178 വോട്ടിന് കോണ്‍ഗ്രസിലെ അഡ്വ. എം സി ജോസിനെയാണ് പരാജയപ്പെടുത്തിയത്. ചന്ദ്രശേഖരന് 66,640 വോട്ട് കിട്ടിയപ്പോള്‍ യുഡിഎഫിന് 54,462 വോട്ടാണ് ലഭിച്ചത്. ഇവിടെ മത്സരിച്ച ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ 15,543 വോട്ട് നേടി.

ഉദുമ എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗമാണെന്ന് തെളിയിച്ച് കെ കുഞ്ഞിരാമന്‍ മിന്നുന്ന വിജയം നേടി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ലീഡ് കാണിച്ച യുഡിഎഫ് വിജയിക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും ഒടുവില്‍ 11,380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലംപരിശായി. ആകെ ചെയ്ത വോട്ടില്‍ 61,646 വോട്ടും എല്‍ഡിഎഫിന്റെ പെട്ടിയിലാണ് വീണത്. യുഡിഎഫിന് 50,266 വോട്ടാണ് കിട്ടിയത്. ബിജെപി സ്ഥാനാര്‍ഥി സുനിതാ പ്രശാന്തിന് 13,073 വോട്ട് കിട്ടി. കാസര്‍കോടും മഞ്ചേശ്വരവുമാണ് യുഡിഎഫിന് വിജയിക്കാനായത്. പതിറ്റാണ്ടുകളായി യുഡിഎഫ് പക്ഷത്ത് നില്‍ക്കുന്ന മണ്ഡലങ്ങളാണിത്. കഴിഞ്ഞതവണ ചെര്‍ക്കളം അബ്ദുല്ലയോടുള്ള ജനങ്ങളുടെ വിരോധം മഞ്ചേശ്വരത്ത് എന്‍ഡിഎഫിന് അനുകൂലമായെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിലെല്ലാം യുഡിഎഫ് ആധിപത്യം പുലര്‍ത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു.

കാസര്‍കോട് മുസ്ലിംലീഗിലെ എന്‍ എ നെല്ലിക്കുന്ന് 9738 വോട്ടിനാണ് ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലെല്ലാം മുന്നിട്ടുനിന്ന ബിജെപി യുഡിഎഫിന് കടുത്ത ഷോക്ക് നല്‍കിയാണ് പിന്മാറിയത്. ആകെ പോള്‍ചെയ്ത വോട്ടില്‍ നെല്ലിക്കുന്നിന് 53,068 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 43,330 വോട്ട് കിട്ടി. ഐഎന്‍എല്ലിലെ അസീസ് കടപ്പുറത്തിന് 16,467 വോട്ട്മാത്രമാണ് കിട്ടിയത്. ഇരുവിഭാഗത്തിന്റെയും വര്‍ഗീയ പ്രചാരണമാണ് അസീസിന് തിരിച്ചടിയായത്. മഞ്ചേശ്വരത്ത് ലീഗിലെ അബ്ദുള്‍റസാഖിന് 49,817 വോട്ട് കിട്ടിയപ്പോള്‍ കെ സുരേന്ദ്രന് 43,989 വോട്ടും സി എച്ച് കുഞ്ഞമ്പുവിന് 35,067 വോട്ടും കിട്ടി. 5828 വോട്ടാണ് ഭൂരിപക്ഷം. ഇവിടെയും വര്‍ഗീയ പ്രചാരണമാണ് നിര്‍ണായകമായത്. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ജില്ലയില്‍നിന്ന് പ്രതിനിധിയില്ലെന്നത് ശ്രദ്ധേയമാണ്. പതിറ്റാണ്ടുകളായി ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് യുഡിഎഫിന്റെ പേരില്‍ വിജയിക്കുന്നത്. ലീഗിന്റെ ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അനങ്ങാന്‍ കഴിയാത്തസ്ഥിതിയാണ് ജില്ലയിലുള്ളത്.

ജില്ലയില്‍ എല്‍ഡിഎഫ്

കണ്ണൂര്‍ : ജില്ലയില്‍ എല്‍ഡിഎഫ് വോട്ട് വന്‍തോതില്‍ വര്‍ധിച്ചു. യുഡിഎഫിനേക്കാള്‍ 1,36,678 വോട്ടാണ് കൂടുതല്‍ നേടിയത്. 11 മണ്ഡലങ്ങളിലായി പോള്‍ചെയ്ത 14,02,407 വോട്ടില്‍ എല്‍ഡിഎഫിന് 7,13,624 ലഭിച്ചു. യുഡിഎഫിന് 5,76,946 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 53301 വോട്ട് എല്‍ഡിഎഫിന് അധികം കിട്ടിയിട്ടും മണ്ഡലം വിഭജനത്തിലെ അപാകംമൂലമാണ് ജയം ആറു സീറ്റിലൊതുങ്ങിയത്. യുഡിഎഫിന് പരിമിത വോട്ടുകൊണ്ട് അഞ്ച് മണ്ഡലങ്ങളില്‍ ജയിക്കാനായി. എല്‍ഡിഎഫ് 50.88 ശതമാനം വോട്ടു നേടിയപ്പോള്‍ യുഡിഎഫിന്റേത് 41.13 ശതമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് കൂടുതല്‍ നേടാനും എല്‍ഡിഎഫിനായി. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 6,36,733 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് 6,22,229. 14,504 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് എല്‍ഡിഎഫിന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 1,36,678 വോട്ടായി കുതിച്ചു.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 43151 വോട്ടിനാണ് ജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വരുന്ന ഏഴുമണ്ഡലങ്ങളിലായി എല്‍ഡിഎഫിന് 51,402 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ജില്ലയില്‍ യുഡിഎഫ് ജയിച്ച അഞ്ചു മണ്ഡലങ്ങളിലെ ആകെ ഭൂരിപക്ഷം 25,346 വോട്ടു മാത്രം. ധര്‍മടം ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന് അഞ്ചുമണ്ഡലങ്ങളിലും കൂടി കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. കണ്ണൂരിന്റെ ഇടത് അടിത്തറക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. യുഡിഎഫിന് സീറ്റ് കൂടിയിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ കാര്യമായ മത്സരംപോലും കാഴ്ചവയ്ക്കാനായില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി ജയിപ്പിച്ച പാരമ്പര്യമാണ് പേരാവൂരിന്റേത്. ഇവിടുത്തെ പരാജയം എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്താന്‍ ആരും മുതിരില്ല.

1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയമേറ്റുവാങ്ങിയ മണ്ഡലമാണ് അഴീക്കോട്. മണ്ഡലം വിഭജനത്തിലൂടെ യുഡിഎഫിന് വ്യക്തമായ ആധിപത്യം ലഭിച്ചു. വളപട്ടണം, പള്ളിക്കുന്ന്, പുഴാതി തുടങ്ങി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ ചേര്‍ത്തിട്ടും 493 വോട്ടിനാണ് യുഡിഎഫ് കഷ്ടിച്ച് രക്ഷപ്പെട്ടത്. മണ്ഡലം വിഭജനത്തോടെ വലതുപക്ഷത്തേക്ക് തിരിഞ്ഞ കൂത്തുപറമ്പ് മണ്ഡലത്തിലെ വിജയത്തിലും യുഡിഎഫിന് ഏറെ അഭിമാനിക്കാനില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 8,612 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇപ്പോള്‍ 3,303 വോട്ടായി കുറഞ്ഞു. കണ്ണൂരിലും യുഡിഎഫ് ഭൂരിപക്ഷം നേര്‍ പകുതിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം പരിധിയില്‍ 28,117 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇരിക്കൂറില്‍ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് ഭൂരിപക്ഷം കൂടിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ 28000 വോട്ടിന്റെ ലീഡിന് അടുത്തെത്താനായില്ല.

എല്‍ഡിഎഫ് വോട്ടില്‍ മുന്നേറ്റം

കല്‍പ്പറ്റ: മൂന്നു മണ്ഡലങ്ങളിലും വിജയിക്കാനായെങ്കിലും യുഡിഎഫിന് കണക്കുകളില്‍ അഭിമാനിക്കാനില്ല. ജില്ലയില്‍ ഇപ്പോഴും എല്‍ഡിഎഫിന്റെ അടിത്തറയില്‍ വലിയ വിള്ളലുണ്ടാക്കാനും യുഡിഎഫിന് സാധിച്ചില്ല. മൂന്നു മണ്ഡലങ്ങളും തിരിച്ചുപിടിച്ചുവെന്ന് യുഡിഎഫിന് പറയാമെങ്കിലും അഭിമാനിക്കാന്‍ വകയില്ല. പണക്കൊഴുപ്പിലായിരുന്നു യുഡിഎഫ് പ്രചാരണം. എഐസിസിയും കെപിസിസിയും ലക്ഷങ്ങള്‍ കൊടുത്തതുകൂടാതെ സ്ഥാനാര്‍ഥികളും ചെലവിട്ടു. അനുമതിയുള്ളതിലേറെ വാഹനങ്ങളും ഓടി. കല്‍പ്പറ്റയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചിഹ്നമായ മോതിരം വിതരണംചെയ്തതുമായി ബന്ധപ്പെട്ട പരാതിയും നിലനില്‍ക്കുകയാണ്. പരാജയഭീതിയാലായിരുന്നു യുഡിഎഫിന്റെ പണമൊഴുക്ക്. എന്നിട്ടും ജില്ലയില്‍ ലോകസഭാതെരഞ്ഞെടുപ്പിനേക്കാളും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് 51,277 വോട്ട് വര്‍ധിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്തും സീറ്റുകളും കുറഞ്ഞെങ്കിലും 63,329 വോട്ട് അധികം ലഭിച്ചിട്ടുണ്ട്. യുഡിഎഫിന് ലോക്സഭയിലേതിനെക്കാള്‍ 28027 വോട്ടേകൂടുതല്‍ കിട്ടിയുമുള്ളു. ലോക്സഭാതെരഞ്ഞെടുപ്പില്‍ അരലക്ഷം വോട്ട് സ്വന്തമാക്കിയ കെ മുരളീധരനും ഡിഐസിയും യുഡിഎഫില്‍ ചേര്‍ന്നശേഷമാണീ വര്‍ധനയെന്ന് ശ്രദ്ധിക്കേണ്ടതാണ്. മുരളീധരന്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ എത്തിയതുകൂടി പരിഗണിച്ചാല്‍ യുഡിഎഫിന് ലോക്സഭാതെരഞ്ഞെടുപ്പില്‍ 2,28,709 വോട്ട് യുഡിഎഫിന്റേതായി പരിഗണിക്കാം. അതനുസരിച്ചാണെങ്കില്‍ 27186 വോട്ട് യുഡിഎഫിന് നിയമസഭാതെരഞ്ഞെടുപ്പില്‍ കുറവാണ്.

പരമ്പരാഗതമായി യുഡിഎഫ് അനുകൂല മണ്ഡലങ്ങളാണ് ഇവ മൂന്നും. സാധാരണയില്‍നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ വിരുദ്ധ വികാരം നിലവിലില്ലാതിരുന്നു എന്നതും ഇപ്രാവശ്യത്തെ പ്രത്യേകതയാണ്. ബത്തേരി മണ്ഡലത്തില്‍ കഴിഞ്ഞതവണ സിപിഐ എമ്മിലെ പി കൃഷ്ണപ്രസാദാണ് വിജയിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും കൃഷ്ണപ്രസാദിനു ലഭിച്ചു. ബത്തേരിയില്‍ അതിനു മുമ്പ് സിപിഐ എം നേതാവ് പി വി വര്‍ഗീസ് വൈദ്യര്‍ മാത്രമാണ് യുഡിഎഫില്‍നിന്ന് ജയിച്ചിട്ടുള്ളത്. പിന്നീട് ലോക്സഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മണ്ഡലത്തില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും നിയമസഭാതെരഞ്ഞെടുപ്പില്‍ അതിനടുത്തെത്തിയില്ല. ശക്തമായ മത്സരമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ എ ശങ്കരന്‍ കാഴ്ചവെച്ചത്. ഐ സി ബാലകൃഷ്ണന്‍ 71509 വോട്ടുനേടിയപ്പോള്‍ ഇ എ ശങ്കരന് 63926 വോട്ടുകിട്ടി. 7583 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. യുഡിഎഫിന് മേധാവിത്തമുള്ള പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും അവരുടെ വര്‍ധിച്ച ഭൂരിപക്ഷം കുറയ്ക്കാനായത് എല്‍ഡിഎഫിന് നേട്ടമായി. പുല്‍പ്പള്ളിയില്‍ 305 വോട്ട് മാത്രമാണ് യുഡിഎഫിന് കൂടുതലായി കിട്ടിയത്. ബത്തേരിയിലും യുഡിഎഫ് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ല. മീനങ്ങാടിയിലും നെന്മേനിയിലും എല്‍ഡിഎഫാണ് മുന്നില്‍ .

കോഴിക്കോട്ട് എല്‍ഡിഎഫ് ജൈത്രയാത്ര

കോഴിക്കോട്: പൂ വിതറിയ പാതയിലൂടെ എല്‍ഡിഎഫിന് കോഴിക്കോട് ജില്ലയില്‍ വീണ്ടും ജൈത്രയാത്ര. ആകെയുള്ള 13 സീറ്റില്‍ 10ലും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടി. കേരളത്തില്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ സംഭാവന ചെയ്ത ജില്ലയെന്ന ബഹുമതിയും ഇതോടെ കോഴിക്കോടിനായി. ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത്, പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, ബാലുശ്ശേരി, കുന്നമംഗലം, എലത്തൂര്‍ , വടകര, നാദാപരം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് തിളങ്ങുന്ന വിജയം നേടിയത്. കൊടുവള്ളി, തിരുവമ്പാടി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലാണ് യുഡിഎഫിന് വിജയിക്കാനായത്. സ്വതന്ത്രനുള്‍പ്പെടെ പത്ത് സീറ്റില്‍ മത്സരിച്ച സിപിഐ എം ഏഴ് സീറ്റില്‍ തകര്‍പ്പന്‍ വിജയം കൊയ്തു. സിപിഐ, എന്‍സിപി, ജനതാദള്‍ എന്നിവ ഒരോ സീറ്റിലും വിജയിച്ചു. യുഡിഎഫ് വിജയിച്ച മൂന്ന് സീറ്റും ലീഗിന്റെതാണ്. കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായില്ല.

എല്‍ഡിഎഫില്‍ ഏറ്റവും വലിയ ഭൂരിപക്ഷം പേരാമ്പ്രയിലെ കെ കുഞ്ഞമ്മദിനാണ്. 15,269 വോട്ടിനാണ് ഇദ്ദേഹം യുഡിഎഫിലെ അഡ്വ. മുഹമ്മദ് ഇക്ബാലിനെ (കേരളാ കോണ്‍ഗ്രസ്) തകര്‍ത്തെറിഞ്ഞത്. എലത്തൂരിലെ എ കെ ശശീന്ദ്രന്‍(എന്‍സിപി) 14,654 വോട്ടിന് സോഷ്യലിസ്റ്റ് ജനതാദളിന്റെ ഷേഖ് പി ഹാരിസിനെയും നിലംപരിശാക്കി. ബേപ്പൂരില്‍ മന്ത്രിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എളമരം കരീമിന്റെ വിജയം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. 5316 വോട്ടിനാണ് ഇദ്ദേഹം കോണ്‍ഗ്രസ്സിലെ ആദം മുല്‍സിയെ പരാജയപ്പെടുത്തിയത്. കുറ്റ്യാടിയില്‍ സിറ്റിങ് എംഎല്‍എ സിപിഐ എമ്മിലെ കെ കെ ലതിക 6,972 വോട്ടിന് മുസ്ലിം ലീഗിലെ സൂപ്പി നരിക്കാട്ടേരിയെ തോല്‍പിച്ചു. വര്‍ഗീയ കാര്‍ഡ് ഇറക്കിയിട്ടും കുറ്റ്യാടിയുടെ മനസുമാറ്റാന്‍ ഈ ലീഗ് നേതാവിനായില്ല.

പണത്തിന്റെയും പത്രത്തിന്റെയുംപിന്‍ബലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസ്സിലെ പി വി ഗംഗാധരന്‍ പച്ചതൊട്ടില്ല. സിറ്റിങ് എംഎല്‍എ സിപിഐ എമ്മിലെ എ പ്രദീപ് കുമാര്‍ 8,998 വോട്ടുകള്‍ക്കാണ് ഗംഗാധരനെ തകര്‍ത്തത്. കൊയിലാണ്ടി നഗരസഭയില്‍ ഇതുവരെ വികസനപ്രവര്‍ത്തനങ്ങളുടെ തേരുതെളിച്ച, മുന്‍നഗരസഭാ ചെയര്‍മാന്‍ കൂടിയായ കെ ദാസനെ നല്ല ഭൂരിപക്ഷത്തോടെയാണ് എംഎല്‍എ യായി തെരഞ്ഞെടുത്തത്. 4,139 വോട്ടുകള്‍ക്കാണ് ഇദ്ദേഹം വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ പി അനില്‍കുമാറാണ് പരാജയപ്പെട്ടത്. ബാലുശ്ശേരിയില്‍ സിപിഐഎമ്മിലെ പുരുഷന്‍ കടലുണ്ടി മണ്ഡലത്തിന്റെ ഇടതുപക്ഷ പാരമ്പര്യം നിലനിര്‍ത്തി. ഇദ്ദേഹം 8,882 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സിലെ എ ബല്‍റാമിനെ മലര്‍ത്തിയടിച്ചത്. സിറ്റിങ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയ കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രന്‍ പിടിഎ റഹീം 3,269 വോട്ടുകള്‍ക്ക് മണ്ഡലം തിരിച്ചുപിടിച്ചു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വിജയിച്ച എകമണ്ഡലമായിരുന്നു കുന്നമംഗലം.

നാദാപുരം ഇത്തവണയും ഇടത് പാരമ്പര്യം കാത്തു. സിപിഐയിലെ ഇകെ വിജയന്‍ കോണ്‍ഗ്രസിലെ വി എം ചന്ദ്രനെ 7,546 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വീരന്‍ ജനതാദളിന്റെ ശക്തിദുര്‍ഗമെന്ന് യുഡിഎഫ് വീമ്പിളക്കിയ വടകരയില്‍ കടുത്ത പേരാട്ടത്തിലൂടെ അവര്‍ അടിയറവ് പറഞ്ഞു. ജനതാദളിലെ സികെ നാണു 847 വോട്ടുകള്‍ക്ക് സോഷ്യലിസ്റ്റ് ജനതയുടെ സിറ്റിങ് എംഎല്‍എ അഡ്വ. എംകെ പ്രേംനാഥിനെയാണ് തോല്‍പിച്ചത്. യുഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് കൊടുവള്ളിയിലാണ്്.ലീഗിലെ വിഎം ഉമ്മര്‍ 16,552 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചു. സിപിഐ എമ്മിലെ എം മെഹബൂബാണ് പരാജയപ്പെട്ടത്. തിരുവമ്പാടിയില്‍ സിറ്റിങ് എംഎല്‍എ, സിപിഐ എമ്മിലെ ജോര്‍ജ് എം തോമസുംപരാജയപ്പെട്ടു. ലിഗിലെ സി മോയിന്‍കുട്ടിയാണ് 3,833 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചത്. കോഴിക്കോട് സൗത്തില്‍നിന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ഇന്ത്യാ വിഷന്‍ ചെയര്‍മാനുമായ എം കെ മുനീര്‍ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിലെ മുസാഫര്‍ അഹമ്മദിനെയാണ് ഇദ്ദേഹം തോല്പിച്ചത്.

ദേശാഭിമാനിയില്‍ നിന്ന്...

1 comment:

  1. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ജില്ല എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. അതിര്‍ത്തിയില്‍ മാറ്റമുണ്ടായെങ്കിലും മൂന്നു മണ്ഡലവും എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായി തുടരുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

    ReplyDelete