Saturday, May 14, 2011

തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തിന് മിന്നുന്ന വിജയം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മിന്നുന്ന വിജയം. എഐഎഡിഎംകെ നയിക്കുന്ന മുന്നണിയില്‍ അണിനിരന്ന ഇടതുപക്ഷത്തിന് 20 സീറ്റാണ് ലഭിച്ചത്. 12 സീറ്റില്‍ മത്സരിച്ച സിപിഐ എം പത്തു സീറ്റില്‍ വിജയിച്ചു. പത്തു സീറ്റില്‍ ജനവിധി തേടിയ സിപിഐ ഒമ്പതിടത്താണ് വിജയിച്ചത്. ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റും ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ഒമ്പതും സിപിഐയ്ക്ക് ആറും സീറ്റാണ് ലഭിച്ചിരുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ സൗന്ദര്‍രാജന്‍ ചെന്നൈയിലെ പെരമ്പൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കിസാന്‍സഭാ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ ബാലകൃഷ്ണന്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ തങ്കവേല്‍ തിരുപ്പൂരില്‍നിന്നും എ ലാസര്‍ പെരിയകുളത്തുനിന്നും വിജയിച്ചു. സിപിഐ എം സൗത്ത് ചെന്നൈ ജില്ലാ സെക്രട്ടറി ബീമ റാവു മധുരവോയലില്‍നിന്നും സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാമമൂര്‍ത്തി വിഴുപുരം വിക്രവാണ്ഡിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ധര്‍മപുരിയിലെ അരൂരില്‍ പി ദില്ലിബാബുവാണ് വിജയിച്ച സിപിഐ എം സ്ഥാനാര്‍ഥി. ബാലഭാരതി (ദിണ്ഡുക്കല്‍), നാഗയ് മാലി (കീഴ്വെള്ളൂര്‍), അണ്ണാദുരൈ (മുധുര സൗത്ത്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു സിപിഐ എം സ്ഥാനാര്‍ഥികള്‍ . ഡിഎംകെ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് ഇടതുപക്ഷംജനമനസ്സുകളില്‍ ഇടം നേടിയത്. അഴിമതിക്കെതിരെയും ജാതീയതയ്ക്കെതിരെയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം സംഘടിപ്പിച്ച സമരങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ഡിഎംകെ സര്‍ക്കാരിന്റെ കാപട്യം ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടുന്നതില്‍ നിര്‍ണായക പങ്കാണ് ഇടതുപക്ഷം വഹിച്ചത്. എഐഎഡിഎംകെ സഖ്യത്തെ അധികാരത്തിലെത്തിച്ച വോട്ടര്‍മാരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

എഐഎഡിഎംകെ സഖ്യം തിരിച്ചുവന്നു

ചെന്നൈ: അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ച തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം കടപുഴകി. ആകെയുള്ള 234ല്‍ 204 സീറ്റും നേടി എഐഎഡിഎംകെ സഖ്യം ഭരണത്തില്‍ തിരിച്ചുവരുന്നു. അഴിമതിക്കും കുടുംബവാഴ്ചയ്ക്കുമെതിരായ വികാരമാണ് തമിഴ്നാട്ടില്‍ അലയടിച്ചത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 30 സീറ്റില്‍ ഒതുങ്ങി. സിപിഐ എം മത്സരിച്ച 12ല്‍ പത്തിടത്തും വിജയപതാക പാറിച്ചു. സിപിഐ ഒമ്പതിടത്ത് വിജയിച്ചു. പരാജയത്തെതുടര്‍ന്ന് മുഖ്യമന്ത്രി എം കരുണാനിധി രാജി സമര്‍പ്പിച്ചു. എഐഎഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കരസ്ഥമാക്കി. 151 സീറ്റിലാണ് അവര്‍ വിജയിച്ചത്. വിജയകാന്തിന്റെ എംഡിഎംകെ 27 സീറ്റിലും ഫോര്‍വേഡ് ബ്ലോക്ക് ഒരിടത്തും വിജയിച്ചു. സിപിഐ എം, സിപിഐ കക്ഷികള്‍ എഐഎഡിഎംകെ സഖ്യത്തിലാണ് മത്സരിച്ചത്. ഡിഎംകെക്ക് 22 സീറ്റാണുള്ളത്. കോണ്‍ഗ്രസ് അഞ്ചിടത്തും പിഎംകെ മൂന്നിടത്തും മറ്റുള്ളവര്‍ ഒരു സീറ്റിലും വിജയിച്ചു.

കോണ്‍ഗ്രസ് 63 സീറ്റിലാണ് മത്സരിച്ചത്. ഒരുഘട്ടത്തില്‍ യുപിഎ സഖ്യത്തെത്തന്നെ പ്രതിസന്ധിയിലാക്കിയ വിലപേശലുകളെത്തുടര്‍ന്ന് നേടിയെടുത്ത സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. തന്റെ മന്ത്രിസഭയില്‍ സഖ്യകക്ഷികളെ ഉള്‍പ്പെടുത്തില്ലെന്ന് ജയലളിത പറഞ്ഞു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജെ ജയലളിത തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുനിന്ന് വിജയിച്ചു. മുഖ്യമന്ത്രി എം കരുണാനിധി തിരുവാരൂര്‍ മണ്ഡലത്തില്‍ അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടര്‍ച്ചയായ 12-ാം തെരഞ്ഞെടുപ്പു വിജയമാണ് അദ്ദേഹത്തിന്റേത്. എംഡിഎംകെ നേതാവ് വിജയകാന്ത്, അമ്പഴകന്‍ തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍ . കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി തങ്കബാലു മൈലാപ്പൂരില്‍ മുപ്പതിനായിരത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. ഗതാഗതമന്ത്രി തിരുനാവുക്കരശും പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയേക്കാള്‍ പുറകിലാണ്. 2ജി അഴിമതിക്കേസിനെത്തുടര്‍ന്ന്പ്രതിച്ഛായ നഷ്ടപ്പെട്ടഡിഎംകെ-കോണ്‍ഗ്രസ് സഖ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ദേശാഭിമാനി 140511

1 comment:

  1. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മിന്നുന്ന വിജയം. എഐഎഡിഎംകെ നയിക്കുന്ന മുന്നണിയില്‍ അണിനിരന്ന ഇടതുപക്ഷത്തിന് 20 സീറ്റാണ് ലഭിച്ചത്. 12 സീറ്റില്‍ മത്സരിച്ച സിപിഐ എം പത്തു സീറ്റില്‍ വിജയിച്ചു. പത്തു സീറ്റില്‍ ജനവിധി തേടിയ സിപിഐ ഒമ്പതിടത്താണ് വിജയിച്ചത്. ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റും ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ഒമ്പതും സിപിഐയ്ക്ക് ആറും സീറ്റാണ് ലഭിച്ചിരുന്നത്.

    ReplyDelete