Friday, May 6, 2011

സുതാര്യത ഉറപ്പാക്കി പൊതുമരാമത്ത് മാന്വല്‍

ഗുണനിലവാരം ഉറപ്പാക്കാത്ത പ്രവൃത്തികള്‍ക്ക് പണം നിഷേധിക്കുന്നത് അടക്കമുള്ള വ്യവസ്ഥയുമായി പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച മാന്വല്‍ നിലവില്‍വന്നു. 39 വര്‍ഷത്തിനുശേഷം പരിഷ്കരിച്ച മാന്വല്‍ വകുപ്പിന്റെ അടിമുടിയുള്ള മാറ്റത്തിന് അടിസ്ഥാനമാകും. വകുപ്പിന്റെ ആധുനികവത്കരണത്തിനൊപ്പം അഴിമതിയും കെടുകാര്യസ്ഥതയും ഒത്തുകളിയും അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും മാന്വലില്‍ ഉണ്ട്. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ക്വാളിറ്റി മാനേജ്മെന്റ് സെല്‍ രൂപീകരണം പ്രധാന നിര്‍ദേശമാണ്. കോണ്‍ക്രീറ്റിങ്, ടാറിങ്, ട്രാഫിക് എന്‍ജിനിയറിങ്, നടപ്പാത നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളെല്ലാം സെല്‍ വിലയിരുത്തും. ഉദ്യോഗസ്ഥ സംവിധാനത്തിന് പുറത്തായിരിക്കും സെല്ലിന്റെ പ്രവര്‍ത്തനം. സെല്ലിന്റെ അംഗീകാരമുള്ള ബില്ലുകള്‍ക്ക് മാത്രമേ പണം നല്‍കൂ. പ്രത്യേകം ലബോറട്ടറികളും സെല്ലിനായി സജ്ജമാക്കും. വകുപ്പിലെ ചീഫ് എന്‍ജിയര്‍മാര്‍ക്ക് മുകളില്‍ പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനിയര്‍ തസ്തിക സൃഷ്ടിക്കും. പൊതുമരാമത്ത് സെക്രട്ടറിക്ക് തൊട്ടുതാഴെയായിരിക്കും പദവി.

നിലവില്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്, ദേശീയപാത, ഡിസൈനിങ്, ബില്‍ഡിങ്സ്, കെഎസ്ടിപി എന്നീ വിഭാഗങ്ങളിലായി അഞ്ച് ചീഫ് എന്‍ജിനിയര്‍മാരുണ്ട്. ഇവര്‍ക്കു മുകളിലായുള്ള തസ്തിക പ്രവര്‍ത്തനങ്ങളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഡിസൈനിങ് വിഭാഗത്തില്‍ വിദഗ്ധരുടെയും വിദഗ്ധസ്ഥാപനങ്ങളുടെയും സേവനം ഉറപ്പാക്കും. ഇതിനായി പ്രത്യേക പാനല്‍ തയ്യാറാക്കും. ഹൈക്കോടതി മുതല്‍ താഴോട്ട് വകുപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ മേഖലയിലും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കും. പൊതുമരാമത്ത് വിജിലന്‍സ് സംവിധാനം ശക്തപ്പെടുത്തും. നിലവില്‍ ഉദ്യോഗക്കയറ്റത്തിലൂടെയാണ് വിജലന്‍സ് ഓഫീസറെ നിയമിക്കുന്നത്. ഇതിന് പകരം കാര്യപ്രാപ്തിയും താല്‍പര്യവുമുള്ളവരെ തെരഞ്ഞെടുത്ത് നിയമിക്കും. ആവശ്യമെങ്കില്‍ വകുപ്പിന് പുറത്തുനിന്നും നിയമനമാകാം. വകുപ്പിലെ ഗവേഷണ വിഭാഗം ഉടച്ചുവാര്‍ക്കും. ഗവേഷണ തല്‍പരരായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗം ആരംഭിക്കും. നിലവിലെ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം.

പ്രൊഫഷണല്‍ -സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണ വികസന പദ്ധതികള്‍ വിദ്യാര്‍ഥികളുടെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. ഇ- ടെണ്ടര്‍ സംവിധാനം വഴി ടെണ്ടര്‍ നടപടികള്‍ സുതാര്യമാക്കും. മത്സരാധിഷ്ടിത ടെണ്ടര്‍ സംവിധാനം ഉറപ്പാക്കി വകുപ്പിലെ അഴിമതിക്ക് തടയിടും. പുതിയ സംവിധാനത്തില്‍ തീര്‍പ്പാക്കല്‍ സമയത്തുമാത്രമെ ആരൊക്കെയാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മനസിലാകൂ. പര്യവേഷണം, രൂപരേഖ തയ്യാറാക്കല്‍ , ആസൂത്രണം, അടങ്കല്‍ തയ്യാറാക്കല്‍ , ടെണ്ടര്‍ നടപടി, നടപ്പാക്കല്‍ , പരിപാലനം തുടങ്ങിഓരോ പ്രവൃത്തിയുടെയും എല്ലാ ഘട്ടങ്ങളെയും സംബന്ധിച്ച വ്യക്തമായ നിബന്ധനകള്‍ മാന്വലിലുണ്ട്. വകുപ്പിന്റെ എല്ലാതട്ടിലും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ രണ്ട് വാല്യമായാണ് പുറത്തിറക്കിയത്. ശാസ്ത്ര-സാങ്കേതിക മേഖല, യന്ത്ര സാമഗ്രികള്‍ , സാധന സാമഗ്രികള്‍ എന്നിവയിലുണ്ടായ കാലോചിതമായ മാറ്റങ്ങള്‍ക്ക് ആനുപാതികമായ പ്രവര്‍ത്തനശൈലി വകുപ്പില്‍ സ്വീകരിക്കണമെന്ന് മാന്വല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മന്ത്രിസഭ മാന്വലിന് അംഗീകാരം നല്‍കി.
(ജി രാജേഷ്കുമാര്‍)

deshabhimani 060511

1 comment:

  1. ഗുണനിലവാരം ഉറപ്പാക്കാത്ത പ്രവൃത്തികള്‍ക്ക് പണം നിഷേധിക്കുന്നത് അടക്കമുള്ള വ്യവസ്ഥയുമായി പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച മാന്വല്‍ നിലവില്‍വന്നു. 39 വര്‍ഷത്തിനുശേഷം പരിഷ്കരിച്ച മാന്വല്‍ വകുപ്പിന്റെ അടിമുടിയുള്ള മാറ്റത്തിന് അടിസ്ഥാനമാകും. വകുപ്പിന്റെ ആധുനികവത്കരണത്തിനൊപ്പം അഴിമതിയും കെടുകാര്യസ്ഥതയും ഒത്തുകളിയും അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും മാന്വലില്‍ ഉണ്ട്. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ക്വാളിറ്റി മാനേജ്മെന്റ് സെല്‍ രൂപീകരണം പ്രധാന നിര്‍ദേശമാണ്. കോണ്‍ക്രീറ്റിങ്, ടാറിങ്, ട്രാഫിക് എന്‍ജിനിയറിങ്, നടപ്പാത നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളെല്ലാം സെല്‍ വിലയിരുത്തും. ഉദ്യോഗസ്ഥ സംവിധാനത്തിന് പുറത്തായിരിക്കും സെല്ലിന്റെ പ്രവര്‍ത്തനം. സെല്ലിന്റെ അംഗീകാരമുള്ള ബില്ലുകള്‍ക്ക് മാത്രമേ പണം നല്‍കൂ. പ്രത്യേകം ലബോറട്ടറികളും സെല്ലിനായി സജ്ജമാക്കും. വകുപ്പിലെ ചീഫ് എന്‍ജിയര്‍മാര്‍ക്ക് മുകളില്‍ പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനിയര്‍ തസ്തിക സൃഷ്ടിക്കും. പൊതുമരാമത്ത് സെക്രട്ടറിക്ക് തൊട്ടുതാഴെയായിരിക്കും പദവി.

    ReplyDelete