മുഖ്യമന്ത്രിയെ രാഷ്ട്രീയബന്ദിയാക്കി ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയില്‍ അധികാരം കൈയാളുന്ന വിചിത്രമായ പ്രതിഭാസമാണ് കേരളത്തില്‍ അരങ്ങേറുന്നത്. മന്ത്രിമാരാരെന്നും ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെയെന്നും നിശ്ചയിക്കാനുള്ള പരമാധികാരം മുഖ്യമന്ത്രിക്കാണ് എന്നതാണ് ഭരണഘടനാനില. എന്നാല്‍ , തങ്ങളുടെ മന്ത്രിമാര്‍ ആരൊക്കെയെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും ഒരു ഘടകകക്ഷിനേതാവ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമലര്‍ത്തുന്നു. വിചിത്രമാണ് ഈ അവസ്ഥ.
പാര്‍ടിനിരപേക്ഷമോ മുന്നണിനിരപേക്ഷമോ അല്ല, നമ്മുടെ പ്രായോഗിക ജനാധിപത്യമെന്നതിനാല്‍ ഘടകകക്ഷികള്‍ക്ക് തങ്ങളുടെ മന്ത്രിമാര്‍ ആരാകണം എന്ന് നിശ്ചയിക്കാവുന്നതാണ് എന്ന് അനൗപചാരികമായി സമ്മതിക്കാന്‍ വിഷമമില്ല. എന്നാല്‍ , ആ സാഹചര്യത്തിലും ഘടകകക്ഷികള്‍ യോഗംചേര്‍ന്ന് തങ്ങളുടെ നിര്‍ദിഷ്ട മന്ത്രിമാരുടെ പട്ടികയും ആവശ്യമുള്ള വകുപ്പുകളും മുന്നണി ഏകോപനസമിതിയില്‍ വയ്ക്കുകയും ആ സമിതി ചര്‍ച്ചചെയ്ത് ധാരണയാക്കി മുഖ്യമന്ത്രിക്ക് നല്‍കുകയും മുഖ്യമന്ത്രി അത് പ്രഖ്യാപിക്കുകയുമാണ് വേണ്ടത്. അതാണ് കീഴ്വഴക്കവും. അങ്ങനെ വന്നാല്‍ സാങ്കേതികമായെങ്കിലും അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണെന്നു വാദിക്കാം. എന്നാല്‍ , ഇവിടെ അതൊന്നുമല്ല സംഭവിക്കുന്നത്. യുഡിഎഫ് സമിതി അറിയാതെ, മുഖ്യമന്ത്രി അറിയാതെ ഏകപക്ഷീയമായി മുസ്ലിംലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കുന്നു; അവരുടെ വകുപ്പുകള്‍ പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മന്ത്രിമാരുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നു. കൂടുതല്‍ വരുന്ന ആ മന്ത്രി തങ്ങളുടെ പാര്‍ടിക്കാരനായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു; ആ മന്ത്രിയുടെ പേരും പ്രഖ്യാപിക്കുന്നു. എല്ലാം മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട്. കോണ്‍ഗ്രസും അതിന്റെ സംസ്ഥാനനേതൃത്വവും മുഖ്യമന്ത്രിയും എങ്ങനെ ഈ ഘടകകക്ഷിയുടെ തടങ്കലില്‍ കഴിയുന്നു എന്നതിന്റെ അപഹാസ്യമായ ദൃഷ്ടാന്തമാണിത്. ഇത്ര ദയനീയമായിപ്പോയല്ലോ കോണ്‍ഗ്രസിന്റെ മുന്നണിയിലെ നില എന്നോര്‍ത്ത് പരിതപിക്കാനേ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് നിര്‍വാഹമുള്ളൂ. എങ്കിലും, ഇത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനതത്വങ്ങളുടെ ലംഘനമെന്ന കാര്യം പറയാതെവയ്യ.
മുഖ്യമന്ത്രിയറിയാതെ മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും മുസ്ലിംലീഗ് പ്രഖ്യാപിച്ചതിനുപിന്നില്‍ കനത്ത ഒരു രാഷ്ട്രീയ ധാര്‍ഷ്ട്യമുണ്ട്. കോണ്‍ഗ്രസും മുന്നണിയും മുഖ്യമന്ത്രിതന്നെയും പുതിയ സംവിധാനത്തില്‍ ഒന്നുമല്ല, തങ്ങള്‍ തങ്ങള്‍ക്ക് തോന്നുംപടി ഭരിക്കുമെന്ന ധാര്‍ഷ്ട്യമാണത്. ഇതിന് കീഴടങ്ങി ഭരണം നടത്താന്‍തന്നെയാണോ കോണ്‍ഗ്രസിന്റെ തീരുമാനമെന്നത് അവര്‍തന്നെ ജനങ്ങളോട് വിശദീകരിക്കണം. മുസ്ലിംലീഗിന് നാലു മന്ത്രിമാര്‍ എന്നതാണ് യുഡിഎഫിലുണ്ടായ ധാരണ. അത് നിലനില്‍ക്കെയാണ്, പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്, എം കെ മുനീര്‍ , വി കെ ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകള്‍ രണ്ടാംഘട്ട സത്യപ്രതിജ്ഞാ തലേന്ന് ലീഗ് പ്രഖ്യാപിച്ചത്. തനിക്കിതറിയില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ സാഹചര്യത്തില്‍ , മന്ത്രിമാരെയും വകുപ്പുകളെയും നിശ്ചയിക്കാനുള്ള മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായ അധികാരം ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കും വിട്ടുകൊടുത്തിരിക്കുകയാണോ എന്ന് വ്യക്തമാക്കണം. എന്ത് അധികാരമുപയോഗിച്ചാണ് മന്ത്രിമാരെയും വകുപ്പുകളെയും മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ലീഗ് പ്രഖ്യാപിച്ചത് എന്നതും വ്യക്തമാക്കണം. അഞ്ചാം മന്ത്രിസ്ഥാനം ലീഗ് പ്രഖ്യാപിച്ചത് പ്രഖ്യാപിച്ചതുതന്നെയെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലുള്ളതും അധികാരത്തിന്റെ അക്ഷന്തവ്യമായ ധാര്‍ഷ്ട്യംതന്നെ. തങ്ങളെ ആശ്രയിച്ചേ ഉമ്മന്‍ചാണ്ടിക്ക് ഭരിക്കാന്‍പറ്റൂ എന്നതിന്റെയും തങ്ങള്‍ പറയുന്നതുകേട്ടാലേ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരൂ എന്നതിന്റെയും വിളംബരമാണത്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പൂര്‍വികര്‍ "ചത്തകുതിര"യെന്നാണ് ലീഗിനെ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നത്. ആ ചത്തകുതിരയ്ക്കുമുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട ഗതികേടിലാണിന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെന്നുനില്‍ക്കുന്നത്. തങ്ങളുടെ നിര്‍ദിഷ്ട മന്ത്രിമാര്‍ക്കിടയില്‍ വകുപ്പുകള്‍ ഏകപക്ഷീയമായി വിഭജിക്കുക മാത്രമല്ല ലീഗ് ചെയ്തത്. തദ്ദേശസ്വയംഭരണ വകുപ്പിനെ രണ്ടാക്കിപ്പിളര്‍ത്തി, പഞ്ചായത്തുകള്‍ എം കെ മുനീറിനും മുനിസിപ്പല്‍ കോര്‍പറേഷന്‍ കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കും എന്നനിലയ്ക്ക് പങ്കിടുകകൂടി ചെയ്തു. നിലവിലുള്ള ഒരു വകുപ്പ് രണ്ടാക്കിയാല്‍ രണ്ടിനും സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളുണ്ടാക്കണം. അതിനൊക്കെ ക്യാബിനറ്റ് അംഗീകാരവും വേണം. ഇവിടെ ക്യാബിനറ്റിനെയും മറികടന്നാണ് കുഞ്ഞാലിക്കുട്ടി തദ്ദേശസ്വയംഭരണവകുപ്പിനെ വെട്ടിപ്പിളര്‍ത്തിയത്. ഇക്കാര്യം ടെലിവിഷന്‍ ചാനലുകളിലൂടെയാണ് മുഖ്യമന്ത്രിയറിഞ്ഞത്. വിചിത്രമെന്നല്ലാതെ ഈ ഭരണത്തെക്കുറിച്ച് എന്തുപറയാന്‍! പ്രധാന വകുപ്പുകളില്‍ പലതും ലീഗിന്റെ പക്കലായി. ശേഷിച്ചവ കെ എം മാണിയുടെ കേരളകോണ്‍ഗ്രസിന്റെ പക്കലും. അവശിഷ്ട വകുപ്പുകളുമായുള്ള ഭരണമാണ് കോണ്‍ഗ്രസിനു വിധിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസാകട്ടെ, ലീഗിനുപിന്നാലെ ഒരു സീറ്റുകൂടി കിട്ടാന്‍ പിടിമുറുക്കുന്നു. ഘടകകക്ഷികളുടെ ദയാദാക്ഷിണ്യത്തിലാണ് തന്റെ മുഖ്യമന്ത്രിക്കസേര എന്നറിയുന്ന ഉമ്മന്‍ചാണ്ടി ജനാധിപത്യതത്വങ്ങളേക്കാള്‍ , ഭരണഘടനാതത്വങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് കസേര തന്നെയാണെന്ന തിരിച്ചറിവില്‍ നിസ്സഹായനായി ഒതുങ്ങുന്നു. ഉമ്മന്‍ചാണ്ടിക്ക് തോന്നുകില്ല; പക്ഷേ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും തോന്നണം, എത്ര ലജ്ജാകരമായ സ്ഥിതിവിശേഷത്തിലാണ് തങ്ങള്‍ ചെന്നുനില്‍ക്കുന്നതെന്ന്.
ഈ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മാത്രമല്ല, കേരളമാകെത്തന്നെയും കനത്ത വില കൊടുക്കേണ്ടിവരുമെന്നതാണ് തുടക്കത്തില്‍ത്തന്നെയുള്ള സംഭവവികാസങ്ങളില്‍നിന്നു തെളിയുന്നത്. രണ്ടാംഘട്ട സത്യപ്രതിജ്ഞയിലൂടെ തെളിഞ്ഞിട്ടുള്ളത്, ആരോപണവിധേയരായവര്‍ക്കും കളങ്കിത ചരിത്രമുള്ളവര്‍ക്കുംമാത്രം തെരഞ്ഞുപിടിച്ചു കൊടുക്കാനുള്ളതാണ് മന്ത്രിസ്ഥാനങ്ങള്‍ എന്ന ഉമ്മന്‍ചാണ്ടിയുടെ ചിന്തയാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്നവരടക്കം മന്ത്രിമാരായിരിക്കുന്നു. വിജിലന്‍സിനെ ഭരിക്കുന്നത് മന്ത്രിസഭയാണ്. തങ്ങള്‍ തെളിവ് ശേഖരിക്കുന്നത് ഏത് പ്രതിക്കെതിരെയാണോ, ആ പ്രതിതന്നെയാണ് തങ്ങളുടെമേല്‍ ഭരണാധികാരമുള്ള സമിതിയിലിരിക്കുന്നത് എന്നുവന്നാല്‍ അന്വേഷണത്തിന്റെ നില എന്താവും എന്നു പറയേണ്ടതില്ല. ധാര്‍മികതയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി അത്തരക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. മന്ത്രിസഭ തുടക്കത്തിലേ അധാര്‍മികതയിലേക്ക് പാളുകയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ജനാധിപത്യതത്വങ്ങളോടോ ഭരണഘടനാതത്വങ്ങളോടോ രാഷ്ട്രീയ ഔചിത്യത്തോടോ ഒരുവിധ പ്രതിബദ്ധതയുമില്ലാത്തവര്‍ക്ക് ആരുടെ ബന്ദിയായാലും വേണ്ടില്ല, അധികാരം കിട്ടിയാല്‍മാത്രം മതി എന്നേ തോന്നൂ. ആ തോന്നലുകാരുടെ രാജ്യഭാരമാണ് കേരളത്തിലിപ്പോള്‍ എന്നത് ഇവിടത്തെ ജനതയുടെ ദുരന്തം!
ദേശാഭിമാനി മുഖപ്രസംഗം 240511
മുഖ്യമന്ത്രിയെ രാഷ്ട്രീയബന്ദിയാക്കി ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയില്‍ അധികാരം കൈയാളുന്ന വിചിത്രമായ പ്രതിഭാസമാണ് കേരളത്തില്‍ അരങ്ങേറുന്നത്. മന്ത്രിമാരാരെന്നും ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെയെന്നും നിശ്ചയിക്കാനുള്ള പരമാധികാരം മുഖ്യമന്ത്രിക്കാണ് എന്നതാണ് ഭരണഘടനാനില. എന്നാല്‍ , തങ്ങളുടെ മന്ത്രിമാര്‍ ആരൊക്കെയെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും ഒരു ഘടകകക്ഷിനേതാവ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമലര്‍ത്തുന്നു. വിചിത്രമാണ് ഈ അവസ്ഥ.
ReplyDelete