Friday, May 6, 2011

സ്പെക്ട്രം: നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ഐടി വകുപ്പിന് താല്‍പ്പര്യമില്ല

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടിലെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിന് ആദായനികുതിവകുപ്പ് താല്‍പ്പര്യമെടുക്കുന്നില്ലെന്ന് സുപ്രീംകോടതി. അന്വേഷണറിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതികള്‍ എത്ര ഉന്നതരും ശക്തരുമായാലും പ്രത്യേക സംരക്ഷണമൊന്നുമില്ലെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങുന്ന ബെഞ്ച് ഓര്‍മിപ്പിച്ചു. റാഡിയടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും വകുപ്പിന് താല്‍പ്പര്യമില്ലെന്ന് കോടതി പറഞ്ഞു. നികുതിവെട്ടിച്ചവര്‍ക്കെതിരെയുള്ള നടപടിയുടെ റിപ്പോര്‍ട്ട്, കേസ് വീണ്ടും കേള്‍ക്കുന്ന മെയ് 13ന് മുമ്പ് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അന്വേഷണവിവരങ്ങള്‍ സിബിഐയുമായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായും പങ്കുവയ്ക്കണം. ഐടി വകുപ്പിന് കൂടുതല്‍ വേഗംവേണം. ഇതൊരു സാധാരണ നികുതിവെട്ടിപ്പ് കേസല്ല. അഴിമതിക്കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇത്രയധികം പൂജ്യങ്ങളുള്ള തുക തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.

അതിനിടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നടപടി നിരീക്ഷിക്കുന്നതിന് കോടതിയെ സഹായിക്കാന്‍ രണ്ട് സ്വതന്ത്ര വ്യക്തികളെ നിയമിക്കണമെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) ആവശ്യപ്പെട്ടു. ഈ അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ വമ്പന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര നിരീക്ഷകരെ നിയമിക്കണമെന്ന ആവശ്യം സിപിഐഎല്‍ മുന്നോട്ടുവച്ചത്. കേസില്‍ പ്രതിയായ ഷാഹിദ് ഉസ്മാന്‍ ബല്‍വയുടെ സ്വാന്‍ ടെലികോമും ലൂപ്ടെലികോമും റിലയന്‍സിന്റെയും എസ്സാര്‍ ഗ്രൂപ്പിന്റെയും ബിനാമി കമ്പനികളാണെന്ന് സിപിഐഎല്‍ വാദിച്ചു. കനിമൊഴി ഡയറക്ടറായ സന്നദ്ധസംഘടനയെ സഹായിക്കുകവഴി ടാറ്റയ്ക്കും സ്പെക്ട്രം ഇടപാടില്‍ ഗുണം ലഭിച്ചിട്ടുണ്ട്. ടാറ്റയുടെ ഇരട്ടസാങ്കേതികവിദ്യക്ക് ലൈസന്‍സ് ലഭിച്ചത് ഈ ബന്ധംവഴിയാണ്. ടാറ്റ ഉള്‍പ്പെടെ വമ്പന്മാരുടെ പങ്കാളിത്തം ഏജന്‍സികള്‍ വേണ്ടവിധം അന്വേഷിക്കുന്നില്ല. സ്വാന്‍ ടെലികോമില്‍ 50 ശതമാനം ഓഹരി അനില്‍ അംബാനിയുടേതാണ്. എന്നാല്‍ , ഇയാളെ തൊട്ടിട്ടില്ല. സിബിഐ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്- സിപിഐഎല്ലിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

എത്ര ഉന്നതരായാലും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആര്‍ക്കും സംരക്ഷണമുണ്ടാകില്ലെന്നും കോടതി പ്രതികരിച്ചു. റിലയന്‍സിന്റെയും ടാറ്റയുടെയും പങ്കിലേക്ക് അന്വേഷണം എത്തുന്നതേയുള്ളൂവെന്ന് സിബിഐ വിശദീകരിച്ചു. വേനലവധിക്കുശേഷം പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഡിബി ഗ്രൂപ്പ് നടത്തിയ 106 കോടി രൂപയുടെ ഇടപാടിന്റെ വിവരം ഐടി വകുപ്പ് വ്യാഴാഴ്ച കോടതിയെ ധരിപ്പിച്ചു. സ്പെക്ട്രം കേസന്വേഷിക്കുന്ന സിബിഐക്ക് ഇതുവരെ കണ്ടെത്താനാകാത്ത ഇടപാടാണിത്. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഐടിവകുപ്പ് കോടതിക്ക് കൈമാറി.
(എം പ്രശാന്ത്)

deshabhimani 060511

1 comment:

  1. 2ജി സ്പെക്ട്രം ഇടപാടിലെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിന് ആദായനികുതിവകുപ്പ് താല്‍പ്പര്യമെടുക്കുന്നില്ലെന്ന് സുപ്രീംകോടതി. അന്വേഷണറിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതികള്‍ എത്ര ഉന്നതരും ശക്തരുമായാലും പ്രത്യേക സംരക്ഷണമൊന്നുമില്ലെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങുന്ന ബെഞ്ച് ഓര്‍മിപ്പിച്ചു. റാഡിയടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും വകുപ്പിന് താല്‍പ്പര്യമില്ലെന്ന് കോടതി പറഞ്ഞു. നികുതിവെട്ടിച്ചവര്‍ക്കെതിരെയുള്ള നടപടിയുടെ റിപ്പോര്‍ട്ട്, കേസ് വീണ്ടും കേള്‍ക്കുന്ന മെയ് 13ന് മുമ്പ് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അന്വേഷണവിവരങ്ങള്‍ സിബിഐയുമായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായും പങ്കുവയ്ക്കണം. ഐടി വകുപ്പിന് കൂടുതല്‍ വേഗംവേണം. ഇതൊരു സാധാരണ നികുതിവെട്ടിപ്പ് കേസല്ല. അഴിമതിക്കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇത്രയധികം പൂജ്യങ്ങളുള്ള തുക തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.

    ReplyDelete