Tuesday, May 10, 2011

കുട്ടികളുടെ അവകാശത്തിന് മേല്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം പതിവ്

കളങ്കിതരും കുറ്റാരോപിതരുമായ മുതിര്‍ന്നവരോടൊപ്പം അവരുമായി ബന്ധപ്പെട്ട നിഷ്‌കളങ്കരായ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത്  ദൃശ്യമാധ്യമങ്ങള്‍ പതിവാക്കുന്നു.ഈ ആശാസ്യമല്ലാത്ത പ്രവണത സംസ്ഥാനത്ത് വ്യാപകമായിട്ടും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോലും മൗനം പാലിക്കുകയാണ്. കുട്ടികളുടെ സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടുകയും, തിരിച്ചറിയപ്പെടുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരവസ്ഥ ഒഴിവാക്കുകയും വേണമെന്നാണ്   അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച കുട്ടികളുടെ അവകാശപത്രിക വ്യക്തമാക്കുന്നത്. യൂണിസെഫ് അടക്കമുള്ള പ്രസ്ഥാനങ്ങളും ഈ രംഗത്തുള്ള സംഘടനകളും കുട്ടികളുടെ സാര്‍വ്വദേശിയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രംഗത്തുണ്ടെങ്കിലും  മാധ്യമങ്ങള്‍ വഴിയുള്ള അവകാശലംഘനം ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

തന്റേതല്ലാത്ത കാരണത്താല്‍ വന്ന് ഭവിച്ചതോ  അറിവില്ലായ്മകൊണ്ട് പെട്ടുപോയതോ ആയ കുറ്റങ്ങളുമായി     ബന്ധപ്പെടുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കാട്ടേണ്ട സാഹചര്യങ്ങളില്‍ മുന്‍നിര ചാനലുകള്‍ പോലും തത്വദീക്ഷയില്ലാതെയാണ് പെരുമാറുന്നത്.പ്രമുഖ ചാനലില്‍ മുന്‍ ചലച്ചിത്ര നായികനടി അവതരിപ്പിക്കുന്ന ഒരു പരിപാടിയില്‍ കുടുംബബന്ധങ്ങളുടെ താളപ്പിഴകളും അതിന്റെ നിയമവശങ്ങളും നിയമവിദഗ്ധരുടെ സാന്നിധ്യത്തില്‍ പരസ്യമായ ചര്‍ച്ച ചെയ്യുന്നു.എന്നാല്‍ ഇതില്‍ മിക്കപ്പോഴും കക്ഷികളോടൊപ്പം കുട്ടികളെ കാണിക്കാറുണ്ട്.
കഴിഞ്ഞയാഴ്ചയില്‍ ചാനല്‍ സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ യുവാവിനെയും അയാളുടെ ഭാര്യയെയും കാമുകിയെയും അമ്മയെയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ ഭര്‍ത്താവിനെ തിരികെ വേണമെന്ന് പറയുന്ന ഭാര്യയ്‌ക്കൊപ്പം ഇവരുടെ കുട്ടികളെയും ആവര്‍ത്തിച്ച് കാണിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച റെജീനയുടെ പഴയകാലദൃശ്യങ്ങള്‍ ചില ചാനലുകള്‍ സംപ്രേഷണം ചെയ്തപ്പോള്‍ അവരുടെ കുട്ടിയെ എടുത്ത് കാണിച്ചതും സമാനസ്വഭാവത്തിലുള്ള നടപടിയാണ്. കുറെയേറെ പ്രാവശ്യം ഈ ദൃശ്യം കാട്ടിയെങ്കിലും ഒന്നുരണ്ട് ചാനലുകള്‍ തെറ്റ് തിരിച്ചറിഞ്ഞ് കുട്ടിയുടെ മുഖം പിന്നീട് മറച്ചിരുന്നു.ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച കിളിരൂരിലെ പെണ്‍കുട്ടിയുടെ മകളെയും ചില ചാനലുകള്‍ വെറുതെവിട്ടില്ല. സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പീഡിതരായ പെണ്‍കുട്ടികളെ കാണിക്കുന്നത്  ഒഴിവാക്കപ്പെടാറുണ്ടെങ്കിലും പിന്നീട് അവ വീണ്ടും കാണിക്കേണ്ടിവരുമ്പോള്‍ ചാനലുകള്‍ മര്യാദ കാട്ടാറില്ല. കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ മാതാപിതാക്കള്‍ക്കൊപ്പവും അല്ലാതെയും കുട്ടിയെ നിരവധി തവണ ചാനലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പത്രങ്ങള്‍ സാധാരണയായി വേറിട്ട സമീപനം സ്വീകരിക്കാറുണ്ടെങ്കിലും എപ്പോഴും അതുണ്ടാകുന്നില്ല. മാതാപിതാക്കളുടെ പ്രേരണയില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രമുഖ പത്രം പ്രസിദ്ധീകരിച്ചത്. പൊലീസിനെ കണ്ടുകൊണ്ട് ഓടുന്ന കുട്ടി, തുടര്‍ന്ന് പിടിയിലാകുന്നതും ജീപ്പില്‍ കൊണ്ടുപോകുന്ന അവനെ മാതാപിതാക്കള്‍ പിന്തുടരുന്നതുമായ ചിത്രങ്ങള്‍ സീക്വന്‍സുകളായാണ് പ്രസിദ്ധീകരിച്ചിരുന്നത്.

കുട്ടികളുടെ അവകാശപ്രഖ്യാപനത്തിന്റെ 30-ാം വര്‍ഷമായ 1989ല്‍ നടന്ന ഐക്യരാഷ്ട്ര കണ്‍വെന്‍ഷനിലാണ് അവകാശപത്രിക തയ്യാറാക്കിയത്. 1990 സെപ്റ്റംബര്‍ 2 മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. 54 ആര്‍ട്ടിക്കിളുകളിലായാണ് കുട്ടികളുടെ അവകാശങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത്. 2000 മെയ് 25ന് രണ്ട് ആര്‍ട്ടിക്കിളുകള്‍ പുതുതായി ചേര്‍ത്തിട്ടുമുണ്ട്. സൈനിക നടപടിയില്‍ നിന്നും കുട്ടികളെ ഒഴിവാക്കുക, കുട്ടികളുടെ അശ്ലീലദൃശ്യപ്രദര്‍ശനം പാടില്ല. എന്നിവയാണ് ഈ രണ്ട് ആര്‍ട്ടിക്കിളുകളില്‍ പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുവാന്‍ അവകാശമുണ്ടെന്ന വിശാലമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തിക്കൊണ്ട് തയ്യാറാക്കിയ ആര്‍ട്ടിക്കിള്‍ 16ല്‍ കുട്ടികളുടെ പേരും തിരിച്ചറിയപ്പെടുന്ന മറ്റ് വസ്തുതകളും കാത്തുസൂക്ഷിക്കണമെന്ന് പറയുന്നുണ്ട്. കുറ്റകൃത്യങ്ങള്‍, കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങി വികാരപരമായ തലം സൃഷ്ടിക്കുന്ന തരത്തിലുള്ള പരിപാടികളില്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ കുട്ടികളെ കാട്ടുന്നത് ് ഗൗരവമായാണ് കാണേണ്ടതെന്ന്് കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയന്നു. അടുത്തിടെ കൊച്ചിയില്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ യൂണിസെഫ് സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

ആര്‍ ശ്രീനിവാസ് janayugom 100511

1 comment:

  1. കളങ്കിതരും കുറ്റാരോപിതരുമായ മുതിര്‍ന്നവരോടൊപ്പം അവരുമായി ബന്ധപ്പെട്ട നിഷ്‌കളങ്കരായ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ പതിവാക്കുന്നു.ഈ ആശാസ്യമല്ലാത്ത പ്രവണത സംസ്ഥാനത്ത് വ്യാപകമായിട്ടും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോലും മൗനം പാലിക്കുകയാണ്. കുട്ടികളുടെ സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടുകയും, തിരിച്ചറിയപ്പെടുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരവസ്ഥ ഒഴിവാക്കുകയും വേണമെന്നാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച കുട്ടികളുടെ അവകാശപത്രിക വ്യക്തമാക്കുന്നത്. യൂണിസെഫ് അടക്കമുള്ള പ്രസ്ഥാനങ്ങളും ഈ രംഗത്തുള്ള സംഘടനകളും കുട്ടികളുടെ സാര്‍വ്വദേശിയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രംഗത്തുണ്ടെങ്കിലും മാധ്യമങ്ങള്‍ വഴിയുള്ള അവകാശലംഘനം ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

    ReplyDelete