Tuesday, May 10, 2011

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: സ്വകാര്യ ആശുപത്രികള്‍ മുതലെടുപ്പ് നടത്തുന്നു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള  സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ വന്‍മുതലെടുപ്പ് നടത്തുന്നതായും ഇതേത്തുടര്‍ന്ന് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം നഷ്ടപ്പെടുന്നതായും പരാതി.  സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 75 ശതമാനം തുക കേന്ദ്രസര്‍ക്കാരും 25 ശതമാനം കേരള സര്‍ക്കാരുമാണ് നല്‍കുക. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് പദ്ധതിപ്രകാരമുള്ള തുക ആശുപത്രികള്‍ക്ക് നല്‍കുന്നത്.  ഇന്‍ഷൂറന്‍സ് സ്ഥാപനം തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍  വഴിയാണ് തുക കൈമാറുക. ഇന്‍ഷൂറന്‍സ് കമ്പനിയുടെ കണ്ണൂരിലെ തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മെഡികെയര്‍ ആണ്. 30 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് കാര്‍ഡ് വാങ്ങുകയെന്ന ചിലവ് മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ളൂ. പദ്ധതിപ്രകാരം മുപ്പതിനായിരം രൂപ മുതല്‍ എഴുപതിനായിരം രൂപ വരെ ഇന്‍ഷൂറന്‍സ് തുക ആനുകൂല്യം ലഭിക്കും. പദ്ധതി നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള കേരള സര്‍ക്കാരിന്റെ ഏജന്‍സിയാണ് ചിയാക്ക് (കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഏജന്‍സി ഓഫ് കേരള).

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക്  അഞ്ഞൂറ് രൂപയാണ് ചിലവ് വന്നതെങ്കില്‍ ബില്ലില്‍ അത് ആയിരം രൂപയാക്കി ചില ആശുപത്രി അധികൃതര്‍ തേര്‍ഡ് പാര്‍ട്ടിയില്‍ നിന്നും ആയിരം രൂപ ഇന്‍ഷൂറന്‍സ് തുകയായി വാങ്ങിക്കുകയാണത്രെ. ഇത്തരം ആക്ഷേപങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് തേര്‍ഡ്പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ സൂക്ഷ്മ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധന പൂര്‍ത്തിയാക്കാനെടുക്കുന്ന കാലതാമസമാണ് തുക യഥാസമയം ലഭിക്കുവാന്‍ തടസ്സമാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ അല്‍പം കാലതാമസമുണ്ടായാലും  അര്‍ഹതപ്പെട്ടവര്‍ക്ക്  ഇന്‍ഷൂറന്‍സ് തുക ലഭ്യമാകുമെന്ന് ചിയാക്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം അവസാനം പ്രസവസംബന്ധമായ ചികിത്സക്ക് ശേഷം തന്റെ മകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ആശുപത്രി അധികൃതരെ സമീപിച്ച ഇരിണാവ് സ്വദേശിയായ പിതാവിന്് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കില്ലെന്ന മറുപടിയാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത്.  പദ്ധതി പ്രകാരം ലക്ഷക്കണക്കിന് രൂപ  ഇന്‍ഷൂറന്‍സ് ഏജന്‍സി ആശുപത്രിക്ക് നല്‍കാത്തതാണ്  കാരണമായി  ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതുപോലെ ആയിരക്കണക്കിനാളുകള്‍ക്ക് ആശുപത്രികളില്‍ നിന്നും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാതെ  മടങ്ങേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. പദ്ധതി നിര്‍ത്തിവെച്ചിരിക്കുന്ന കാര്യം ആശുപത്രിക്ക് മുന്നില്‍  അറിയിപ്പായി എഴുതിവെച്ചിട്ടുണ്ടെന്നാണ് ആശുപത്രിക്കാര്‍ തങ്ങളെ സമീപിക്കുന്നവരോട് പറയുന്നത്. നിര്‍ധനകുടുംബങ്ങള്‍ക്ക്  ചികിത്സാസഹായമായ ഈ പദ്ധതി സുഗമമായി നടപ്പിലാകാത്തത് പല കുടുംബങ്ങളെയും ഏറെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.  പല സ്വകാര്യ ആശുപത്രികളും പദ്ധതി മുതലെടുക്കുന്നുണ്ടെന്ന ആക്ഷേപമുള്ളതായി ചിയാക്ക് അധികൃതരും പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് കൂടിയാണ് പദ്ധതിയെങ്കിലും കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. പദ്ധതി ആരംഭിക്കുന്ന കാലത്ത് പ്ലാനിംഗ് കമ്മീഷന്റെ കണക്ക് പ്രകാരമുള്ള 11.79 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്ക് മാത്രം ഫണ്ട് അനുവദിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍  തീരുമാനിച്ചത്. എന്നാല്‍ പ്ലാനിംഗ് കമ്മീഷന്റെ കണക്ക് തെറ്റാണെന്നും ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 35 ലക്ഷം ബി പി എല്‍ കുടുംബങ്ങളുണ്ടെന്നുമാണ് കേരള സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഫലത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് കേരള സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.

സബിന പത്മന്‍ janayugom 100511

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ വന്‍മുതലെടുപ്പ് നടത്തുന്നതായും ഇതേത്തുടര്‍ന്ന് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം നഷ്ടപ്പെടുന്നതായും പരാതി. സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 75 ശതമാനം തുക കേന്ദ്രസര്‍ക്കാരും 25 ശതമാനം കേരള സര്‍ക്കാരുമാണ് നല്‍കുക. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് പദ്ധതിപ്രകാരമുള്ള തുക ആശുപത്രികള്‍ക്ക് നല്‍കുന്നത്. ഇന്‍ഷൂറന്‍സ് സ്ഥാപനം തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വഴിയാണ് തുക കൈമാറുക. ഇന്‍ഷൂറന്‍സ് കമ്പനിയുടെ കണ്ണൂരിലെ തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മെഡികെയര്‍ ആണ്. 30 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് കാര്‍ഡ് വാങ്ങുകയെന്ന ചിലവ് മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ളൂ. പദ്ധതിപ്രകാരം മുപ്പതിനായിരം രൂപ മുതല്‍ എഴുപതിനായിരം രൂപ വരെ ഇന്‍ഷൂറന്‍സ് തുക ആനുകൂല്യം ലഭിക്കും. പദ്ധതി നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനുള്ള കേരള സര്‍ക്കാരിന്റെ ഏജന്‍സിയാണ് ചിയാക്ക് (കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഏജന്‍സി ഓഫ് കേരള).

    ReplyDelete