Tuesday, May 10, 2011

മുംബൈ ഭീകരാക്രമണം: ഐ എസ് ഐ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പങ്കുണ്ടെന്ന് അമേരിക്ക

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാര സംഘടനയായ ഐ എസ് ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പങ്കുണ്ടായിരുന്നെന്ന് അമേരിക്കന്‍ സര്‍ക്കാര്‍. മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ പൗരന്മാര്‍ മരണമടഞ്ഞ കേസില്‍ ചിക്കാഗോ കോടതിയില്‍ ആരംഭിച്ച വിചാരണയിലാണ് ഐ എസ് ഐയുടെ പങ്ക് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മുംബൈ ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ ആണെന്ന ഇന്ത്യയുടെ തുടര്‍ച്ചയായ വാദത്തിന് പിന്‍ബലം നല്‍കുന്നതാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ വെളിപ്പെടുത്തല്‍.

തഹാവൂര്‍ റാണ കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ സെയ്ദ് മിര്‍, അബു ഖ്വഫ, മസ്ഹര്‍ ഇക്ബാല്‍, ലഷ്‌കറി ത്വിയിബ അംഗം മേജര്‍ ഇക്ബാല്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കൊലപാതകത്തിന് ഗൂഢാലോചന, ഇന്ത്യയില്‍ സ്‌ഫോടനം നടത്തി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബുവച്ചെന്ന കുറ്റവും അബു ഖ്വഫ, മിര്‍, മസര്‍ ഇക്ബാല്‍ എന്നിവരുടെമല്‍ ചുമത്തിയിട്ടുണ്ട്. റാണ ഒഴികകെയുള്ളവരാരുംതന്നെ അമേരിക്കയുടെ പിടിയിലുള്ളവരല്ല.

മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും മേജര്‍ ഇക്ബാല്‍ ഐ എസ് ഐയുടെ പിന്‍തുണയോടെ പ്രവര്‍ത്തിക്കുകയായിരുന്നെന്നാണ് ഇന്ത്യ നിരന്തരം വാദിച്ചിരുന്നത്. ഹെഡ്‌ലിയുടെ പരിശീലകനെന്നു പറയപ്പെടുന്ന മേജര്‍ ഇക്ബാലാണ് ലഫ്റ്റനന്റ് കേണല്‍ ഷായെ ഹെഡ്‌ലിക്ക് പരിചയപ്പെടുത്തികൊടുത്തതും ഇന്ത്യയിലേക്ക് അയക്കുന്നതിന് മുന്‍പ് മാസങ്ങളോളം പരിശീലനം നല്‍കിയതും.

മുംബൈ ഭീകരാക്രണം നടക്കുന്ന സമയത്ത് ലഷ്‌കര്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിച്ചിരുന്നതെന്നും അബു ഖ്വഫയാണ് ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് ജി പി ആര്‍ എസ് സംവിധാനവും മാപ്പ് റീഡിംഗ് സാങ്കേതികവിദ്യയും നല്‍കിയത്. 2005ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡെന്മാര്‍ക്ക് ദിനപത്രത്തിന്റെ ഓഫീസില്‍ ഭീകരാക്രമണം നടത്തുന്നതിന് ഹെഡ്‌ലിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസും മിര്‍ന്റെ പേരിലുണ്ട്.

മുംബൈ ഭീകരാക്രമണം നടത്തിയവര്‍ ആക്രമണസമയത്ത് പാകിസ്ഥാനിലുണ്ടായിരുന്ന പ്രതിയാകളായ സാജിദ് മിര്‍, അബു ഖ്വഫ, മസര്‍ ഇക്ബാല്‍ എന്നിവരുമായി ടെലിഫോണില്‍ ബന്ധം പുലര്‍ത്തിയതായും പുതിയ കുറ്റപത്രത്തില്‍ പറയുന്നു. 

റാണയുടെ വിചാരണ മെയ് 16ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിന് മുന്‍പേയാണ് പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. റാണയുടെ എമിഗ്രേഷന്‍ സര്‍വീസ് സ്ഥാപനത്തെ ഉപയോഗിച്ചാണ് പാക്- അമേരിക്കന്‍ പൗരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. മാതാവ് അമേരിക്കക്കാരിയും പിതാവ് പാകിസ്ഥാന്‍ കാരനുമായ ഹെഡ്‌ലി മുംബൈയില്‍ അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
 വധശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നതിന് പ്രോസിക്യൂഷന്‍ നടപടികളുമായി സഹകരിക്കാന്‍ ഹെഡ്‌ലി ധാരണയായിരുന്നു.

ആദ്യത്തെ കുറ്റപത്രത്തില്‍ ഹര്‍കത് ഉള്‍ ജിഹാദി അല്‍ ഇസ്‌ലാം നേതാവായ ഇല്യാസ് കശ്മീരിയെയും പാകിസ്ഥാന്‍ സൈന്യത്തില്‍നിന്നും വിരമിച്ച അബുര്‍ റെഹ്മാന്‍ ഹാഷിം സെയ്ദ് എന്നിവരുടെ പേരുകള്‍ പ്രതിപാദിച്ചിരുന്നെങ്കിലും അവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

janayugom 100511

1 comment:

  1. മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാര സംഘടനയായ ഐ എസ് ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പങ്കുണ്ടായിരുന്നെന്ന് അമേരിക്കന്‍ സര്‍ക്കാര്‍. മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ പൗരന്മാര്‍ മരണമടഞ്ഞ കേസില്‍ ചിക്കാഗോ കോടതിയില്‍ ആരംഭിച്ച വിചാരണയിലാണ് ഐ എസ് ഐയുടെ പങ്ക് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മുംബൈ ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ ആണെന്ന ഇന്ത്യയുടെ തുടര്‍ച്ചയായ വാദത്തിന് പിന്‍ബലം നല്‍കുന്നതാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ വെളിപ്പെടുത്തല്‍.

    ReplyDelete