Sunday, May 15, 2011

കേന്ദ്രത്തിന്റെ 'പാരിതോഷികം'

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്ന് ഒരു ദിവസം കഴിയും മുമ്പ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കിടയില്‍ ഒമ്പതുതവണ വില കൂട്ടിയിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്ര വലിയ വര്‍ധന വരുത്തിയത് ഇതാദ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും വോട്ട് ചെയ്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികമാണ് ഇന്നലെ പ്രഖ്യാപിച്ച പെട്രോള്‍ വിലവര്‍ധന.

പെട്രോളിന്റെ വില നിര്‍ണയാവകാശം പെട്രോളിയം കമ്പനികള്‍ക്ക് കൈമാറിയതോടെ പെട്രോള്‍വില അടിക്കടി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലനിലവാരത്തിനനുസരിച്ച് പെട്രോള്‍വില നിര്‍ണയിക്കാനുള്ള അധികാരമാണ് കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് സാങ്കേതികമായ നടപടിക്രമം മാത്രമാണെന്നും വിലവര്‍ധനവ് സംബന്ധിച്ച അവസാനതീരുമാനം സര്‍ക്കാരിന്റേതാണെന്നും എല്ലാവര്‍ക്കുമറിയാം. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിനടുത്തെത്തിയപ്പോള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ വിലവര്‍ധിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ ഇംഗിതമനുസരിച്ചാണ് വിലവര്‍ധനവെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ എല്ലാറ്റിന്റേയും വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളൊന്നും ഫലം കണ്ടില്ലെന്ന് റിസര്‍വ് ബാങ്കും ധനമന്ത്രാലയവും പരസ്യമായി സമ്മതിക്കുന്നു. വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയും ആവര്‍ത്തിച്ച് പറയുന്നത്. വിലക്കയറ്റം തടയാന്‍ അടിയന്തരനടപടികളെടുക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പുപാലിക്കുന്നത് എങ്ങനെയാണെന്ന് പെട്രോള്‍ വില കുത്തനെ കൂട്ടിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചുതന്നിരിക്കുകയാണ്. ഡീസലിന്റേയും പാചകവാതകത്തിന്റേയും വില അടുത്തയാഴ്ച വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അവ ഉപയോഗിക്കുന്നവരെ മാത്രം ബാധിക്കുന്നതല്ല. എല്ലാ വിഭാഗം ജനങ്ങളേയും സമ്പദ്ഘടനയുടെ സമസ്തമേഖലകളേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ബാധിക്കും. യാത്രാച്ചെലവും ചരക്കുകടത്തുകൂലിയുമെല്ലാം ഉയരും. സര്‍വ്വ സാധനങ്ങളുടേയും വിലവര്‍ധിക്കുന്നതിനാണ് ഇത് വഴിവയ്ക്കുന്നത്.

ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ പെട്രോള്‍വില വര്‍ധിപ്പിച്ച്, ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും വാദം. അടിസ്ഥാനമില്ലാത്ത അവകാശമാണിത്. പെട്രോളിന്റെ വില്പനവിലയില്‍ അമ്പതു ശതമാനത്തോളം വിവിധ ഇനം നികുതികളാണ്. എക്‌സൈസ്, കസ്റ്റംസ്, വില്‍പനനികുതി തുടങ്ങിയവയിലൂടെ പെട്രോള്‍ വിലയില്‍ ഗണ്യമായ ഭാഗം സര്‍ക്കാറിനു ലഭിക്കുന്നു. നികുതി കുറച്ചു വിലവര്‍ധനവ് ഒഴിവാക്കണമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതു ചെവിക്കൊണ്ടില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേന്ദ്രം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴെല്ലാം കേരളത്തില്‍ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ് ഉന്നയിച്ച ഒരാവശ്യം സംസ്ഥാന സര്‍ക്കാര്‍ വില്‍പനനികുതി ഒഴിവാക്കണമെന്നതായിരുന്നു. പ്രതിപക്ഷ നേതാവായ ഉമ്മന്‍ചാണ്ടിയായിരുന്നു ഇതിനായി ഏറ്റവും ശക്തിയായി വാദിച്ചത്. ഈ ആവശ്യം നടപ്പാക്കാനുള്ള അവസരം ഇപ്പോള്‍ യു ഡി എഫിനു കൈവന്നിരിക്കുകയാണ്. പുതിയ മന്ത്രിസഭ ഇത് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞ തീരുമാനം റദ്ദാക്കുകയും ചെയ്യണം. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരികയല്ലാതെ മറ്റു മാര്‍ഗമില്ല. വിലക്കയറ്റംമൂലം എരിപൊരി കൊള്ളുന്ന ജനങ്ങളെ വറുചട്ടിയില്‍ നിന്നും എരിതീയിലേയ്ക്ക് എടുത്തെറിയുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ജനയുഗം മുഖപ്രസംഗം 150511

1 comment:

  1. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്ന് ഒരു ദിവസം കഴിയും മുമ്പ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കിടയില്‍ ഒമ്പതുതവണ വില കൂട്ടിയിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്ര വലിയ വര്‍ധന വരുത്തിയത് ഇതാദ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും വോട്ട് ചെയ്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികമാണ് ഇന്നലെ പ്രഖ്യാപിച്ച പെട്രോള്‍ വിലവര്‍ധന.

    ReplyDelete