Monday, May 9, 2011

ടൈപ്പ്‌റൈറ്ററുകള്‍ പുരാവസ്തുക്കളായി മാറുന്നു

വിദ്യാഭ്യാസരംഗത്ത് ഒരു കാലഘട്ടത്തില്‍ സജീവസാന്നിധ്യമായിരുന്ന ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ മറവിയിലേക്ക് മായുന്നു. ഗ്രാമീണ ജീവിതത്തില്‍ വിദ്യാഭ്യാസരംഗത്ത് മുഖ്യസ്ഥാനമായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നത്. വിദ്യാഭ്യാസമ്പന്നര്‍ക്ക് ജോലിസാധ്യതയുടെ എളുപ്പമാര്‍ഗം തുറന്നിട്ട വിദ്യാകേന്ദ്രങ്ങളായിരുന്നു അവ. ഇടത്തരം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഭാരിച്ച ചെലവുകളില്ലാതെ ഒരു ജീവനോപാധി നേടാന്‍ സഹായിച്ച നൂറുകണക്കിന് ടൈപ്പ്‌റൈറ്റിംഗ് സെന്ററുകള്‍ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഏറ്റവും തിരക്കേറിയ വിദ്യാകേന്ദ്രങ്ങളായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍. ടൈപ്പും ഷോര്‍ട്ടുഹാന്റും പഠിച്ചവര്‍ക്ക് നഗരങ്ങളില്‍ ജോലിസാധ്യത ഏറെയുള്ള കാലങ്ങള്‍ കടന്നുപോയിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ കടന്നുവരവോടെ ടൈപ്പ്‌റൈറ്ററുകളുടെ കാലം കഴിയുകയായിരുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ ഗ്രാമീണ യൗവനങ്ങള്‍ക്ക് ജോലിസ്ഥിരതയുടെ പര്യായമായി ടൈപ്പ്‌റൈറ്റിംഗ് പഠനം ദീര്‍ഘകാലം നിലനിന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, പ്രമുഖ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ടൈപ്പിസ്റ്റുകള്‍ അഭിവാജ്യ ഘടകമായിരുന്നു. എന്നാല്‍ ഇന്ന് ഇതൊരു പഴംകഥ മാത്രമായി മാറുമ്പോള്‍ ഈ പഠനകേന്ദ്രങ്ങളും മറവിയിലേക്ക് പോയികഴിഞ്ഞു.

ആദ്യകാലഘട്ടങ്ങളില്‍ പ്രധാനനഗരങ്ങളിലായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ പിന്നീട് ഇവ ഗ്രാമീണ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലേക്കും വളരുകയായിരുന്നു. പ്രധാന ഹൈസ്‌കൂള്‍ കേന്ദ്രങ്ങളില്‍ ഒന്നിലേറെ ടൈപ്പ്‌റൈറ്റര്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് പ്രധാനമായും ക്ലാസ് നടന്നിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ക്ക് തടസമില്ലാതെ ക്ലാസുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുട്ടികള്‍ക്കും താല്‍പര്യമേറെയായിരുന്നു. വളരെ കുറച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിലും കാര്യക്ഷമമായി നടത്താന്‍ കഴിയുന്ന സംവിധാനമാണെന്നതിനാല്‍ വലിയ മുതല്‍ മുടക്കില്ലാതെ ഇത്തരം കേന്ദ്രങ്ങള്‍ അക്കാലങ്ങളില്‍ ആരംഭിക്കാന്‍ കഴിയുമായിരുന്നു.

ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പും സര്‍വസാധാരണമായ ആധുനിക കാലഘട്ടത്തില്‍ പേരുകേട്ട പഴയ ടൈപ്പ്‌റൈറ്റിംഗ് സെന്ററുകള്‍ കമ്പ്യൂട്ടര്‍ സെന്ററുകളായി രൂപം മാറിക്കഴിഞ്ഞു. ഗോദറേജ്, ഹാല്‍ഡ, റെമിംഗ്ടണ്‍, ഫാസിറ്റ് കമ്പനികളുടെ ടൈപ്പ്‌റൈറ്റിംഗ് മെഷീനുകളായിരുന്നു പഠനകേന്ദ്രങ്ങളില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അവയെല്ലാം പുരാവസ്തുക്കളായി മാറുന്ന കാഴ്ചയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വന്നെത്തിയിരുന്ന ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങളില്‍ നിന്നും ഇന്ന് പഴയ ടൈപ്പറൈറ്റിംഗ് മെഷീനുകളുടെ ശബ്ദം ഓര്‍മയില്‍ ലയിക്കുകയാണ്. ഒപ്പം പഴയകാലത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഒരു കാലഘട്ടവും വിട പറഞ്ഞു കഴിഞ്ഞു.

രാധാകൃഷ്ണന്‍ കുന്നുംപുറം ജനയുഗം 090511

1 comment:

  1. വിദ്യാഭ്യാസരംഗത്ത് ഒരു കാലഘട്ടത്തില്‍ സജീവസാന്നിധ്യമായിരുന്ന ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ മറവിയിലേക്ക് മായുന്നു. ഗ്രാമീണ ജീവിതത്തില്‍ വിദ്യാഭ്യാസരംഗത്ത് മുഖ്യസ്ഥാനമായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നത്. വിദ്യാഭ്യാസമ്പന്നര്‍ക്ക് ജോലിസാധ്യതയുടെ എളുപ്പമാര്‍ഗം തുറന്നിട്ട വിദ്യാകേന്ദ്രങ്ങളായിരുന്നു അവ. ഇടത്തരം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഭാരിച്ച ചെലവുകളില്ലാതെ ഒരു ജീവനോപാധി നേടാന്‍ സഹായിച്ച നൂറുകണക്കിന് ടൈപ്പ്‌റൈറ്റിംഗ് സെന്ററുകള്‍ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു

    ReplyDelete