''മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാ വിശേഷം'' എന്നുവരികില്‍ ദുഃഖം ഘനീഭവിച്ച വദനവും നീറുന്ന ഹൃദയവും ചഞ്ചല മാനസവുമായി പത്രക്കാരെയും ക്യാമറകളെയും അഭിമുഖീകരിക്കുക മാത്രമേ ചെന്നിത്തലക്കാരനായ രമേശായാലും വഴിയുളളൂ. പറയുന്ന വാക്കുകളുമായി പൊരുത്തപ്പെടാത്ത വിധം മുഖം വിവര്‍ണവും ശബ്ദം ഇടറിയതുമാകുന്നത് സ്വാഭാവികമാണ്. കണ്ണുകള്‍ പറയാതെ പലതും പറയുന്നതും സ്വാഭാവികം തന്നെ. അതുകൊണ്ടാണ് കവി പാടിയത് 'കഴിവെത്രയ്ക്കുണ്ടെന്നോ കണ്ണുകള്‍ ആത്മാവില്‍ കഥയൊക്കെ പറയാനും അറിയുവാനും' എന്ന്. ചെന്നിത്തലയുടെ കണ്ണുകള്‍ ആത്മാവിന്റെ കഥനകഥ പറഞ്ഞുതന്നു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുവാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ശേഷിക്കവേയാണ് രമേശ് ചെന്നിത്തലയ്ക്ക് അപ്രതീക്ഷിതമായ ഇടിമിന്നല്‍ പോലെ വെളിപാടുണ്ടായത്. ഉടനെ കെ പി സി സി ഓഫീസിന് മുന്നില്‍ കാത്തുനിന്നിരുന്ന ചാനലുകാരുടെ മുന്നിലെത്തി ഈ വില്ലാളിവീരന്‍ നടത്തിയ ഉഗ്രപ്രഖ്യാപനം കേട്ട ദിക്കായ ദിക്കുകളൊക്കെ ഞെട്ടിത്തരിച്ച് ആകാശത്ത് മിന്നല്‍പ്പിണരുകളുണ്ടായി, മേഘം ജലമായി വര്‍ഷിച്ചു, നക്ഷത്രങ്ങള്‍ കണ്ണുചിമ്മി, മന്ദമാരുതനുപോലും ഭാവമാറ്റമുണ്ടായി, ചുറ്റിലും ഇരുട്ട് പടരുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതി. അത്രമേല്‍ അത്യുഗ്രന്‍ പ്രഖ്യാപനം.
''മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഞാനില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കെ പി സി സി അധ്യക്ഷനായിതന്നെ തുടരും. ഞാന്‍ മന്ത്രിയാക്കാനുമില്ല'' അമര്‍ഷവും സങ്കടവും അടക്കിപ്പിടിച്ച് കടന്നല്‍ കുത്തിയ പോലെ മുഖം വീര്‍പ്പിച്ച് ചെന്നിത്തല പറയുമ്പോല്‍ ക്യാമറ കണ്ണുകള്‍ക്കു മുന്നില്‍ ഉന്തിയും തള്ളിയും നിന്ന ഉറ്റ അനുയായികളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മരണ വീട്ടില്‍ പോലും വെളുക്കെച്ചിരിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ വദനത്തിലൊന്നും ചിരി കണ്ടുകിട്ടാനില്ല. കറുത്ത് കരുവാളിച്ചമുഖവുമായി അവര്‍ നിന്നു.
ചേരതിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കണ്ടം തിന്നണം, കോഴിയിറച്ചിയുടെ അരപ്പു കഴിച്ചാല്‍ കോഴിക്കാലും കഴിക്കണം എന്നിത്യാദി നിഷ്‌കര്‍ഷകള്‍ ഉള്ള രാഷ്ട്രീയമന്നനാണ് രമേശ് ചെന്നിത്തല. ആകുന്നെങ്കില്‍ മുഖ്യമന്ത്രിതന്നെയാവണം. ഇനി മന്ത്രിയെങ്കിലുമായാല്‍ ആഭ്യന്തരമോ ധനകാര്യമോ കൈകാര്യം ചെയ്ത് തിമിര്‍ക്കാനാവണം.
''നീ തനിച്ചിത്രനാള്‍ കാത്തുനിന്ന-
തേതിന്‍ സമാഗമമായിരുന്നു?'' എന്ന് ഉറ്റവരും ഉടയവരും സ്വകാര്യ വേളകളില്‍ ചോദിച്ചപ്പോഴൊക്കെ അവരുടെ ചെവികളില്‍ പതിയെ മന്ത്രിച്ചത് മുഖ്യമന്ത്രി പദവും താനുമായുള്ള സമാഗമം എന്നായിരുന്നു. ഹോ! കിട്ടിപ്പോയി എന്ന മട്ടിലായിരുന്നൂ ഏതാനും ദിനങ്ങള്‍ കടന്നുപോയത്. ആരോരും നിനച്ചിരിക്കാത്ത ഘട്ടത്തില്‍ കുറുക്കന്റെ കൗശലത്തോടെ മത്സരിക്കാന്‍ സീറ്റ് തരപ്പെടുത്തി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ് മനസില്‍ വെള്ളിടി വീഴ്ത്തി. പാറിപറക്കുവാന്‍ ഹെലികോപ്ടര്‍ വരുത്തി. പക്ഷേ ഒരൊറ്റ പറക്കലില്‍ തന്നെ ജനങ്ങള്‍ പറപ്പിക്കുമെന്ന് കാര്യവിവരമുള്ളവര്‍ പറഞ്ഞതിനാല്‍ രണ്ടു ഹെലികോപ്ടറുകളെയും ഷെഡ്ഢില്‍ കയറ്റി. വോട്ടെണ്ണുമ്പോഴാണ് തന്റെ സ്വാധീനത്തെക്കുറിച്ച്, ജന്മനാട്ടിലെ വര്‍ധിത പിന്തുണയെക്കുറിച്ച് നന്നായി മനസിലായത്. ഹരിപ്പാട് ചെന്നിറങ്ങിയപ്പോള്‍ കരച്ചില്‍ നാടകമാണ് നടത്തിയതെങ്കില്‍ വോട്ടെണ്ണുന്ന ദിനം ഹരിപ്പാടൊരു വീട്ടില്‍ ആരും കാണാതെ മുറിയില്‍ക്കയറി ശരിക്കും കരഞ്ഞു. സര്‍വ ദൈവങ്ങളേയും വിളിച്ചു കേണു. ഒടുവില്‍ തട്ടിയും മുട്ടിയും ഹരിപ്പാട്ട് കരകയറി. അപ്പോഴാണ് മുഖ്യമന്ത്രിയാവാന്‍ താന്‍ മാത്രം ജയിച്ചാല്‍ പോരല്ലോയെന്ന തിരിച്ചറിവുണ്ടായത്. മുന്നണിയും ജയിക്കണമെന്ന് സര്‍വശക്തനായ തമ്പുരാനെ വിളിച്ചപേക്ഷിച്ചു. നേര്‍ച്ചകളായ നേര്‍ച്ചകള്‍ നേര്‍ന്നു. ഒടുവില്‍ മുട്ടിലിഴയുന്ന ഭൂരിപക്ഷം കിട്ടിയെന്നുറപ്പായപ്പോല്‍ സ്വന്തം പാര്‍ട്ടിയില്‍ എതിരുനില്‍ക്കാനിടയുള്ള ശത്രുക്കളുടെ മുഖം തെളിഞ്ഞുവന്നു. അവരുടെ ശല്യനിവാരണത്തിനായി ശത്രുസംഹാര പൂജകള്‍ നടത്തണമെന്ന് മനസില്‍ കണക്കുകൂട്ടി.
ഇനി ഒരേയൊരു കടമ്പ. മറ്റു കടമ്പകളൊക്കെ ബെന്‍ജോണ്‍സണിന്റേയും കാള്‍ലൂയിസിന്റെയും ചാട്ടത്തെ വെല്ലുന്ന വൈഭവത്തോടെ ചാടിക്കടന്നതാണ്. സീറ്റ് നിര്‍ണയ വേളയില്‍ തന്നെ ജയസാധ്യതയുള്ള സീറ്റുകള്‍ തിരഞ്ഞുപിടിച്ച് സ്വന്തം ഏറാന്‍മൂളികള്‍ക്കായി തരപ്പെടുത്തി. രാഹുല്‍ഗാന്ധി എന്ന യുവരാജാവിന്റെ ഇറക്കുമതിക്കാരായവരുടെയും യുവ പ്രായത്തില്‍ വാര്‍ധക്യം ബാധിച്ചുപോയവരുമായവരുടെ പട്ടികയില്‍ ആധിപത്യം നേടിയെടുത്തു. പക്ഷേ ജനം പറ്റിച്ചു. ഏറാന്‍ മൂളികളെ ജനം തോല്‍പ്പിച്ചു. ഉമ്മന്റെ അനുചരന്‍മാര്‍ക്ക് നേരിയ മേല്‍ക്കൈ കിട്ടി. വാഴനാരിന്റെ ബലംപോലുമില്ലാത്ത വിധം നേര്‍ത്ത മേല്‍ക്കൈ ആണ്. ഹൈക്കമാന്‍ഡിലും രാഹുല്‍ഗാന്ധിയിലുമുള്ള സ്വാധീനംവെച്ചു നോക്കുമ്പോള്‍ ചാണ്ടിയുടെ മേല്‍ക്കൈ ആയിരം തവണ പൊട്ടിത്തകരാവുന്നതേയുളളൂ. ആയതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു തൊട്ടുമുമ്പുവരെ മുഖ്യമന്ത്രിക്കസേരയില്‍ നിവര്‍ന്നിരുന്ന് തണ്ടലിന്റെ ക്ഷീണം മാറ്റുന്ന കിനാവുകണ്ടു, മധുരം നുണഞ്ഞു.
പക്ഷേ വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ലല്ലോ. വിശാല ഐ ഗ്രൂപ്പ് യോഗം വിശാലമായ സ്വന്തം ഫ്‌ളാറ്റില്‍ ചേര്‍ന്നപ്പോഴാണ് അവസാന കടമ്പ ചാടിക്കടക്കുവാന്‍ ഹനുമാന്‍ ചാട്ടം പോലും മതിയാവില്ലെന്ന് മനസ്സിലായത്. പ്രളയം വന്നാലും കൂടെ നില്‍ക്കുമെന്ന് കരുതിയിരുന്ന ഏറാന്‍മൂളികള്‍ക്ക്, ഞാഞ്ഞൂലിനും ശീല്‍ക്കാരം എന്ന മട്ടില്‍ ഒരിളക്കം. എന്നിട്ടും കുലുങ്ങിയില്ല. പണ്ടേയ്ക്കു പണ്ടേ കേട്ടു പഠിച്ചത് പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നായതുകൊണ്ടാണ് അതിനു കഴിഞ്ഞത്. ഡല്‍ഹിക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് ശരിക്കും കുലുങ്ങിപ്പോയത്. പാലം കുലുങ്ങുകയല്ല, പാലം ഒഴുകിപ്പോയെന്ന് പിടികിട്ടി.
മുഖ്യനായില്ലെങ്കില്‍ ഉപമുഖ്യനോ പൊലീസ് മന്ത്രിയോ പണമന്ത്രിയോ ആകാമെന്ന് വിചാരിച്ചാല്‍ അതിലും രക്ഷകാണുന്നില്ലെന്ന് പ്രവചന വിദഗ്ധന്‍മാര്‍ മന്ത്രിച്ചു. സുപ്രധാന വകുപ്പ് കയ്യൊഴിഞ്ഞ് മുഖ്യനാവാന്‍, താനില്ലെന്ന് കുഞ്ഞൂഞ്ഞ് ശാഠ്യം പിടിച്ചുപോല്‍. കുഞ്ഞാകുമ്പോള്‍ ബാലിശം സ്വാഭാവികമെന്ന് മനസിലാക്കി ഹൈക്കമാന്റ് വാത്സല്യപൂര്‍വം ലോകമാന്‍ഡ് ആയിപ്പോയി. അല്ലെങ്കിലും ആവശ്യം വരുമ്പോള്‍ ഒരു പഹയന്റെയും നിഴല്‍പോലും കാണില്ല.
അതിനിടയിലാണ് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമെല്ലാം കടുത്ത പ്രേമം ഉമ്മന്‍ചാണ്ടിയോടാണെന്ന് ചില നാരദക്കൂട്ടം ഹൈക്കമാന്‍ഡിന്റെ ചെവിയിലെത്തിച്ചത്.
രാഷ്ട്രീയത്തില്‍ കൈപിടിച്ചുകൊണ്ടുവന്ന്, വളര്‍ത്തിവലുതാക്കി, സ്വന്തം ഇലയില്‍ നിന്ന് പ്രാതല്‍ പങ്കുവെച്ചു നല്‍കി ഇളം പ്രായത്തില്‍ മന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയ കരുണാകരനു കൊടുത്ത പണി തിരിച്ചുകിട്ടുകയാണെന്ന് ഒരു നിമിഷം അശരീരി കേട്ടതുപോലെ ചെന്നിത്തലയ്ക്ക് തോന്നിപ്പോയി.
പിന്നെ വൈകിയില്ല. മുഖ്യമന്ത്രിയാവാനുമില്ല, മന്ത്രിസഭയിലേക്കുമില്ല. പാര്‍ട്ടിയെ ഊട്ടിവളര്‍ത്താന്‍ കെ പി സി സി പ്രസിഡന്റായി തുടരും. ഹോ! എന്തൊരു നിസ്വാര്‍ഥത, എന്തൊരു ത്യാഗസന്നദ്ധത നാട്ടുകാരേ! എന്ന് രമേശാനുയായികള്‍. പക്ഷേ വെരുമൊരു എം എല്‍ എയായിരിക്കുവാനാണോ ഡല്‍ഹിയില്‍ പോയി സീറ്റ് തരപ്പെടുത്തിയത്? ഒരു തവണ മാത്രം എം എല്‍ എയായ ബാബുപ്രസാദിനെ വഴിയാധാരമാക്കിയതെന്തിന്? എന്നീ അസുഖകരമായ ചോദ്യങ്ങള്‍ സന്മനസുള്ളവര്‍ ഒഴിവാക്കേണ്ടതാണ്.
അങ്കത്തിരുന്ന് കളിക്കുന്നതിനേക്കാള്‍ പുറത്തിരുന്ന് കളിക്കുന്നതാണ് കളിയിലെ അനായാസതയ്ക്ക് നല്ലത്. അതുകൊണ്ടാണ് പുറത്തു നില്‍ക്കുന്നത്. പ്രതീക്ഷ കടലില്‍ ഒഴുക്കിക്കളയാന്‍ മാത്രം മണ്ടത്തരമൊന്നും ചെന്നിത്തലയിലില്ല. കളിച്ചുകളിച്ച് ശരിയായ സമയത്ത് ഫൗള്‍ കളിക്കും. ഫൗള്‍ കളിക്കുന്ന ആളിനല്ല ചുവപ്പ് കാര്‍ഡ് എന്നത് കോണ്‍ഗ്രസിന്റെ കളിനിയമത്തില്‍ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. പട്ടം താണുപിള്ളയും സി കേശവനും ടി എം വര്‍ഗീസും പരവൂര്‍ ടി കെ നാരായണപിള്ളയും ആര്‍ ശങ്കറും കരുണാകരനും എ കെ ആന്റണിയുമൊക്കെ ഫൗള്‍ കളിയില്‍ ഇരകളായവരാണ്. ഇരകള്‍ക്ക് ചുവപ്പ് കാര്‍ഡ് എന്ന നിയമം പരിപാലിച്ച് ഉമ്മന്‍ചാണ്ടിയെ കളത്തിന് പുറത്താക്കി കസേരയില്‍ കയറിയിരിക്കാനാണ്. ഇന്ന് മുതലുള്ള കഠിനാധ്വാനം. തിരുത്തല്‍വാദത്തിലൂടെ കരുണാകരനെ കളത്തിന് പുറത്താക്കിയതിലെ അനുഭവ പരിചയം മുതല്‍കൂട്ടായുണ്ട്.
ഇതിനിടയില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം തെറുപ്പിക്കുവാന്‍ ഒരുകൂട്ടര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 38 ല്‍ ഒതുങ്ങിയത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണുപോല്‍. ഇനി കക്ഷത്തിരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല എന്ന നില വരാതിരിക്കുവാനും തുലാഭാരവും ഉരുളലുമൊക്കെ നടത്തേണ്ടിവന്നേയ്ക്കും. അതിനിടയില്‍ ലീഗും മാണി കോണ്‍ഗ്രസും വീരജനതയും ഒറ്റത്തടിക്കാരായവരും ചേര്‍ന്ന് സര്‍ക്കാരിനെതന്നെ മൂക്കുകുത്തിവീഴ്ത്തിയാല്‍ ഇപ്പോള്‍തന്നെ ഉറക്കമില്ലാത്ത രാവുകളുമായി കഴിഞ്ഞുകൂടുന്ന ചെന്നിത്തലയ്ക്ക് ഊണുമില്ലാതാവും. കാലം മാറിനിന്ന് മായികലീലകള്‍ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍
''നീ വിഷാദിക്കുന്നതെന്തിനഖിലവും
കേവലം സ്വപ്നം! വെറും വെറും വിഭ്രമം'' എന്ന് പാടികേള്‍പ്പിക്കാനെങ്കിലും ആരെങ്കിലും ഉണ്ടാകുമോ ആവോ? കണ്ടറിയാം.
പിന്‍കുറുപ്പ്: ഹൈക്കമാന്റ് പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് പറന്നുകൊണ്ടിരിക്കുമ്പോള്‍ ചെന്നിത്തല ഉഗ്ര പ്രഖ്യാപനം നടത്തിയത് മറ്റൊന്നുംകൊണ്ടല്ല, മാധ്യമങ്ങള്‍ കുറച്ചുകാലമായി താന്‍ മുഖ്യമന്ത്രിയാവാന്‍ കച്ചകെട്ടിയിരിക്കുന്നൂവെന്ന് ദുഷ്പ്രചരണം നടത്തുന്നതുകൊണ്ടു മാത്രമാണ്. മുമ്പൊക്കെ പത്രസമ്മേളനങ്ങളില്‍ ഇതേ ചോദ്യം ഉയരുമ്പോള്‍ ഹൈക്കമാന്റും പാര്‍ലമെന്ററി പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ഹൈക്കമാന്റും പാര്‍ലമെന്ററി പാര്‍ട്ടിയുമൊന്നും പറയാതെ ഇപ്പോള്‍ പറഞ്ഞത് ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത് എന്നതുകൊണ്ടു മാത്രമാണ്. മറ്റൊരു ധാരണയും ആരും വച്ചു പുലര്‍ത്തരുത്.
ദിഗംബരന്‍ ജനയുഗം 160511
''മാടിവിളിക്കിലുമെത്തില്ലരികിലാ
ReplyDeleteമായാസുഷമാ വിശേഷം'' എന്നുവരികില്‍ ദുഃഖം ഘനീഭവിച്ച വദനവും നീറുന്ന ഹൃദയവും ചഞ്ചല മാനസവുമായി പത്രക്കാരെയും ക്യാമറകളെയും അഭിമുഖീകരിക്കുക മാത്രമേ ചെന്നിത്തലക്കാരനായ രമേശായാലും വഴിയുളളൂ. പറയുന്ന വാക്കുകളുമായി പൊരുത്തപ്പെടാത്ത വിധം മുഖം വിവര്‍ണവും ശബ്ദം ഇടറിയതുമാകുന്നത് സ്വാഭാവികമാണ്. കണ്ണുകള്‍ പറയാതെ പലതും പറയുന്നതും സ്വാഭാവികം തന്നെ. അതുകൊണ്ടാണ് കവി പാടിയത് 'കഴിവെത്രയ്ക്കുണ്ടെന്നോ കണ്ണുകള്‍ ആത്മാവില്‍ കഥയൊക്കെ പറയാനും അറിയുവാനും' എന്ന്. ചെന്നിത്തലയുടെ കണ്ണുകള്‍ ആത്മാവിന്റെ കഥനകഥ പറഞ്ഞുതന്നു.