Friday, May 13, 2011

സ്ത്രീപക്ഷം ഇടതിലുറച്ച് ഈ സഭയിലും

ഇക്കുറിയും സഭയില്‍ ഏഴുവനിതകള്‍ . ആറുപേരും എല്‍ഡിഎഫില്‍നിന്ന്. കെ കെ ലതിക, അഡ്വ. പി ഐഷാപോറ്റി, കെ എസ് സലീഖ, ഇ എസ് ബിജിമോള്‍ , ഗീതാഗോപി, ജമീലാ പ്രകാശം എന്നീ എല്‍ഡിഎഫ് സാരഥികളും കോണ്‍ഗ്രസിലെ പി ജയലക്ഷ്മിയുമാണ് ഇത്തവണ സഭയിലെത്തിയത്. സമര്‍പ്പിതമായ പൊതുജീവിതത്തിലും ജനസേവനപാരമ്പര്യത്തിലും പോരാട്ടവീര്യത്തിലും മാതൃകയാക്കാവുന്ന വനിതാരത്നങ്ങളെ എല്‍ഡിഎഫ് ഇക്കുറിയും അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കെ കെ ലതിക, അഡ്വ. പി ഐഷാപോറ്റി, കെ എസ് സലീഖ, ഇ എസ് ബിജിമോള്‍ എന്നിവര്‍ക്ക് ഇതു രണ്ടാംമൂഴമാണ്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ തട്ടകമായ കൊട്ടാരക്കരയില്‍ നിന്നാണ് ഐഷാ പോറ്റി വീണ്ടും നിയമസഭയിലെത്തിയത്. വനിതാസ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടായ 74,069 നേടിയാണ് ഈ മിന്നുന്ന വിജയം അവര്‍ നേടിയത്. 20,592 വോട്ടിന്റെ ഭൂരിപക്ഷം. തോല്‍പ്പിച്ചത് പിള്ളയുടെ സ്വന്തം സ്ഥാനാര്‍ഥി ഡോ. എന്‍ എന്‍ മുരളിയെ. കുറ്റ്യാടിയില്‍ ജനവിധി തേടിയ കെ കെ ലതിക 6972 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി. രണ്ടു വനിതകള്‍ മത്സരിച്ച ഷൊര്‍ണൂരില്‍ സിപിഐ എമ്മിലെ കെ എസ് സലീഖ കോണ്‍ഗ്രസിന്റെ ശാന്താജയറാമിനെ 13,493 വോട്ടിന്് തോല്‍പ്പിച്ചാണ് നിയമസഭയില്‍ വീണ്ടും എത്തുന്നത്. പീരുമേട്ടില്‍നിന്നും രണ്ടാം തവണ ജനവിധിതേടിയ ഇ എസ് ബിജിമോള്‍ക്ക് കോണ്‍ഗ്രസിന്റെ ഇ എം ആഗസ്തിക്കെതിരെ 4777 വോട്ടിന്റെ ജയം നേടി. നാട്ടികയില്‍നിന്നും 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ഗീതാഗോപി നിയമസഭയിലേയ്ക്കുള്ള കന്നിപോരാട്ടത്തില്‍ തന്നെ വിജയം കണ്ടു. 7205 വോട്ടിന് കോവളത്തുനിന്നും നിയമസഭയിലെത്തിയ ജമീലാപ്രകാശത്തിനും ഇത് കന്നിമത്സരമായിരുന്നു.

78 വനിതകളാണ് ഇത്തവണ മത്സരിച്ചത്. മത്സരിച്ച വനിതകളില്‍ ഏറെയും സ്വതന്ത്രരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ അണിനിരത്തിയത് സിപിഐ എമ്മും. എല്‍ഡിഎഫ് 14 വനിതകളെ രംഗത്തിറക്കിയപ്പോള്‍ അതില്‍ പത്തുപേരും സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥികളായിരുന്നു. സിപിഐയുടെ മൂന്നു വനിതകളും ജനതാദള്‍ എസിന്റെ ഒരു സ്ഥാനാര്‍ഥിയും ജനവിധി തേടി. യുഡിഎഫില്‍ ജയിക്കാനായത് സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്ന് ജനവിധി തേടിയ പി കെ ജയലക്ഷ്മിക്കുമാത്രമാണ്. നിയമസഭയിലേക്ക് ഏറ്റവും കൂടുതല്‍ തവണ മത്സരിച്ചു ജയിച്ച റെക്കോഡുള്ള ജെഎസ്എസ് നേതാവ് ഗൗരിയമ്മ ദയനീയ പരാജയം രുചിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഗൗരിയമ്മയ്ക്ക് അടിതെറ്റുന്നത്. കഴിഞ്ഞതവണ അരൂരിലാണെങ്കില്‍ ഇത്തവണ ചേര്‍ത്തലയില്‍ . യുഡിഎഫിലെ മുഖ്യഘടകകക്ഷികളായ ലീഗും കേരള കോണ്‍ഗ്രസ് മാണിയും വനിതകള്‍ക്ക് സീറ്റു നല്‍കിയില്ല.

70 സ്ത്രീകള്‍ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച ഏഴു വനിതകളും എല്‍ഡിഎഫായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം എക്കാലത്തും നല്‍കിയത് എല്‍ഡിഎഫാണ്. ഏറ്റവുമധികം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടത് 1996ലെ പത്താം നിയമസഭയിലും, 13 പേര്‍ . 2001ല്‍ എട്ടുപേര്‍ വിജയം കണ്ടു. "57ലെ ഒന്നാം നിയമസഭയില്‍ ആറു വനിതകളുണ്ടായിരുന്നു. 1967ലും 77ലും ഓരോ വനിതകള്‍ മാത്രമായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്.

deshabhimani 140511

1 comment:

  1. ഇക്കുറിയും സഭയില്‍ ഏഴുവനിതകള്‍ . ആറുപേരും എല്‍ഡിഎഫില്‍നിന്ന്. കെ കെ ലതിക, അഡ്വ. പി ഐഷാപോറ്റി, കെ എസ് സലീഖ, ഇ എസ് ബിജിമോള്‍ , ഗീതാഗോപി, ജമീലാ പ്രകാശം എന്നീ എല്‍ഡിഎഫ് സാരഥികളും കോണ്‍ഗ്രസിലെ പി ജയലക്ഷ്മിയുമാണ് ഇത്തവണ സഭയിലെത്തിയത്. സമര്‍പ്പിതമായ പൊതുജീവിതത്തിലും ജനസേവനപാരമ്പര്യത്തിലും പോരാട്ടവീര്യത്തിലും മാതൃകയാക്കാവുന്ന വനിതാരത്നങ്ങളെ എല്‍ഡിഎഫ് ഇക്കുറിയും അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കെ കെ ലതിക, അഡ്വ. പി ഐഷാപോറ്റി, കെ എസ് സലീഖ, ഇ എസ് ബിജിമോള്‍ എന്നിവര്‍ക്ക് ഇതു രണ്ടാംമൂഴമാണ്.

    ReplyDelete